നിങ്ങളുടെ ഫോണിലെ ഒരു ശതമാനം ചാർജ്ജ് പോലും വിലപ്പെട്ട ഒരുപിടി ജീവനുകൾ രക്ഷിച്ചേക്കും!


മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഏറ്റവും വലിയ ദുരന്തത്തിന് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുകയാണല്ലോ. പേമാരിയിൽ പൊളിഞ്ഞ ജീവനുകൾക്കും നശിച്ച വീടുകൾക്കും കണക്കില്ല. മരണസംഖ്യയും നാശനഷ്ടങ്ങളുടെ കണക്കും തുടർന്നുകൊണ്ടിരിക്കുകയാണ്. സർക്കാരും അധികൃതരും പൊതുജനങ്ങളും മറ്റു രക്ഷാപ്രവർത്തകരും ഒപ്പം ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും അവയ്ക്ക് പുറമെ സോഷ്യൽ മീഡിയയും എല്ലാം തന്നെ ഒറ്റക്കെട്ടായി സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നിനെ നേരിടുമ്പോൾ ഇതിൽ നിങ്ങൾക്കും ചെയ്യാൻ ചിലതുണ്ട്.

Advertisement

ഫോണിലെ ബാറ്ററി പരമാവധി ലാഭിക്കാൻ ഈ 8 കാര്യങ്ങൾ പാലിക്കുക

നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ. നിങ്ങളുടെ ഫോണുമായി ബന്ധപ്പെട്ട ആ കാര്യങ്ങൾ പറയുകയാണ് ഇവിടെ. ഈ കാര്യങ്ങൾ ഒരുപക്ഷെ പല ജീവനുകളെയും രക്ഷിക്കാൻ വരെ കാരണമായേക്കും. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും ഭാഗികമായും തകർന്നിരിക്കുന്നു ഈ സാഹചര്യത്തിൽ നിങ്ങളുടെ ഫോൺ പരമാവധി ബാറ്ററി എങ്ങനെ നിലനിർത്താം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നെല്ലാം എളുപ്പം മനസ്സിലാകുന്ന രീതിയിൽ വിവരിക്കുകയാണ് ഇവിടെ. അപ്പോൾ താഴെ പറയാൻ പോകുന്ന ഈ 8 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുമല്ലോ.

Advertisement
1. മൊബൈൽ ഡാറ്റ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം ഫോണിലെ ഇന്റർനെറ്റ് ഓൺ ചെയ്യുക. അനാവശ്യമായി ഓരോന്ന് കളിച്ച് ഫോണിലെ ബാറ്ററി പെട്ടെന്ന് തീർക്കാതിരിക്കുക. പിന്നീട് ആവശ്യം വരുമ്പോൾ ചാർജ്ജ് ചെയ്യാൻ വൈദ്യുതി ഉണ്ടായിരിക്കണം എന്നില്ല.

2. പവർ സേവിങ്‌ മോഡ് ഉപയോഗിക്കുക

ഫോണിലെ ബാറ്ററി കൂടുതൽ ലാഭിക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം പവർ സേവിങ്‌ മോഡ് ഓൺ ചെയ്യുക എന്നതാണ്. ഓരോ ഫോണുകളിലും സെറ്റിങ്ങ്സുകൾ വ്യത്യസ്തമാണെങ്കിലും ഇതുകൊണ്ട് ലഭിക്കുന്ന ഉപകാരം അല്പമധികം ബാറ്ററി ലാഭിക്കാനാകും എന്നതാണ്.

3. ഒരു സംഘത്തിലെ എല്ലാവരും ഫോണുകൾ ഉപയോഗിക്കേണ്ടതില്ല

ഒരുകൂട്ടം ആളുകൾ എവിടെയെങ്കിലും ഒറ്റപ്പെടുകയോ അല്ലെങ്കിൽ വൈദ്യുതി ഇല്ലാതെ ഒപ്പം വേണ്ടത്ര സഹായം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആവുകയോ ചെയ്‌താൽ എല്ലാവരും ഫോണുകൾ ഓൺ ചെയ്തുവെക്കുന്നത് ഒഴിവാക്കുക. അവശ്യ കോളുകൾ ചെയ്ത ശേഷം ഒന്നോ രണ്ടോ ഫോണുകൾ മാത്രം ഓൺ ചെയ്തുവെക്കുക.

4. അത്യാവശ്യം നിങ്ങൾക്ക് വേണ്ട നമ്പറുകൾ കടലാസിൽ എഴുതിവെക്കുക

അത്യാവശ്യം നിങ്ങൾക്ക് വേണ്ട നമ്പറുകൾ ഒരു കടലാസിലോ മറ്റോ എഴുതിവെക്കുക. ഫോൺ പൂർണ്ണമായും ഓഫ് ആയി വൈദ്യുതി ഇല്ലാത്ത സാഹചര്യം കൂടെ വന്നാൽ ആരെയെങ്കിലും വിളിക്കേണ്ടി വന്നാൽ ഉപകാരപ്പെടും.

5. അനാവശ്യ ആപ്പുകൾ എല്ലാം തന്നെ ഒഴിവാക്കുക

ഫോണിലെ ബാറ്ററി വേഗം തീർക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് ആപ്പുകൾ തന്നെയാണ്. അതിനാൽ ഈ സമയത്ത് തത്കാലത്തേക്ക് നിങ്ങളുടെ ഫോണിൽ ആവശ്യം വേണ്ട ആപ്പുകൾ ഒഴികെ ബാക്കിയെല്ലാം തന്നെ ഒഴിവാക്കുക. ഒഴിവാക്കാനായി settings> app settings വഴി കയറുക.

6. വൈബ്രെഷൻ വേണ്ട

കോൾ വരുമ്പോൾ ഉള്ളതും ടൈപ്പ് ചെയ്യുമ്പോൾ ഉള്ളതുമായ സകല വൈബ്രെഷനുകളും ഒഴിവാക്കുക. ബാറ്ററി തീർക്കുന്നതിൽ ചെറിയൊരു പങ്ക് ഇവയ്ക്കും ഉണ്ട് എന്നത് തന്നെ കാരണം.

7. വെളിച്ചം പരമാവധി കുറയ്ക്കുക

ഫോണിലെ വെളിച്ചം കഴിവിന്റെ പരമാവധി കുറയ്ക്കുക എന്നത് പലർക്കും അറിയാവുന്ന ഒന്നാണല്ലോ. എങ്കിലും ഇതും അറിയാത്തവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ഫോൺ സ്ക്രീൻ ആണ് ഏറ്റവുമധികം ബാറ്ററി കുറയ്ക്കുന്ന ഒന്ന് എന്നത് മനസ്സിൽ വെക്കുക.

8. ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള ആപ്പുകളുടെ ഉപയോഗം കുറയ്ക്കുക

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകൾ ഏറെ ബാറ്ററി എടുക്കുന്ന ആപ്പുകളാണ്. എന്നാൽ ഈ സാഹചര്യത്തിൽ ദുരന്തവുമായി ബന്ധപ്പെട്ട പല അറിയിപ്പുകളും ഇവ വഴി വരുന്നുണ്ട് എന്നതിനാൽ ഒഴിവാക്കാൻ തത്കാലം സാധിക്കാത്തതിനാൽ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

Best Mobiles in India

English Summary

8 Methods To Keep Lasting Your Smartphone Battery During This Kerala Flood Situation.