സാംസംഗില്‍ നിന്ന് മൂന്ന് ലാപ്ടോപുകള്; 48,000 രൂപ മുതല്‍
ഇന്ത്യന്‍ വിപണിയിലേക്ക് സാംസംഗിന്റെ സീരീസ് 9 (Notebook Series 9) ലാപ്ടോപ് എത്തി. സാംസംഗിന്റെ സീരീസ് 9 ലാപ്ടോപിന്റെ രണ്ടാം തലമുറയാണിത്. ഒരു വര്‍ഷം മുമ്പാണ് ഒന്നാം തലമുറ സീരീസ് 9 നോട്ട്ബുക്ക് സാംസംഗ് അവതരിപ്പിച്ചിരുന്നത്. കമ്പനിയുടെ ലാപ്ടോപ് ശ്രേണിയില്‍ ഏറെ പേരുകേട്ട ഒരു മോഡലാണിത്. പുതിയ സീരീസ് 9 ലാപ്ടോപിന് 1,02,990 രൂപയാണ് സാംസംഗ് പ്രഖ്യാപിച്ചിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും മെലിഞ്ഞ നോട്ട്ബുക്ക് ചേസിസ് ആണ് പുതിയ മോഡലിന് ഉള്ളതെന്ന് സാംസംഗ് അവകാശപ്പെടുന്നുണ്ട്. 13 ഇഞ്ച് സ്ക്രീന്‍ ഉള്ള മോഡലിന്റെ ഭാരം വെറും 1.16 കിലോഗ്രാം ആണ്. മുന്‍ വേര്‍ഷനേക്കാള്‍ 28 ശതമാനം കുറവാണിത്. ഇന്റല്‍ കോര്‍ ഐ7 1.90ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ലാപിന് 4 ജിബി റാം, 256ജിബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (എസ്എസ്ഡി) എന്നിവയാണ് നല്‍കിയിരിക്കുന്നത്.
മേല്പറഞ്ഞ ഈ സവിശേഷതകളെ ആപ്പിള്‍ മാക്ബുക്ക് എയറുമായി താരതമ്യം ചെയ്യാവുന്നതാണ്. 13 ഇഞ്ച് മാക്ബുക്ക് എയര്‍ എത്തുന്നത് കോര്‍ ഐ5 1.8 ജിഗാഹെര്‍ട്സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍ സഹിതമാണ്. പ്രോസസറില്‍ മാത്രമാണ് സീരീസ് 9 മുന്നിട്ടുനില്‍ക്കുന്നത്. 4 ജിബി റാം, 256 ജിബി എസ്എസ്ഡി എന്നിവയും മാക്ബുക്ക് എയറിലും സീരീസ് 9ലും തുല്യമാണ്. എന്നാല്‍ 99,900 രൂപയ്ക്ക് മാക്ബുക്ക് എയര്‍ വാങ്ങാനാകും.
സീരീസ് 9ന് പുറമെ മറ്റ് രണ്ട് നോട്ട്ബുക്ക് കൂടി സാംസംഗ് അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് സാംസംഗ് നോട്ട്ബുക്ക് സീരീസ് 5 550പി (Notebook Series 5 550P) ആണ്. 15 ഇഞ്ച് സ്ക്രീന്‍, തേഡ് ജനറേഷന് ക്വാഡ് കോര്‍ പ്രോസസര്‍, എന്‍വിദിയ ജിഫോഴ്സ് ജിടി650എം 2ജിബി ഗ്രാഫിക്സ് കാര്‍ഡ്, ജെബിഎല്‍ ഓപ്റ്റിമൈസ്ഡ് സ്പീക്കര്‍, സബ്വൂഫര്‍, ബ്ലൂറേ ഡ്രൈവ് 2 ടിബി എച്ച്ഡിഡി എന്നിവയാണ് ഇതിലെ സവിശേഷതകള്‍. വില: 62,990 രൂപ.
സാംസംഗ് നോട്ട്ബുക്ക് സീരീസ് 3 350 (Notebook Series 3 350)യാണ് മൂന്നാമത്തെ മോഡല്‍. 48,490 രൂപയ്ക്ക് വിപണിയിലെത്തുന്ന ഇതില്‍ തേഡ് ജനറേഷന് ഇന്റല്‍ കോര്‍ ഐ7 പ്രോസസറാണുള്ളത്. 7 മണിക്കൂര്‍ വരെ ബാറ്ററി ദൈര്‍ഘ്യം തരുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ ടൈറ്റന് സില്‍വര്‍, ലഗൂണ്‍ നീല, കാന്‍ഡി പിങ്ക് നിറങ്ങളിലാണ് വില്പനക്കെത്തുക.