വമ്പന്‍മാരോട് എറ്റുമുട്ടാന്‍ 2 സിസ്‌കോ ടാബ്‌ലറ്റുകള്‍ ഒരുങ്ങുന്നു


സിസ്‌കോ ടാബ്‌ലറ്റ് വിപണിയിലെത്തിയിട്ട് അധികകാലം ആയിട്ടില്ല.  ടാബ്‌ലറ്റ് വിപണിയിലെ ബിസ്‌നസ് വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പുതിയ രണ്ടു ടാബ്‌ലറ്റുകള്‍ കൂടി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് സിസ്‌കോ.  ഒരു ചെറിയ ടാബ്‌ലറ്റും ഒരു വലിയ ടാബ്‌ലറ്റും ആയിരിക്കും ഈ രണ്ടു ടാബ്‌ലറ്റുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2012 പകുതിയോടെ, ആഗസ്തില്‍ ഇവ രണ്ടും വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റുകളില്‍ വൈഫൈ കണക്റ്റിവിറ്റി സംവിധാനം ഉണ്ടായിരിക്കും.  പുറത്തിറങ്ങിയിട്ടുള്ള സിസ്‌കോ ടാബ്‌ലറ്റിന്റെ സ്‌ക്രീന്‍ വലിപ്പം 7 ഇഞ്ച് ആയിരുന്നു.

ഇവ പുറത്തിറങ്ങുന്നത് അടുത്ത വര്‍ഷം ആയതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി തയ്യാറായിട്ടില്ല.  രണ്ടിലും ഇന്‍-ബില്‍ട്ട് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ബിസിനസുകാരെ ഉദ്ദേശിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത ടാബ്‌ലറ്റുകളാണ് ഇവ.

ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയ ടച്ച് സ്‌ക്രീനായിരിക്കും ഈ സിസ്‌കോ ടാബ്‌ലറ്റുകള്‍ക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്.  ഇത് ബിസിനസുകാരെ കൂടുതല്‍ സഹായിക്കും, ഉപോയോഗം എളുപ്പമാക്കും എന്നൊക്കെയാണ് കരുതപ്പെടുന്നത്.

ആപ്പിള്‍, ബ്ലാക്ക്‌ബെറി തുടങ്ങിയ വമ്പന്മാര്‍ വിരാചിക്കുന്ന ബിസിനസ് ക്ലാസില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സിസ്‌കോ ശരിക്കും വിയര്‍ക്കേണ്ടി വരും എന്നുവേണം കരുതാന്‍.

അതുകൊണ്ടുതന്നെ ശരിക്കും പുതുമയുള്ള ചില ആപ്ലിക്കേഷനുകളും ഫീച്ചറുകളും എല്ലാമായി ആയിരിക്കും സിസ്‌കോ ഈ ടാബ്‌ലറ്റുകളെ വിപണിയിലെത്തിക്കുക എന്നു വേണം കരുതാന്‍.  വില, സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ച് തികച്ചും രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നുണ്ട്.  അധികം വൈകാതെ ഈ ടാബ്‌ലറ്റുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്നു പ്രത്യാശിക്കാം.

Most Read Articles
Best Mobiles in India

Have a great day!
Read more...