വിന്‍ഡോസ് പിസികളെ വൈറസില്‍ നിന്ന് സംരക്ഷിക്കാം



ശരീരത്തിന് ഒരു മാറാവ്യാധി പിടിപെട്ടതു പോലെയാണ് കമ്പ്യൂട്ടറില്‍ വൈറസ് കയറിയാലുള്ള അവസ്ഥ. പിന്നീട് എപ്പോഴും ആ സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ പിന്നെ പണം ചെലവിട്ട് ഏറെ ചികിത്സകള്‍ നടത്തി ഭേദപ്പെടുത്തേണ്ടി വരും. ഒരു സിസ്റ്റത്തിന് വേണ്ടി സമയവും പണവും ഏറെയൊന്നും ചെലവഴിക്കാന്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ അസുഖം വരാതെ സൂക്ഷിക്കുക, അതാണ് ഏക മാര്‍ഗ്ഗം. സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി ഗൗരവത്തോടെ വേണം കാണാന്‍. സൂക്ഷമതയോടെ വേണം ഉപയോഗിക്കാന്‍, എങ്കില്‍ 99 ശതമാനം വൈറസ് ഭീഷണികളേയും നമുക്ക് ചെറുക്കാനാകും.

ചില വഴികള്‍

Advertisement
  • വിശ്വസ്തരെന്ന് തോന്നിയവരില്‍ നിന്ന് മാത്രമുള്ള ഇമെയില്‍ അറ്റാച്ച്‌മെന്റുകള്‍ തുറക്കുക.
  • രണ്ട് ടൈപ്പു(എക്സ്റ്റന്‍ഷന്‍)കളില്‍ എത്തുന്ന ഫയലുകള്‍ ഓപണ്‍ ചെയ്യരുത്. (ഉദാഹരണത്തിന് .txt.vb, .jpg.exe). വിന്‍ഡോസ് സാധാരണ ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ കാണിക്കാറില്ല. അതായത് പെയിന്റ്.exe ഫയലാണെങ്കില്‍ അത് വെറും പെയിന്റ് എന്ന പേരിലേ കാണിക്കാറുള്ളൂ. ഫയല്‍ എക്സ്റ്റന്‍ഷന്‍ ഹൈഡ് ചെയ്യുന്ന ഈ രീതി വൈറസുകള്‍ ദുരുപയോഗം ചെയ്യാറുണ്ട്. രണ്ട് എക്‌സ്റ്റന്‍ഷനുകള്‍ വരുമ്പോള്‍ ഒന്ന് മാത്രമേ കാണിക്കുകയുള്ളൂ. അപ്പോള്‍ ഉപയോക്താവ് കരുതും ഇത് വിശ്വസനീയമായ ഫയലാണെന്ന്. കണ്‍ട്രോള്‍ പാനലില്‍ പോയി ഫോള്‍ഡര്‍ ഓപ്ഷന്‍ എടുക്കുക. അപ്പിയറന്‍സ്, പേര്‍സണൈലൈസേഷന്‍ പോലുള്ള ഓപ്ഷനുകളിലാകും ഇത് ഉണ്ടാകുക. പിന്നീട് വ്യൂ ടാബില്‍ പോയി ഹൈഡ് എക്‌സ്റ്റന്‍ഷന്‍ ഫോര്‍ നോണ്‍ ഫയല്‍ ടൈപ്പ് ഓപ്ഷന്‍ സെലക്റ്റ് ചെയ്യാരിതിരിക്കുക.
  • യുഎസ്ബി ഡ്രൈവ് ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. മറ്റാരുടെയെങ്കിലും യുഎസ്ബി ഡ്രൈവുകള്‍ വഴിയും വൈറസുകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വരാം. അല്ലെങ്കില്‍ നിങ്ങളുടെ യുഎസ്ബി മറ്റൊരു സിസ്റ്റത്തിലിട്ടാല്‍ ആ സിസ്റ്റത്തിലുള്ള വൈറസ് ആ യുഎസ്ബി ഡ്രൈവില്‍ കയറിപ്പറ്റുകയും ചെയ്യും. അതിനാല്‍ കഴിയുമ്പോഴെല്ലാം ഇമെയില്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു സിസ്റ്റത്തില്‍ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്ക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് വിശ്വസനീയമായ സിസ്റ്റങ്ങളില്‍ മാത്രം യുഎസ്ബി ഡ്രൈവ് ഉപയോഗിക്കുക.
  • ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വരുന്ന പോപ് അപ് വിന്‍ഡോകളെ സൂക്ഷിക്കുക. ചിലത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഉടലെടുത്തതാണെന്ന് തോന്നുന്നെങ്കില്‍ അവ കൂടുതല്‍ സൂക്ഷിക്കണമെന്നാണ് പറയുന്നത്. സിസ്റ്റത്തിലെ ആന്റി വൈറസ് സോഫ്റ്റ്‌വെയറിന്റെ പേരില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വൈറസ് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുന്ന പോപ് അപ് വിന്‍ഡോകള്‍ വരുമ്പോള്‍ ശ്രദ്ധിക്കുക. അത്തരം വിന്‍ഡോകള്‍ കണ്ടാല്‍ അവയില്‍ ക്ലിക് ചെയ്യാതെ അത് ക്ലോസ് ചെയ്ത് സിസ്റ്റത്തിലെ ആന്റി വൈറസ് പ്രോഗ്രാം നേരിട്ട് ഓപണ്‍ ചെയ്ത് ആ പ്രശ്‌നം അതിലും കാണുന്നുണ്ടോ എന്ന് നോക്കുക. കാരണം പോപ് അപ് വിന്‍ഡോയില്‍ കാണുന്ന റിപ്പോര്‍ട്ട് ഒരു തട്ടിപ്പാകാം. നിങ്ങളുടേതല്ലാത്ത ആന്റി വൈറസ് പ്രോഗ്രാമില്‍ നിന്നും ഇത്തരം തട്ടിപ്പ് പോപ് അപുകള്‍ വരാം. അങ്ങനെ വരുമ്പോഴും ആ വിന്‍ഡോ ക്ലോസ് ചെയ്ത് നിങ്ങളുടെ സിസ്റ്റം ഒരു ഫുള്‍ സ്‌കാനിന് വിധേയമാക്കുക. ഇത്തരം ആപ്ലിക്കേഷനുകള്‍ ടെമ്പററി ഫയല്‍ ഫോള്‍ഡറുകള്‍ വഴിയാണ് സിസ്റ്റത്തിലെത്തുന്നത്. അതിനാല്‍ ദിവസവും ബ്രൗസര്‍ കാഷെ ക്ലീന്‍ ചെയ്യണം..
  • നിങ്ങളുടെ കമ്പനിയുടെ പേരിലും അല്ലെങ്കില്‍ നിങ്ങള്‍ ബിസിനസ് ചെയ്യുന്ന സംരംഭത്തില്‍ നിന്നും ഒരു അസാധരണ മെയില്‍ ലഭിക്കുകയാണെങ്കിലും സൂക്ഷിക്കുക. കമ്പനിയില്‍ നിന്നല്ലേ അത് വിശ്വസിക്കാം എന്ന് കരുതരുത്. എന്തെങ്കിലും ഫയല്‍ ഓപണ്‍ ചെയ്യാനോ അല്ലെങ്കില്‍ എന്തെങ്കിലും വിവരം ആവശ്യപ്പെട്ടോ ഉള്ള മെയിലാണെങ്കില്‍ കമ്പനിയുമായി ബന്ധപ്പെട്ട് മെയില്‍ അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വിശ്വസനീയമായ കമ്പനികളുടെ പേരിലും ഇപ്പോള്‍ തട്ടിപ്പ് നടക്കുന്നുണ്ട്.
  • മുമ്പ് പറഞ്ഞതുപോലെ ദിവസവും ആന്റി വൈറസ് പ്രോഗ്രാം റണ്‍ ചെയ്യണം. അല്ലെങ്കില്‍ ദിവസവും ഒരു പ്രത്യേകസമയത്ത് അത് ഷെഡ്യൂള്‍ ചെയ്ത് വെച്ചാലും മതി, ഓട്ടോമാറ്റിക്കായി റണ്‍ ആകും. മികച്ച ആന്റി വൈറസ് പ്രോഗ്രാം തെരഞ്ഞെടുക്കണം.
  • ഒരു ആന്റി സ്‌പൈവെയര്‍ പ്രോഗ്രാമും സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ആഡ് അവെയര്‍ എസ്ഇ, വിന്‍ഡോസ് ഡിഫണ്ടര്‍, മാല്‍വെയര്‍ബൈറ്റ്‌സ്, സ്‌പൈബോട്ട് സെര്‍ച്ച്, ഡിസ്‌ട്രോയ് എന്നിവ ഇന്റര്‍നെറ്റ് മാല്‍വെയര്‍, സ്‌പൈവെയര്‍ എന്നിവയെ ചെറുക്കാന്‍ ശക്തിയുള്ളവയാണ്.
  • വിന്‍ഡോസ് ഫയര്‍വോള്‍ ഓണ്‍ ആണെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ഒരു ഫയര്‍വോള്‍ ഉപയോഗിക്കുക. അനാവശ്യ ഇന്റര്‍നെറ്റ് ട്രാഫിക് ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഒരേ സമയം ഒന്നിലേറെ ഫയര്‍വോള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ഇത് സിസ്റ്റത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും.
  • വിന്‍ഡോസിലെ പ്രശ്‌നങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന പരിഹാരങ്ങള്‍ ഓട്ടോമാറ്റിക്കായി ലഭിക്കാനും പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കാനും വിന്‍ഡോസ് അപ്‌ഡേറ്റ് സെറ്റ് അപ് ചെയ്യുക. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അപ്‌ഡേറ്റുകളും ഇതില്‍ ലഭിക്കും.
  • പോപ് അപുകളേയും മറ്റും നിയന്ത്രിക്കുകയും നിങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്നതുമായ ബ്രൗസറുകള്‍ തെരഞ്ഞെടുക്കുക.
  • നിങ്ങള്‍ക്ക് എന്തെങ്കിലും പദങ്ങളിലോ ഫയല്‍ എക്സ്റ്റന്‍ഷനിലോ മറ്റോ സംശയം തോന്നുകയാണെങ്കില്‍ അത് എന്തായാലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കുക. കാരണം ഓണ്‍ലൈന്‍ ഫോറങ്ങളിലും മറ്റും ഇത്തരം ധാരാളം ചര്‍ച്ചകള്‍ നടക്കുന്നതാണ്. ഒരു പക്ഷെ നിങ്ങളുടെ സംശയം മുമ്പാരോ പ്രകടിപ്പിച്ചിട്ടുണ്ടാകും.

Best Mobiles in India

Advertisement