ഇപ്പോഴും പഴയ നോട്ടീസ് യുഗത്തിലാണോ? ഇന്റർനെറ്റ് വഴി എളുപ്പം നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്തൂ..


എന്ത് തന്നെയായാലും കാലത്തിനൊത്ത മാറ്റങ്ങൾ നമ്മുടെ സകല മേഖലകളിലും നമ്മൾ വരുത്തേണ്ടത് അനിവാര്യമാണല്ലോ. ഇവിടെ ഈ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമ്മളെ സംബന്ധിച്ചേടത്തോളം എല്ലാ കാര്യങ്ങളും ഇന്റർനെറ്റ് എന്ന ചുവരുകൾക്കുള്ളിൽ ചുരുങ്ങിയിരിക്കുകയാണ്. ഈയവസരത്തിൽ നല്ല രീതിയിൽ ഒരു ബിസിനസ് നടത്തിക്കൊണ്ടുപോകാനും അത് വിജയകരമാക്കാനും ഡിജിറ്റൽ മാർക്കറ്റിങ് കൂടിയേ തീരൂ എന്നതും നമ്മൾ മനസ്സിലാക്കണം.

Advertisement

നാടോടുമ്പോൾ നടുവേ..

വെറും പത്രപരസ്യങ്ങളും നോട്ടീസുകളും പോസ്റ്ററുകളും അടിച്ചുവിടുന്ന വിപണനതന്ത്രമൊക്കെ മാറി. ഇന്ന് എല്ലാം ഡിജിറ്റൽ ആണ്. അതിനാൽ തന്നെ നിങ്ങൾ നടത്തുന്നത് ഏതൊരു സ്ഥാപനമായാലും ബിസിനസ് ആയാലും ഡിജിറ്റൽ മാർക്കറ്റിങിന്റെ ആദ്യ പാഠങ്ങൾ അറിഞ്ഞിരിക്കുന്നത് ഏറെ നന്നാകും. അത്തരത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ വിവരിക്കുകയാണ് ഇവിടെ. ഇതിലൂടെ നിങ്ങളുടെ ബിസിനസ്സിൽ ചെറുതായെങ്കിലും നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ സാധിക്കും.

Advertisement
ഒരു വെബ്സൈറ്റ് സ്വന്തമായി ഉണ്ടായിരിക്കണം

നിങ്ങളുടെ ബിസിനസ് ഇന്റർനെറ്റ് വഴി വ്യാപിപ്പിക്കാൻ ഇന്നുള്ളത്തിൽ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് സ്ഥാപനത്തിന്റെ അല്ലെങ്കിൽ സംരംഭത്തിന്റെ സ്വന്തമായുള്ള ഒരു വെബ്സൈറ്റ് ഉണ്ടാക്കുക എന്നത്. നിങ്ങളുടെ ബിസിനസ് സംബന്ധമായ സകല കാര്യങ്ങളും ഏതൊരാൾക്കും എളുപ്പം മനസ്സിലാക്കിയെടുക്കാൻ ഈ വെബ്സൈറ്റ് സഹായകമാകും. പണ്ടത്തെ പോലെ കയ്യിൽ ഒതുങ്ങാത്ത വിലയൊന്നുമില്ല ഇപ്പോൾ ഒരു വെബ്സൈറ്റ് തുടങ്ങുന്നതിന്. അതിനാൽ ഡിജിറ്റൽ ആയി നിങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാൻ ഉദേശിക്കുന്നുണ്ടെങ്കിൽ ആദ്യമായി ചെയ്യേണ്ടത് ഈ കാര്യമാണ്.

ഉപഭോക്താക്കളുടെ നിർദേശങ്ങൾ മനസ്സിലാക്കുക

ഇത് പലരും വീഴ്ച വരുത്തുന്ന ഒന്നാണ്. ഓണ്ലൈനായി നിങ്ങളുടെ വെബ്സൈറ്റ് വഴിയോ സോഷ്യൽ മീഡിയ വഴിയോ മെയിൽ വഴിയോ നിങ്ങൾക്ക് ലഭിക്കുന്ന ഫീഡ്ബാക്കുകൾ അത് എത്ര തന്നെ ചെറുതായാലും വലുതായാലും തള്ളിക്കളയരുത്. താൻ പിടിച്ച മുയലിന് മൂന്ന് ചെവി എന്ന ശാഠ്യത്തിൽ നിൽക്കരുത്. മറ്റുള്ളവർ തരുന്ന ഉപദേശങ്ങളിൽ പലപ്പോഴും കാതലായ പലതും ഉണ്ടാകും. അത് ഉൾക്കൊള്ളുക. നല്ലതാണെങ്കിൽ എടുക്കുക, ബിസിനസിന് ഉപകരിക്കും. ചിലപ്പോൾ ചിലരുടെ നിർദേശങ്ങൾ പെട്ടെന്ന് നിങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല, പക്ഷെ അവയെ പാടെ തള്ളിക്കളയാതെ അവയിലെ ഗുണകരമായ കാര്യങ്ങളെ മനസ്സിലാക്കുക, പഠിക്കാൻ ശ്രമിക്കുക.

പുതിയ ഉൽപ്പന്നങ്ങളും പരസ്യങ്ങളും ഒന്നിന് പിറകെ ഒന്നായി..

ബിസിനസ് തുടങ്ങി വിജയിപ്പിച്ചു നാല് കാശുണ്ടാക്കിയാൽ മാത്രം പോര, അവയുടെ നിലനിൽപ്പ് കൂടെ നോക്കേണ്ടതുണ്ട്. അതിനായി ഇടവിട്ട് ഓരോ പുതിയ ഉൽപ്പന്നങ്ങൾ, അല്ലെങ്കിൽ പരസ്യങ്ങൾ, ക്യാമ്പയിനുകൾ, പരിപാടികൾ അങ്ങനെ എന്തുമാവട്ടെ, നിങ്ങളുടെ ബിസിനസ് ഇപ്പോഴും നല്ല പോലെ പോകുന്നുണ്ട്, പുതിയ ഉൽപന്നങ്ങൾ വരുന്നുണ്ട് എന്നിവയെ കുറിച്ചെല്ലാം പുറംലോകത്തെ എപ്പോഴും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ മറ്റു കമ്പനികൾ അവിടെ ഇടിച്ചുകയറും. ഈ വലിയ വലിയ കമ്പനികളൊക്കെ ടിവിയിൽ നിർത്താതെ എന്നും പരസ്യം കൊടുക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ.. ഇതാണ് അതിന് പിന്നിലെ രഹസ്യം. ഇതാണ് ഈ മേഖലയിൽ ഏറ്റവുമധികം നിങ്ങൾ ശ്രദ്ധേക്കേണ്ട ഒരു കാര്യവും.

സോഷ്യൽ മീഡിയ കൊണ്ടുള്ള ഉപയോഗം പരമാവധി മുതലെടുക്കുക

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഇത്. പണ്ടൊക്കെ ഈ ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് എന്നെല്ലാം കേൾക്കുമ്പോഴേക്കും ചെറുപ്പക്കാർ ഒഴികെ ബാക്കിയെല്ലാവരും മുഖം തിരിച്ചുകളഞ്ഞിരുന്നു. അത് ബിസിനസ്, ഇത് വെറും പിള്ളേരുകളി എന്ന സമീപനമായിരുന്നു പലർക്കും സോഷ്യൽ മീഡിയയോട്. എന്നാൽ ഇന്ന് നല്ലൊരുപക്ഷം ആളുകൾ സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തി ബിസിനസ് ചെയ്തു വിജയം നേടുന്നുണ്ട്.

കൂടുതൽ ശ്രദ്ധ പുലർത്തുക

എങ്കിലും പലരും ഇന്നും ഈ മേഖലയിൽ ഇനിയും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാരണം അത്രയ്ക്കും ശക്തിയുണ്ട് സോഷ്യൽ മീഡിയക്ക്. ഒരുപക്ഷേ നിങ്ങൾ ലക്ഷങ്ങൾ മുടക്കിയാൽ കിട്ടാത്ത പേരും പബ്ലിസിറ്റിയും ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റ്, അല്ലെങ്കിൽ നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള ഒരു വീഡിയോ കൊണ്ട് മാത്രം ചിലപ്പോൾ നിങ്ങൾക്ക് നേടാൻ കഴിഞ്ഞേക്കും.

80 ശതമാനം വരെ വിലക്കുറവുമായി എല്ലാവരെയും ഞെട്ടിക്കാൻ ഫ്ലിപ്കാർട്ട്! ഓഫർ 5 ദിവസം മാത്രം!

Best Mobiles in India

English Summary

Digital Marketing: Basics.