ടച്ച്‌സ്‌ക്രീന്‍ എങ്ങനെ വൃത്തിയാക്കാം?



മിക്ക ഫോണുകളിലും ഇപ്പോള്‍ കണ്ടുവരുന്ന മിനിമം സവിശേഷതയാണ് ടച്ച്‌സ്‌ക്രീന്‍. ടാബ്‌ലറ്റുകളും ഹൈ എന്‍ഡ് സ്മാര്‍ട്‌ഫോണുകളും ടച്ച്‌സ്‌ക്രീനിലാണ് എത്തുന്നതെങ്കിലും ഇപ്പോള്‍ സാധാരണക്കാരും ഇത്തരം ടച്ച്‌സ്‌ക്രീന്‍ സെറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ടച്ച്‌സ്‌ക്രീനിലെ അഴുക്കു കളയുന്നത് എങ്ങനെ എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യവുമാണ്.

ഉത്പന്നത്തിന്റെ ആയുസ്സ് ഉയര്‍ത്താനും ദിനംപ്രതിയെന്നോണം ടച്ച്‌സ്‌ക്രീന്‍ വൃത്തിയാക്കേണ്ടതാണ്. ടച്ച്‌സ്‌ക്രീന്‍ എങ്ങനെ വൃത്തിയാക്കാം എന്നതിനൊപ്പം ടച്ച്‌സ്‌ക്രീന്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്ന് കൂടി ഇവിടെ പറയുന്നുണ്ട്.

Advertisement

ടച്ച്‌സക്രീന്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തുണിയെ മൈക്രോഫൈബര്‍ ക്ലോത്ത് എന്നാണ് വിളിക്കുന്നത്. സാധാരണ കണ്ണടകളും മറ്റും വാങ്ങുമ്പോള്‍ അതിന്റെ ഗ്ലാസ് തുടക്കാനായി മൃദുലമായ തുണിക്കഷണം കിട്ടാറില്ലേ? അതു തന്നെയാണ് മൈക്രോഫൈബര്‍ തുണി.

Advertisement

കണ്ണടകള്‍ക്കൊപ്പം മാത്രമല്ല, ഇത് ഷോപ്പുകളില്‍ നിന്ന് വിലകൊടുത്തും വാങ്ങാനാകും. ഇനി മൈക്രോഫൈബറില്ല, സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ഏറെ വൈകിക്കൂട എന്ന് തോന്നുന്നവര്‍ക്ക് മറ്റൊരു മാര്‍ഗ്ഗം പറഞ്ഞു തരാം. നല്ല മൃദുലമായ കോട്ടണ്‍ തുണികള്‍ ഉപയോഗിക്കുക. ഒരു കാര്യം ശ്രദ്ധിക്കുക, നൂല്‍ പൊന്തി നില്‍ക്കുന്നതോ തുടക്കുമ്പോള്‍ പാട് വീഴുന്ന തരത്തിലുള്ളതോ അല്ലാത്ത തുണി വേണം കണ്ടെത്താന്‍.

ശുദ്ധജലമാണ് വൃത്തിയാക്കാന്‍ ആവശ്യമായ രണ്ടാമത്തെ ഘടകം. ശുദ്ധജലം എന്ന് വെച്ചാല്‍ യാതൊരു വിധ കരടോ പൊടിയോ ഇല്ലാത്ത വെള്ളം. കാരണം സ്‌ക്രീനില്‍ തുടക്കുമ്പോള്‍ അത്തരം ചെറിയ കരടുകള്‍ സ്‌ക്രീനില്‍ പാടുകളോ വരകളോ വരുത്താതിരിക്കാനാണ് വെള്ളം തീര്‍ത്തും വ്യക്തവും ശുദ്ധവുമായിരിക്കണം എന്ന് പറയുന്നത്.

Advertisement

ഇനി ടച്ച്‌സ്‌ക്രീന്‍ വൃത്തിയാക്കുന്ന വിവിധ ഘട്ടങ്ങള്‍ പരിശോധിക്കാം

  • മൈക്രോഫൈബര്‍ ക്ലോത്ത് എടുക്കുക.
  • വൃത്തിയാക്കും മുമ്പ് ഉപകരണം ഓഫ് ചെയ്തിടുക. ഫോണ്‍ ഓഫ് ചെയ്തിടുമ്പോള്‍ സ്‌ക്രീനിലെ പാടുകളും മറ്റും വ്യക്തമായി കാണാനാകും. അങ്ങനെ എവിടെയെല്ലാം നല്ലവണ്ണം വൃത്തിയാക്കണമെന്ന് മനസ്സിലാക്കാനും സാധിക്കും.
  • ഇനി സ്‌ക്രീന്‍ തുടയ്ക്കാം. നേരെ മൈക്രോഫൈബര്‍ എടുത്ത് നിവര്‍ത്തി തുടയ്ക്കരുത്. ആദ്യം തുണിയില്‍ പൊടികളൊന്നും ഇല്ലല്ലോ എന്ന് ഉറപ്പാക്കുക. പിന്നീട് ടച്ച്‌സ്‌ക്രീനിന് മുകളില്‍ തങ്ങിനില്‍ക്കുന്ന പൊടികളെ ഈ തുണി ഉപയോഗിച്ച് ആദ്യം തട്ടിക്കളയുക (തുടയ്ക്കുകയല്ല)
  • അല്പം ബാഷ്പം തട്ടിനിന്നാല്‍ തുണി അതില്‍ വെച്ച് ചെറിയ വട്ടത്തില്‍ തുടച്ചുതുടങ്ങാം. ബാഷ്പത്തിന് നിങ്ങളുടെ വായ സ്‌ക്രീനിന് നേരെ വെച്ച് ശ്വാസം വിടുക. (ചില തുണികള്‍ അല്പം നനച്ച് വേണ്ടിവരും ഉപയോഗിക്കാന്‍. അതിനാല്‍ തുണി പരിശോധിച്ച് മാത്രം ഈ സ്‌റ്റെപ്പ് പിന്തുടരുക). ഇപ്പോള്‍ ടച്ച്‌സ്‌ക്രീന്‍ മുമ്പത്തേതില്‍ നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ടാകും.

മൈക്രോഫൈബര്‍ ക്ലോത്ത് വൃത്തിയാക്കുന്ന വിധം

Advertisement

ചെറുചൂടുവെള്ളത്തില്‍ മൈക്രോഫൈബര്‍ തുണി കുതിര്‍ത്തുവെക്കുക. ചൂടുവെള്ളമാകുമ്പോള്‍ ഇതിലെ നാരുകള്‍ വിടര്‍ന്ന് അതിലെ അഴുക്കുകള്‍ ഇളക്കുന്നു. പിന്നീട് കൈകൊണ്ട് ചെറുതായി ഉരക്കുക. അതിന് ശേഷം നല്ല വെള്ളത്തില്‍ പിഴിഞ്ഞ് ഉണക്കുക.

പാടില്ലാത്ത കാര്യങ്ങള്‍

  • ടച്ച്‌സ്‌ക്രീന്‍ വൃത്തിയാക്കാന്‍ അമോണിയ അടങ്ങിയ ഒരു വസ്തുവും ഉപയോഗിക്കരുത്. ഉത്പന്നത്തിന്റെ നിര്‍മ്മാതാക്കള്‍ അവ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കുക.
  • സ്‌ക്രീനിലേക്ക് നേരിട്ട് വെള്ളം തളിക്കാതിരിക്കുക. ഉപകരണത്തിന് ഉള്ളിലേക്ക് ആ വെള്ളം കടന്നുപോകാന്‍ ഇടയുണ്ട്.
  • പേപ്പര്‍ ടവ്വലുകളോ ടിഷ്യു പേപ്പറുകളോ സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ വരകള്‍ വീഴുമെങ്കിലും അവ ആദ്യനോട്ടത്തില്‍ കാണുകയില്ല. പിന്നീട് അവ വ്യക്തമായി വരുന്നതുമാണ്.
  • ഡിസ്‌പ്ലെ വൃത്തിയാക്കുമ്പോള്‍ സ്‌ക്രീനില്‍ ശക്തിയായി അമര്‍ത്താന്‍ ശ്രമിക്കരുത്. അത് സ്‌ക്രീനിന് കേടുപാട് വരുത്തും.

Best Mobiles in India