ശ്രദ്ധിക്കുക: ഫോൺ വെള്ളത്തിൽ വീണാൽ ഈ കാര്യങ്ങൾ ആദ്യം ചെയ്യുക!


ഫോൺ വെള്ളത്തിൽ വീണു പ്രവർത്തനരഹിതമാവുന്നത് ചിലപ്പോഴെങ്കിലും നമുക്ക് സംഭവിക്കാറുള്ള ഒന്നാണ്.

Advertisement

നിങ്ങൾ ചെയ്യാൻ പാടുള്ളതും ചെയ്യാൻ പാടില്ലാത്തതുമായ ഓരോ കാര്യങ്ങളും ചുവടെ വായിക്കാം.

Advertisement

ചെയ്യാൻ പാടില്ലാത്തത്

1. ഫോൺ ഓൺ ചെയ്യരുത്.

2. ബട്ടണുകൾ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.

3. അമർത്തുകയോ കുടയുകയോ ചെയ്യരുത്.

4. ഫോൺ താഴോട്ടും മുകളിലോട്ടും വശങ്ങളിലേക്കും ശക്തിയിൽ ഇളക്കരുത്. ഇത് വെള്ളം കയറിയിട്ടുണ്ടെങ്കിൽ മറ്റു ഭാഗങ്ങളിലേക്ക് കൂടെ എത്താൻ കാരണമാകും.

5. കൃത്യമായ അറിവില്ലാതെ അളവ് മനസ്സിലാക്കാതെ ഫോൺ ചൂടാക്കരുത്.

എന്തൊക്കെയാണ് ചെയ്യേണ്ടത്

മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളും നിങ്ങൾ ആദ്യമേ ശ്രദ്ധിക്കുക. ഇതിൽ ഏതെങ്കിലും ചെയ്തുപോയാൽ ഒരുപക്ഷെ അത് ഫോൺ ഒരിക്കലും തിരിച്ചുകിട്ടാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കും. ഇനി ഈ വിഷയത്തിൽ എന്തൊക്കെയാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് നോക്കാം.

1. ഫോൺ ഓഫ് ചെയ്യുക.

മുകളിൽ പറഞ്ഞ കാര്യം അറിയാമല്ലോ. അതിനാൽ ഒരു കാരണവശാലും ഫോൺ ഓൺ ചെയ്യരുത്. ഇനി ഓൺ ആണെങ്കിൽ തന്നെ ഓഫ് ചെയ്യുക. നനഞ്ഞ അവസ്ഥയിൽ ഫോൺ പ്രവർത്തിപ്പിക്കുന്നത് ഉചിതമല്ല.

2. സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവ അഴിക്കുക

ഫോൺ ഓഫ് ചെയ്‌താൽ അടുത്തതായി ചെയ്യേണ്ടത് ഫോണിലെ മെമ്മറി കാർഡ്, സിം, ബാറ്ററി എന്നിവ അഴിക്കുക എന്നതാണ്. അതിൽ തന്നെ സൂക്ഷിക്കുന്ന പക്ഷം സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവക്കും പ്രശ്നം സംഭവിക്കാൻ കാരണമാകും. ബാറ്ററി അഴിക്കാൻ സാധിക്കാത്ത ഫോൺ ആണെങ്കിൽ ബലം പിടിച്ച് അഴിക്കരുത്. അതിന്റെ ആ അവസ്ഥയിൽ താനെ വിടുക.

3. ഫോൺ തുടയ്ക്കുക.

ഇനിയാണ് ഫോൺ വൃത്തിയാക്കുന്ന പ്രക്രിയ. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒട്ടും സമയം പാഴാക്കാതെ ചെയ്ത ശേഷം ഫോൺ വൃത്തിയുള്ള തുണിയോ കടലാസോ ഉപയോഗിച്ച് തുടയ്ക്കുക. കഴിയുന്ന അത്രയും ഭാഗങ്ങൾ പൂർണ്ണമായും തുടച്ചു വൃത്തിയാക്കുക.

4. സർവീസ് സെന്റർ

ഇത് എല്ലാം തന്നെ ചെയ്ത ശേഷം ചെറിയ രീതിയിൽ വെള്ളം കയറിയതാണ്, ആ വെള്ളം എല്ലാം തന്നെ പൂർണ്ണമായും ഒഴിവായി എന്ന് പൂർണ്ണമായും ഉറപ്പുണ്ടെങ്കിൽ മാത്രം കുറച്ചു സമയം കഴിഞ്ഞു മാത്രം ഉപയോഗിച്ച് നോക്കാം. എന്നിട്ട് പരിശോധിക്കുക ഏതെല്ലാം പ്രവർത്തിക്കുന്നു, ഏതൊക്കെ കേടായി എന്നതെല്ലാം. അല്ലാത്ത പക്ഷം ഒരു സർവീസ് സെന്ററിൽ ഫോൺ നേരെയാക്കാൻ കൊടുക്കാവുന്നതാണ്.

ഇത് കൂടാതെയുള്ള മാർഗ്ഗങ്ങൾ

ഫോണിനുള്ളിലെ വെള്ളം പൂർണ്ണമായും വലിച്ചെടുക്കാനുള്ള ഉപകരണം ലഭ്യമാണ്. ഇത് നിങ്ങൾക്ക് ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയുമെങ്കിൽ സർവീസ് സെന്ററിൽ പോകേണ്ടതില്ല. ഇതുപോലെ വേറെയും മാർഗ്ഗങ്ങളുണ്ട്. ചിലതെല്ലാം തന്നെ വ്യക്തമായ അറിവില്ലാതെ ചെയ്താൽ കൂടുതൽ കുഴപ്പങ്ങളെ സൃഷ്ടിക്കൂ എന്നതിനാൽ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. ഈ ലേഖനം നിങ്ങൾക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു.

ഇനി പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോൺ ഓൺ ആയില്ലെങ്കിൽ ആദ്യം ചെയ്യേണ്ടത് എന്തെല്ലാം??

ഉപയോഗിച്ച് കൊണ്ടിരിക്കെ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോൺ നിന്നുപോയാൽ എന്ത് ചെയ്യണം? സർവീസ് ചെയ്യാൻ കൊടുക്കും, അല്ലെങ്കിൽ വേറെയൊരു പുതിയ ഫോൺ വാങ്ങും.. അല്ലെ. എന്നാൽ ഇതിനെല്ലാം മുമ്പായി ചെയ്തുനോക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. സ്ക്രീൻ മാത്രം ഓൺ ആവാത്തതാണോ?

ഇങ്ങനെയൊരു പ്രശ്നം നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. പെട്ടെന്ന് നോക്കിയാൽ ഫോൺ ഓൺ ആവുന്നില്ല എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഒന്നുകിൽ നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുന്നതായി കാണാം. അല്ലെങ്കിൽ ഫോണിൽ നിന്നും മറ്റു ശബ്ദങ്ങൾ കേൾക്കാം. ഫോണിലേക്ക് വേറൊരു ഫോണിൽ നിന്നും കോൾ ചെയ്തു നോക്കുകയാണെങ്കിൽ ഒന്നുകൂടെ നല്ലത്. ഫോൺ റിങ്ങ് ചെയ്യുന്നതായി മനസ്സിലാകും.

2. മതിയായ ചാർജ്ജ് ഉണ്ടോ ഫോണിൽ?

ഇതെന്തു ചോദിക്കാൻ എന്ന് സംശയിക്കാൻ വരട്ടെ. കാരണം ഇത്തരത്തിൽ പലപ്പോഴും ഫോൺ ഓൺ ആകാത്ത വിഷയത്തിൽ പലർക്കും പറ്റുന്ന അബദ്ധം ആണിത്. ഫോണിൽ സിനിമയോ മറ്റോ കണ്ട് ഉറങ്ങിപ്പോകും. രാവിലെയാകുമ്പോഴേക്കും ബാറ്ററിയെല്ലാം തീർന്ന് ഫോൺ ചാർജ്ജ് നന്നേ കാലിയായിട്ടുണ്ടാവും. അങ്ങനെ പൂർണ്ണമായും ബാറ്ററി കാലിയായാൽ ചില ഫോണുകളിൽ തിരിച്ച് ചാർജ്ജ് കയറി ഫോൺ ഓൺ ആകാൻ സമയമെടുക്കും. ചിലപ്പോൾ അരമണിക്കൂർ വരെയൊക്കെ വേണ്ടി വരും ഫോൺ ഓൺ ആവാൻ. ഇതറിയാതെ നമ്മൾ ഫോൺ ചാര്ജിലിട്ടിട്ട് രണ്ടു മിനിറ്റ് കഴിയുമ്പോഴക്കും ഫോൺ ഓൺ ആവുന്നില്ലല്ലോ എന്നും പറഞ്ഞുകൊണ്ട് ഷോപ്പിൽ കൊണ്ടുക്കൊടുത്താൽ നല്ല കടക്കാരൻ അല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങളെ പറ്റിച്ച് വലിയ എന്തെങ്കിലും പ്രശ്നമുണ്ടെന്നൊക്കെ പറഞ്ഞു പണം തട്ടിയെടുക്കാൻ സാധ്യതയുണ്ട്.

3. എവിടെയെങ്കിലും നിന്ന് ഫോൺ നനഞ്ഞുവോ?

ഫോൺ നനഞ്ഞു എന്ന് പറയുമ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കാൻ മാത്രം നനഞ്ഞു എന്നോ ഫോണിൽ വെള്ളം തെറിച്ചു എന്നോ കരുതേണ്ടതില്ല. ചെറിയ രീതിയിലുള്ള നനയലുകളും മതിയാകും ഫോൺ തകരാറിലാകാൻ. പലപ്പോഴും ചെറിയ നനവുകൾ പോലും വേണ്ടത്ര നമ്മൾ ശ്രദ്ധിക്കാതെ വിട്ടാൽ വാട്ടർ പ്രൂഫ് അല്ലാത്ത ഫോണുകളെ സംബന്ധിച്ചെടുത്തോളം അത് മതിയാകും ഫോൺ നാശമാകാൻ.

4. ലോഗോ സ്ക്രീൻ മാത്രം കാണുന്നു; അവിടെ തന്നെ നില്കുന്നു

ഇതിന് കാരണം ബൂട്ട്ലൂപ്പ് ആണ്. തൊട്ടുമുമ്പ് ശരിയായ രീതിയിൽ അല്ലാത്ത എന്തെങ്കിലും സോഫ്റ്റ് വെയർ അപ്ഡേറ്റ്, ഒഎസ് അപ്ഡേറ്റ് എന്നിങ്ങനെ ഫോൺ സിസ്റ്റത്തിനെ ബാധിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഫോൺ തുടക്കത്തിൽ തന്നെ നിന്നുപോകാൻ കാരണമാകുന്നു. നിങ്ങൾക്ക് ഒരു ബാക്ക് അപ്പ് ഉണ്ടെങ്കിൽ റിക്കവറി ചെയ്തെടുക്കാം. സോഫ്റ്റ് വെയർ പഴയതിലേക്ക് തന്നെ മാറ്റിയും പ്രശ്നം പരിഹരിക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തവർ സർവീസ് സെന്ററിന്റെ സഹായം തേടുകയാവും ഉചിതം.

5. ഇനി പ്രശ്നം ചാർജറിനോ അല്ലെങ്കിൽ പിന്നിനോ ആണെങ്കിലോ?

ഇതും തള്ളിക്കളയാൻ പറ്റാത്ത ഒരു കാര്യമാണ്. കാരണം ചിലപ്പോൾ നമ്മുടെ ഫോണിനായിരിക്കില്ല, മറിച്ച് നമ്മുടെ ചാർജ്ജറിനാണ് പ്രശ്നമെങ്കിലോ. അല്ലെങ്കിൽ ചാർജർ പിൻ കണക്ട് ചെയ്യുന്ന സ്ലോട്ടിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ.. അതിനാൽ വെറുതെ ഫോണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

6. ഫോൺ പ്രായമായി മരിച്ചതെങ്കിൽ?

ഇങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ. ഈ കാരണം ഒരുപക്ഷെ നമുക്ക് തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ. വര്ഷങ്ങളായി ഉപയോഗിച്ച് അതിന്റെ സോഫ്റ്റ്‌വെയറും ഹാർഡ് വെയറും എല്ലാം തന്നെ പണിയായി ഇനിയങ്ങോട്ട് ഒരടി മുമ്പോട്ട് പോകില്ല എന്ന അവസ്ഥയിൽ എത്തുമ്പോൾ ഫോൺ അതിന്റെ അവസാന ശ്വാസവും നിലച്ചുകൊണ്ട് ഒരുപാട് ഓർമ്മകൾ ബാക്കിയാക്കികൊണ്ട് ഈ ലോകത്തോട് വിടപറയും. ഈ അവസ്ഥയിൽ വേറെയൊരു ഫോൺ വാങ്ങുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യേണ്ടതില്ല എന്നറിയാമല്ലോ.

Best Mobiles in India

English Summary

How to Fix a Water Damaged Phone in Easy Steps.