ഐപാഡ് അവതരിപ്പിച്ചു; പേര് ന്യൂ ഐപാഡ്



അഭ്യൂഹങ്ങളെയെല്ലാം മറികടന്ന് ആപ്പിള്‍ ഏറ്റവും പുതിയ ഐപാഡ് ടാബ്‌ലറ്റ് അവതരിപ്പിച്ചു. മൂന്നാം തലമുറ ഐപാഡിന്റെ പേര് ഐപാഡ് 3 എന്നോ എച്ച്ഡിയെന്നോ ആകുമെന്നായിരുന്നു സംശയിച്ചിരുന്നത്. എന്നാല്‍ എല്ലാം രഹസ്യമാക്കിവെക്കാനുള്ള കഴിവ് പൂര്‍ണ്ണമായും ചോര്‍ന്നുപോയിട്ടില്ലെന്ന് തെളിയിച്ച്

ആപ്പിളിന്റെ 'ന്യൂ ഐപാഡ്' പുറത്തെത്തുകയായിരുന്നു.

Advertisement

ആപ്പിള്‍ മാര്‍ച്ച് 7ന് അതായത് ഇന്നലെ ഐപാഡ് ടാബ്‌ലറ്റിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് മാസങ്ങള്‍ മുമ്പേ ഊഹാപോഹങ്ങള്‍ വ്യാപിച്ചിരുന്നു. സംഭവം വാസ്തവമായെങ്കിലും പേരില്‍ പ്രതീക്ഷിച്ച മാറ്റം ഇല്ലാതെയാണ് ഇത്തവണ ഐപാഡ് എത്തിയിരിക്കുന്നത്.

Advertisement

2048x1536 പിക്‌സലുള്ള റെറ്റിന ഡിസ്‌പ്ലെയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണഘടകം. എ5എക്‌സ് ചിപ് ഉള്‍പ്പടെ വേഗതയേറിയ പെര്‍ഫോമന്‍സിന് സഹായിക്കുന്ന ഹാര്‍ഡ്‌വെയറുമായാണ് ഈ ടാബ്‌ലറ്റ് വില്പനക്കെത്തുക.

ക്യാമറയിലും പുതുമയുമായാണ് പുതിയ ഐപാഡ് എത്തിയിരിക്കുന്നത്. 5 മെഗാപിക്‌സല്‍ ഐസൈറ്റ് ക്യാമറയാണിത്. മികച്ച ഇമേജ് എടുക്കാനും ഒപ്പം 1080പിക്‌സല്‍ എച്ച്ഡി വീഡിയോ എടുക്കാനും ഐസൈറ്റ് ക്യാമറ സഹായിക്കും.

എല്‍ടിഇ അഥവാ ലോംഗ് ടേം ഇവലൂഷന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സ്റ്റാന്‍ഡേര്‍ഡില്‍ വരുന്ന ആദ്യ ആപ്പിള്‍ ഉത്പന്നം കൂടിയാണ് പുതിയ ഐപാഡ്.ഐഒഎസ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐഒഎസ് 5.1 ആണിതില്‍ ഉള്‍പ്പെടുന്നത്.

Advertisement

4ജി പിന്തുണയോടെയെത്തുന്ന പുതിയ ഐപാഡ് രണ്ട് മോഡലുകളിലാണ് കമ്പനി അവതരിപ്പിക്കുക. വൈഫൈ, വൈഫൈ+ 4ജി എന്നിവയാണവ.

കറുപ്പും വെളുപ്പും നിറങ്ങളില്‍ ഐപാഡ് വൈഫൈ ലഭ്യമാകും. മാര്‍ച്ച് 16ന് അതായത് വെള്ളിയാഴ്ച ഇത് വില്പനക്കെത്തും. 499 ഡോളറിലാണ് വില തുടങ്ങുന്നത്. 16 ജിബിയുടെ വിലയാണത്. 32 ജിബിയ്ക്ക് 599ഡോളറും 64 ജിബിയ്ക്ക് 699 ഡോളറുമാണ് വില.

വൈഫൈയും 4ജിയും വരുന്ന ഐപാഡ് മോഡലിന് 629 ഡോളര്‍, 729 ഡോളര്‍, 829 ഡോളര്‍ എന്നിങ്ങനെയാണ് വില. യുകെ, യുഎസ് വിര്‍ജിന്‍ ഐലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, സിംഗപ്പൂര്‍, പ്യൂട്ടോറിക്കോ, ജപ്പാന്‍, ഹോങ്കോംഗ്, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ്, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതല്‍ പുതിയ ഐപാഡ് വില്പനക്കെത്തുക. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ടാബ്‌ലറ്റ് എന്ന് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Best Mobiles in India

Advertisement