ഏത് കടുകട്ടി പാസ്സ്‌വേർഡുകളും ഈ 3 വഴികളിലൂടെ ഹാക്ക് ചെയ്യാം; എങ്ങനെ നമുക്ക് രക്ഷ നേടാം?


ഫേസ്ബുക്കിൽ ആവട്ടെ, മറ്റു വെബ്സൈറ്റുകളിൽ ആവട്ടെ, നമ്മൾ എന്തുമാത്രം വലിയ, ആർക്കും പിടികിട്ടാത്ത ശക്തമായ പാസ്സ്‌വേർഡുകൾ സെറ്റ് ചെയ്താലും അവയെല്ലാം തന്നെ തകർത്തെറിയാൻ പറ്റുന്ന ചില സംവിധാനങ്ങളുണ്ട്. നമ്മുടെ പാസ്സ്‌വേർഡുകൾ വേറൊരാൾക്ക് വേണമെന്ന് വിചാരിച്ചാൽ സ്വന്തമാക്കാവുന്നതേ ഉള്ളൂ. അതിനായി ചില വഴികളുണ്ട്. അതിലൂടെ എളുപ്പം മറ്റുള്ളവരുടെ പാസ്സ്‌വേർഡുകൾ ഒരാൾക്ക് ലഭ്യമാകും.

Advertisement

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അത്തരത്തിൽ പാസ്സ്‌വേർഡ് ഹാക്കിങ് നടത്തുന്ന മൂന്ന് മാർഗ്ഗങ്ങളെ കുറിച്ചാണ്. പാസ്സ്‌വേർഡ് ഹാക്കിങ് പഠിപ്പിക്കാനല്ല ഇവ പറയുന്നത്, പകരം ഈ മൂന്ന് മാർഗ്ഗങ്ങൾ എന്താണെന്ന് മനസ്സിലാക്കാനും അവയിൽ നിന്നും എങ്ങനെ നമ്മുടെ പാസ്സ്‌വേർഡുകളെ സംരക്ഷിക്കാം എന്നും ഉദ്ദേശിച്ചാണ് ഈ കാര്യങ്ങൾ ഇവിടെ പറയുന്നത്.

Advertisement

1. കീലോഗർ

കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുന്ന ഒരു സോഫ്ട്‍വെയർ ആണ് കീലോഗർ. ആരുടെ വിവരങ്ങളും പാസ്സ്‌വേർഡുകളും ആണോ വേണ്ടത് അവരുപയോഗിക്കുന്ന കംപ്യൂട്ടറിൽ അവരറിയാതെ ഈ സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്യും. ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ ഈ ആപ്പ് ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിൽ കംപ്യൂട്ടറിൽ അപ്രത്യക്ഷമായിട്ടാവും ഇരിക്കുക. ശേഷം അവർ ആ സിസ്റ്റം ഉപയോഗിക്കുമ്പോൾ കീസ്ട്രോക്കുകൾ എല്ലാം തന്നെ പിടിച്ചെടുത്ത് വിവരങ്ങൾ ലഭ്യമാക്കും. അവ ഒരു മെയിൽ വഴി ഹാക്ക് ചെയ്യുന്ന ആൾക്ക് ലഭിക്കുകയും ചെയ്യും. ഇത് കൂടാതെ ഹാർഡ്‌വെയർ ആയിട്ടുള്ള യുഎസ്ബി ടൈപ്പ് കീലോഗറുകളും ഉണ്ട്.

ഇതിൽ നിന്നും രക്ഷ നേടാനായി ഒരു ഫയർവാൾ ഉപയോഗിക്കുക, ഒരു പാസ്സ്‌വേർഡ് മാനേജർ ഉപയോഗിക്കുക, സോഫ്ട്‍വെയർ അപ്ഡേറ്റുകൾ കൃത്യമായി ചെയ്യുക എന്നീ മാർഗ്ഗങ്ങൾ അവലംബിക്കുക.

 

2. കൃത്വിമ വൈഫൈ ഉണ്ടാക്കുക വഴി

ആരുടെ പാസ്സ്‌വേർഡും മറ്റു വിവരങ്ങളുമാണോ വേണ്ടത് അവരുടെ അടുത്തായി ഹാക്കർക്ക് എത്താൻ പറ്റിയാൽ അവിടെ വെച്ച് ഒരു കൃത്വിമ വൈഫൈ ഉണ്ടാക്കിയെടുത്ത് അതുവഴി അവരെ ലോഗിൻ ചെയ്യിപ്പിച്ച് വിവരങ്ങൾ ചോർത്തിയെടുക്കാൻ പറ്റും. ഒരു ഫ്രീ വൈഫൈ കാണുന്നതോടെ ചാടിക്കയറി ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ ഇതുവഴി എളുപ്പം ഹാക്ക് ചെയ്യപ്പെടും. വൈഫൈ പംകിൻ പോലുള്ള ആപ്പുകൾ കൃത്വിമ വൈഫൈ ഉണ്ടാക്കാനായി ഇവർ ഉപയോഗിക്കുന്നു. MITM പോലുള്ള സംവിധാനങ്ങൾ വഴി നമ്മൾ എന്റർ ചെയ്യുന്ന പാസ്സ്‌വേർഡും മറ്റു വിവരങ്ങളും അവർക്ക് കിട്ടുകയും ചെയ്യുന്നു.

ഇതിൽ നിന്നും സുരക്ഷാ ലഭിക്കാനായി ഒരൊറ്റ മാർഗ്ഗമേ ഉള്ളൂ. പറയാതെ തന്നെ അറിയാമല്ലോ, ഫ്രീ എന്ന് കാണുമ്പോഴേക്കും, അത് ഏതാണ് എവിടെ നിന്നും വരുന്നതാണ് എന്നൊക്കെ ഒന്ന് അന്വേഷിച്ചു മനസ്സിലാക്കി മാത്രം അത്തരം വൈഫൈ നെറ്വർക്കുകൾ ഉപയോഗിക്കുക. സുരക്ഷിതമല്ല എന്ന് തോന്നുകയാണെങ്കിൽ ഉപയോഗിക്കരുത്.

3. കൃത്വിമ ലോഗിൻ പേജ് വഴി

ഇത് അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ്. സംഭവം ഇത്രയേ ഉള്ളൂ, ഉദാഹരണമായി ഒരു ഫേസ്ബുക്ക് പാസ്സ്‌വേർഡ്‌ ആണ് ഹാക്കർക്ക് വേണ്ടത് എങ്കിൽ ഫേസ്ബുക്കിനോട് സമാനമായ അതേപോലുള്ള കൃത്യമായ ഒരു ലോഗിൻ പേജ് ആദ്യം അവർ ഉണ്ടാക്കിയെടുക്കുന്ന. ശേഷം ആ ലിങ്ക് ഹാക്ക് ചെയ്യപ്പെടേണ്ട ആൾക്ക് അയച്ചു കൊടുക്കുകയോ, അതല്ലെങ്കിൽ അതുവഴി ലോഗിൻ ചെയ്യിപ്പിക്കാൻ അവസരമുണ്ടാക്കുകയോ ചെയ്യും. ഇതിലൂടെ ലോഗിൻ ആകുമോ അതും ഇല്ല, പാസ്സ്‌വേർഡും യൂസർ നെയിമും അടക്കമുള്ള വിവരങ്ങൾ ഹാക്കർക്ക് ലഭിക്കുകയും ചെയ്യും. ഇത് അൽപ്പം ബുദ്ധിമുട്ടുള്ള ഒരു സംവിധാനമാണ് എങ്കിലും ആവശ്യം പോലെയിരിക്കും എല്ലാം.

ഇവയിൽ നിന്ന് രക്ഷപ്പെടാനായി കണ്ട മെയിലുകളിൽ നിന്ന് വരുന്ന ലിങ്കുകളിലെല്ലാം കയറി ക്ലിക്ക് ചെയ്യാതിരിക്കുക. സുരക്ഷ അധികം കൊടുക്കേണ്ട വെബ്സൈറ്റുകളിൽ കയറുമ്പോൾ എല്ലാം തന്നെ ആ സൈറ്റിന്റെ അഡ്രസ് ശരിയാണോ എന്ന് ഉറപ്പുവരുത്തുക.

 

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

ഈ മൂന്ന് മാർഗ്ഗങ്ങൾ മാത്രമൊന്നുമല്ല പാസ്സ്‌വേർഡ് ഹാക്ക് ചെയ്യാനായി ലഭ്യമായിട്ടുള്ളത്. ഇതിനെക്കാളും മികച്ച പല സംവിധാനങ്ങളും ഇന്ന് ലഭ്യമാണ്. ഇവ കൂടാതെ നമ്മളൊക്കെ ചെയ്യുന്ന പല ചെറിയ ചെറിയ എളുപ്പവഴികളും മാർഗ്ഗങ്ങളും വേറെയുമുണ്ട്. പാസ്സ്‌വേർഡ് റീസെറ്റ് റിക്വസ്റ്റ് വഴി ഫേസ്ബുക്ക് പാസ്സ്‌വേർഡ് ലഭ്യമാക്കുന്നത് മുതൽ വ്യത്യസ്തമായ പല മാർഗ്ഗങ്ങളും പലരും പരീക്ഷിക്കുന്നു.

ഇതൊക്കെ ഏതോ വലിയ വലിയ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമൊക്കെ അല്ലെ പ്രശ്നമുണ്ടാക്കൂ, നമ്മളെ പോലെ സാധാരണക്കാരെ ആര് ഹാക്ക് ചെയ്യാൻ എന്നൊന്നും ആലോചിക്കേണ്ടതില്ല, കാരണം നമ്മുടെ വിവരങ്ങൾ കിട്ടിയാൽ നമ്മുടെ ഐഡി ഉപയോഗിച്ച് പലതും പലർക്കും ചെയ്യാൻ കഴിയും എന്ന് മനസിലാക്കുക. അതിനാൽ പറഞ്ഞുവരുന്നത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അനാവശ്യ ലിങ്കുകളുടെയും അപ്പുകളുടെയും ഉപയോഗവും മറ്റുമൊക്കെ കുറയ്ക്കുക, ഫ്രീ വൈഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, ഇന്റർനെറ്റ് കഫേ, മറ്റുള്ളവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവ വഴി വിലയേറിയ ഡാറ്റകൾ ഉള്ള വെബ്സൈറ്റുകൾ ഉപയോഗിക്കാതിരിക്കുക. ഇതൊക്കെ ശ്രദ്ധിച്ചാൽ നല്ലത്.

 

സ്ട്രോങ്ങായ ഓർമയിൽ നിൽക്കുന്ന ആർക്കും ഊഹിക്കാൻ പറ്റാത്ത പാസ്സ്‌വേർഡ്‌ എങ്ങനെ ഉണ്ടാക്കാം?

ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി നിരവധി സൈറ്റുകളിലും ആപ്പുകളിലുമായി നമ്മളുടെ അക്കൗണ്ടുകൾ ഇങ്ങനെ വ്യാപിച്ചു കിടക്കുകയായിരിക്കുമല്ലോ. പല അക്കൗണ്ടുകൾ, പല യൂസർനെയിമുകൾ, പല പാസ്സ്‌വേർഡുകൾ എന്നിങ്ങനെ ഓർമിച്ചെടുക്കാൻ പോലും പലപ്പോഴും ബുദ്ധിമുട്ടായിരിക്കും പലതും.

പലപ്പോഴും അത്യാവശ്യമായി ഏതെങ്കിലും ഒരു വെബ്‌സൈറ്റിലോ ആപ്പിലോ ഒരു അക്കൗണ്ട് ഉണ്ടാക്കി പിന്നീട് ആ പാസ്സ്‌വേർഡ് ഓർമിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. ചിലപ്പോൾ നമ്മൾ കൊടുത്ത പാസ്സ്‌വേർഡ് അതിന്റെ ശക്തി കുറവായത് കാരണം മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിച്ചെടുത്ത് തുറക്കാൻ സാധിക്കാറുമുണ്ട്. ഇതിനൊക്കെ പരിഹാരം നല്ല സ്ട്രോങ്ങ് ആയ പാസ്സ്‌വേർഡ് ഉണ്ടാക്കുക എന്നത് മാത്രമാണ്. പക്ഷെ ഓർമിച്ചെടുക്കാനും കൂടെ പറ്റുന്നതാവണം. ഇത്തരത്തിൽ സ്ട്രോങ്ങ് ആയ ഒരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കുന്നതിന്റെ ചില വഴികൾ വിവരിക്കുകയാണിവിടെ.

പാസ്സ്‌വേർഡിൽ ഉണ്ടായിരിക്കേണ്ടതും ഉണ്ടാവാൻ പാടില്ലാത്തതും

കുറഞ്ഞത് 12 കാരക്ടറുകൾ ഉണ്ടായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. നീളം കൂടുംതോറും ശക്തി കൂടും.

അക്ഷരങ്ങൾ മാത്രമാക്കാതെ നമ്പറുകൾ, സിംബലുകൾ, അക്ഷരങ്ങൾ തന്നെ വലിയക്ഷരം, ചെറിയക്ഷരം എന്നിങ്ങനെ എല്ലാ തരം കാരക്ടറുകളും ഉൾകൊള്ളിക്കുക.

കഴിവതും ഡിക്ഷണറി വാക്കുകൾ, അതായത് നേരെ ചൊവ്വേയുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുക.

വീട്ടുപേര്, കുടുംബാങ്ങങ്ങളുടെ പേര്, ജന്മദിനം, ജനിച്ച വർഷം, കാമുകിയുടെ പേര്, പേരിന്റെ അക്ഷരങ്ങൾ തുടങ്ങി ആളുകൾക്ക് ഊഹിക്കാൻ പറ്റുന്നതായി യാതൊന്നും തന്നെ കൊടുക്കാതിരിക്കുക.

പാസ്സ്‌വേർഡിൽ എല്ലാംകൂടി ഇടകലർത്തി കൊടുക്കുക. ഒരു ഓർഡറിൽ കൊടുക്കാതിരിക്കുന്നത് നല്ലത്.

പാസ്സ്‌വേർഡ് ഓർമിച്ചിരിക്കാൻ ചില വഴികൾ

പലരും പ്രശ്നം നേരിടുന്നത് ഇവിടെയാണ്. കൃത്യമായി പാസ്സ്‌വേർഡ് ഓർമിച്ചെടുക്കാൻ പറ്റില്ല. അവസാനം ഫോർഗോട്ട് പാസ്‌വേർഡും ഓടിപിയുമെല്ലാം അഭയം തേടേണ്ടി വരും. എങ്ങനെ പാസ്സ്‌വേർഡ് കൃത്യമായി ഓര്മിച്ചെടുക്കാം എന്നതിന് ഇന്നത് എന്നൊരു മാർഗ്ഗമൊന്നുമില്ല.

നിങ്ങൾ ഫോണിന്റെയിയോ കംപ്യൂട്ടറിന്റെയോ മുന്നിലിരുന്ന് ഒരു പാസ്സ്‌വേർഡ് സെറ്റ് ചെയ്യാൻ പോകുന്ന സമയത്ത് നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന നിങ്ങൾക്ക് മാത്രം അറിയാവുന്ന മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ പറ്റാത്ത എന്നാൽ എളുപ്പമുള്ളതും കൂടിയായ വാക്കുകൾ കൊടുക്കുക. തുടർന്ന് അവ മുകളിൽ പറഞ്ഞ പോലെ അക്ഷരങ്ങളും സിംബലുകളുമെല്ലാം കൂട്ടി യോജിപ്പിക്കുക. ജീവിതത്തിൽ നിങ്ങൾ അമിതമായി പ്രാധാന്യം നൽകുന്നതൊന്നും പക്ഷെ കൊടുക്കരുത്.

മറ്റൊരു മാർഗ്ഗം, നിങ്ങൾ ഒരു നമ്പർ, അതായത് നാല് അക്ഷരമെങ്കിലുമുള്ള ഒരു നമ്പർ, പ്രത്യകിച്ച് നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു നമ്പർ എഴുതുക. എങ്ങനെയെങ്കിലും അത് മനഃപാഠമാക്കുക. തുടർന്ന് അതിനോട് നേരത്തെ പറഞ്ഞ പോലെ നിങ്ങളുടേതായ ചില വാക്കുകളും കൂട്ടി സിംബലുകൾക് ചേർത്ത് യോജിപ്പിച്ചെടുക്കാം

 

ഒരു ഉദാഹരണം

ഉദാഹരണം 6817 എന്നൊരു നാലക്ക നമ്പർ ആണ് എടുത്തത് എന്ന് സങ്കല്പിക്കുക. തീർത്തും നിങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത ഒരു നമ്പർ. അതിലേക്ക് ഉദാഹരണത്തിന് നിങ്ങളുടെ പഴയകാല പ്രിയ സിനിമകളിലൊന്ന് chithram എന്ന് കൂട്ടിയപ്പോൾ chithram6817 കിട്ടി. ഇതിന്റെ ആദ്യ അക്ഷരം വലുതാക്കുക. Chithram6817. ഇതിലേക്ക് സിംബലുകൾ ചേർക്കുക. Chithram@6817. പാസ്സ്‌വേർഡ്‌ തയാർ. ലളിതമായ ഓർമിക്കാൻ എളുപ്പമുള്ള എന്നാൽ നിങ്ങളുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തിൽ ഇല്ലാത്തതുമായ ഒരു പാസ്സ്‌വേർഡ് ഇങ്ങനെ ഉണ്ടാക്കാം.

പാസ്സ്‌വേർഡ് മാനേജർ എന്ന എളുപ്പമുള്ള മാർഗ്ഗം

നല്ലൊരു പാസ്സ്‌വേർഡ് ഉണ്ടാക്കുക എന്ന കാര്യം വരുമ്പോൾ ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ ലളിതമായി തന്നെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ഉപയോഗിക്കുക എന്നത്. നിലവിൽ ഒട്ടനവധി പാസ്സ്‌വേർഡ് മാനേജറുകൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യവുമാണ്. Dashlane അത്തരത്തിൽ നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ആണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഇവ ഉപയോഗിച്ച് നല്ല സ്ട്രോങ്ങ് പാസ്സ്‌വേർഡുകൾ ഉണ്ടാക്കാം.

Best Mobiles in India

English Summary

Here I am sharing 3 ways to hack any passwords and how to protect yourself from these hacking.