ഒരു പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിയാൽ അതിൽ ആദ്യം ചെയ്യേണ്ട 8 കാര്യങ്ങൾ!


പണ്ടത്തെപോലെയല്ല, ഇന്ന് ആളുകൾ ഫോണുകൾ മാറ്റുന്നതിന് എടുക്കുന്ന ഇടവേളകൾ കുറഞ്ഞുവരികയാണ്. അഞ്ചും ആറും മാസം ഇടവേളകളിൽ ഫോൺ മാറ്റുന്നവർ വരെയുണ്ട്. എന്തായാലും പറഞ്ഞുവരുന്നത് ഇത്തരത്തിൽ സ്മാർട്ഫോണുകൾ മാറ്റുന്നതിനെ കുറിച്ചല്ല, അത് വേറെ വിഷയം. ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്.

1. സെറ്റപ്പ് വിസാർഡ്

ഇത് പ്രത്യേകം പറയേണ്ട ആവശ്യമില്ല, നമുക്കറിയാം ആൻഡ്രോയിഡ് ഫോൺ ആദ്യമായി തുറന്നുവരുമ്പോൾ ഉള്ള സെറ്റപ്പ് ഓപ്ഷൻ. എങ്കിലും അറിയാത്തവരുടെ അറിവിലേക്കായും തുടക്കം എന്ന നിലയിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമായതിനാലും സൂചിപ്പിക്കുകയാണ്. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ വിവരങ്ങളും എല്ലാം നൽകി ഇത് പൂർത്തിയാക്കാം.

2. ഫോൺ തുറന്നുവന്നാൽ ആദ്യം ചെയ്യേണ്ട കാര്യം

ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അതിൽ കമ്പനി വഴി ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഒരുപിടി ആപ്പുകൾ ഉണ്ടാവും. പലതും നമുക്ക് യാതൊരു വിധ ഉപകാരമോ ആവശ്യമോ ഇല്ലാത്തതായിരിക്കും. എന്നാൽ കാര്യമായ മെമ്മറി എടുക്കുന്നവയായവും ഇതിൽ പലതും. അതിനാൽ ഫോൺ കയ്യിൽ കിട്ടിയാൽ ഇത്തരം ആവശ്യമില്ലാത്ത ആപ്പുകൾ എല്ലാം തന്നെ ആദ്യം ഡിസേബിൾ ചെയ്യുക. ഇതിനായി ആപ്പ് സെറ്റിങ്‌സിൽ പോയിട്ട് ഏത് ആപ്പ് ആണോ ഡിസേബിൾ ചെയ്യേണ്ടത് അത് തിരഞ്ഞെടുത്ത് അതിലെ ഒപ്ഷൻസിൽ വെച്ച് ഡിസേബിൾ ചെയ്യാം. റൂട്ട് ചെയ്ത ഫോൺ ആണെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാനും സാധിക്കും.

3. ബാറ്ററി തീർക്കുന്ന വൈബ്രെഷൻ

പലരും പിന്നീട് ചെയ്യാം എന്നുകരുതി മാറ്റി വെക്കുകയോ അല്ലെങ്കിൽ ശരിയാം വിധം ഓഫ് ചെയ്യാൻ അറിയാതിരിക്കുകയോ ചെയ്യുന്നത് കാരണം ഫോണിൽ ഇതേ രീതിയിൽ തുടരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ടച്ച് ചെയ്യുമ്പോൾ, പ്രത്യേകിച്ച് നാവിഗേഷൻ ബട്ടണുകളിൽ ടച്ച് ചെയ്യുമ്പോൾ നിർത്താതെ വൈബ്രേഷൻ, സൗണ്ട് എന്നിവ ഉണ്ടാകും. ഇത് ബാറ്ററി പെട്ടെന്ന് തന്നെ തീരാൻ നല്ലൊരു കാരണവുമാണ്. സൗണ്ട് സെറ്റിങ്സിൽ അതർ സൗണ്ട്സ് സെറ്റിങ്സിൽ പോയാൽ ഇവ ഓഫ് ചെയ്തു വെക്കാം. അതുപോലെ കീബോർഡ് സെറ്റിങ്സിൽ കയറി അവിടെയും ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈബ്രെഷൻ ഓഫ് ചെയ്തുവെക്കുക. ഒരേ സമയം അരോചകവും ബാറ്ററി കാർന്നു തിന്നുന്നതുമാണ് ടൈപ്പ് ചെയ്യുമ്പോളുള്ള ഈ വൈബ്രെഷൻ.

4. പഴയ ഫോണിലെ കോണ്ടാക്ടുകൾ

ആദ്യം പറഞ്ഞ ഫോൺ തുറന്നുവരുമ്പോളുള്ള സെറ്റപ്പ് വിസാർഡിൽ നമ്മുടെ ഗൂഗിൾ അക്കൗണ്ട് കൊടുത്ത് തുടങ്ങുന്നതോടെ പഴയ ആൻഡ്രോയിഡ് ഫോണിൽ ഉപയോഗിച്ചിരുന്ന ഇതേ ഗൂഗിൾ അക്കൗണ്ടിൽ സേവ് ചെയ്യപ്പെട്ട കോണ്ടാക്ടുകൾ എല്ലാം തന്നെ നമ്മുടെ ഈ പുതിയ ഫോണിലേക്കും എത്തിയിട്ടുണ്ടാകും. അതുകൊണ്ട് അവിടെ പ്രത്യേകം ഒന്നും ചെയ്യേണ്ടതില്ല.

5. അത്യാവശ്യം വേണ്ട ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ

അടുത്തതായി അത്യാവശ്യം നമുക്ക് വേണ്ട എല്ലാ ആപ്പുകളും തന്നെ പ്ളേ സ്റ്റോറിൽ കയറി ഇൻസ്റ്റാൾ ചെയ്തെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ മുമ്പുള്ള ഫോണിൽ ഉപയോഗിച്ചിരുന്ന പല ആപ്പുകളും ഏതൊക്കെയായിരുന്നു എന്ന് നമുക്ക് ഓർമ്മ വരുന്നില്ല എങ്കിൽ പ്ളേ സ്റ്റോറിൽ മുകളിൽ ഇടത്ത് ഭാഗത്ത് ക്ലിക്ക് ചെയ്ത് 'My apps & games' ക്ലിക്ക് ചെയ്ത് അതിൽ മൂന്നാമത്തെ ഓപ്ഷൻ ആയ 'Library'യിൽ ക്ലിക്ക് ചെയ്യുക. അവിടെ നമ്മൾ ഇത്രയും കാലം പല ഫോണുകളിലായി ഇൻസ്റ്റാൾ ചെയ്ത എല്ലാ ആപ്പുകളുടെയും ലിസ്റ്റ് കാണാം. അതിൽ നിന്ന് നമുക്ക് എളുപ്പം നമ്മുടെ പഴയ ഫോണിൽ ഉണ്ടായിരുന്ന ആപ്പുകൾ കണ്ടെത്താൻ സാധിക്കും.

6. വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ

വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തുടക്കം തന്നെ ഒരു റീസ്റ്റോർ ഓപ്ഷൻ സാധിക്കും. ഇത് എന്താണെന്ന് പലർക്കും ഇന്നും അറിയില്ല. നിങ്ങളുടെ പഴയ വാട്സാപ്പ് ചാറ്റുകൾ ഗൂഗിളിലേക്ക് ബാക്കപ്പ് ചെയ്തുവെച്ചതിന്റെ റീസ്റ്റോർ ചെയ്യാനുള്ള ഓപ്ഷൻ ആണിത്. അത് ക്ലിക്ക് ചെയ്‌താൽ പഴയ വാട്സാപ്പ് ചാറ്റുകൾ അതേപോലെ പുതിയ ഫോണിലും എത്തും.

7. ഏത് കീബോർഡ് ഉപയോഗിക്കണം?

ഇത് പലർക്കും സംശയമുള്ള കാര്യമാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവരും എഴുതുന്നവരുമെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യം കൂടിയാണിത്. ഫോണിൽ ഇൻബിൽറ്റ് ആയി വരുന്ന കീബോർഡ് പലപ്പോഴും എല്ലാ സൗകര്യങ്ങളോടും കൂടിയായിരിക്കില്ല വരിക. പ്രത്യേകം മികച്ച രീതിയിൽ മലയാളം ടൈപ്പ് ചെയ്യാനുള്ള ഓപ്ഷൻ. അതിനാൽ തന്നെ പ്ളേ സ്റ്റോറിൽ നിന്നും ഗൂഗിൾ ഇൻഡിക് കീബോർഡ് അല്ലെങ്കിൽ ഗൂഗിൾ കീബോർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇൻസ്റ്റാൾ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

8. മറ്റു സെറ്റിങ്ങ്സുകൾ

ഇതിന് പുറമെയായി നമ്മൾ ശ്രദ്ധിക്കേണ്ട മറ്റു സെറ്റിങ്ങ്സുകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അവ ഓരോന്നായി നമുക്ക് സെറ്റ് ചെയ്ത് തുടങ്ങാം. നല്ലൊരു ലോഞ്ചർ ആണ് ഇതിൽ ആദ്യമായി വേണ്ടത്. നോവ ലോഞ്ചർ ആർക്കും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന നല്ലൊരു ലോഞ്ചർ ആണ്. ഇതിന് പുറമെ മറ്റു ആപ്പുകളും ആവശ്യമായ സെറ്റിങ്ങ്സുകളും എല്ലാം തന്നെ സെറ്റ് ചെയ്ത് പുതിയ ഫോൺ ഉപയോഗിച്ചുതുടങ്ങാം.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

8 Things to Do When You Buy A New Android Smartphone.