നോട്ടിഫിക്കേഷൻസ് ജീവിതം തന്നെ നശിപ്പിക്കുമ്പോൾ..


ഫോണിൽ നിരന്തരം വന്നുകൊണ്ടിരിക്കുന്ന നോട്ടിഫിക്കേഷൻസ് കൊണ്ട് നിങ്ങൾ പൊറുതിമുട്ടിയോ?.. പേടിക്കേണ്ട, നിങ്ങൾ മാത്രമല്ല, ഇന്ന് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന ഏതൊരാളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇത്തരത്തിൽ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടിരിക്കുന്നത്.

Advertisement


പണ്ടൊരിക്കൽ ഒരു ഫോൺ ഉണ്ടായിരുന്നു. ആരെങ്കിലും നമ്മെ ഫോൺ വിളിക്കുമ്പോൾ ബെൽ അടിക്കുന്ന, മെസ്സേജ് വരുമ്പോൾ ശബ്ദിക്കുന്ന, അലാറം അടിക്കാനായി ഒച്ചയുണ്ടാക്കുന്ന.. അങ്ങനെ നമുക്ക് ആവശ്യമായ കാര്യങ്ങൾക്ക് മാത്രം നോട്ടിഫിക്കേഷൻസ് തരുന്ന ഒരു ഫോൺ. ഇന്ന് അതൊക്കെ മാറിയിരിക്കുകയാണ്. ഒരു ദിവസം ചുരുങ്ങിയത് ഒരു നൂറ് നോട്ടിഫിക്കേഷൻസ് എങ്കിലും നമുക്ക് ഇന്ന് വരുന്നു.

ഇത് നിങ്ങൾക്ക് നിയന്ത്രിക്കാം, അല്ല, നിയന്ത്രിച്ചേ പറ്റൂ. കാരണം നമ്മുടെ നിത്യജീവിത്തിലെ വിലപ്പെട്ട സമയത്തിന്റെ നല്ലൊരു ഭാഗവും സ്മാർട്ട്‌ഫോൺ കൊണ്ടുപോകുന്നതിന്റെ പ്രധാന കാരണം ഈ നോട്ടിഫിക്കേഷൻസ് ആണെന് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും. നോട്ടിഫിക്കേഷൻസ് വരുമ്പോഴാണല്ലോ അതുമായി ബന്ധപ്പെട്ട ആപ്പ് തുറക്കുന്നതും അവിടെ നിന്നും അടുത്ത അപ്പ്, അവിടെ നിന്നും അടുത്തത് എന്നിങ്ങനെ ഫോണിലേക്ക് വഴുതി വീഴുന്നത്.

Advertisement

ഇവിടെ ഏറെ രസകരമായ ഒരു വസ്തുത എന്തെന്ന് വെച്ചാൽ ഈ വരുന്ന നോട്ടിഫിക്കേഷൻസിൽ ഒരു 60 ശതമാനത്തോളവും നമുക്ക് ആവശ്യമില്ലാത്തവയായിരിക്കും എന്നതാണ്. ഓരോ ആപ്പുകളിൽ നിന്നുള്ള പരസ്യങ്ങൾ, ഓഫറുകൾ, ഓരോ ആപ്പുകൾ ഡൗണ്ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ളവ, നമ്മുടെ അഭിരുചിയുമായി ബന്ധമില്ലാത്ത ന്യൂസ് അറിയിപ്പുകൾ, വീഡിയോ അപ്ഡേറ്റുകൾ തുടങ്ങി എത്ര നോട്ടിഫിക്കേഷൻസ് ആണ് നമ്മൾ ദിനവും നോട്ടിഫിക്കേഷൻസ് ബാറിൽ നിന്നും ക്ലിയർ ചെയ്തുകളയുന്നത് എന്നോർത്ത് നോക്കൂ.

നമ്മൾ അറിയാതെയാണ് ഈ നോട്ടിഫിക്കേഷൻസ് വരുന്നത് എന്ന് ഇവിടെ നമുക്ക് തീർത്തു പറയാൻ സാധിക്കില്ല. കാരണം ഓരോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും അത് ആദ്യം തുറക്കുന്ന സമയത്ത് ഒരുപിടി പേർമിഷനുകൾ ആപ്പുകൾ നമ്മോട് ചോദിക്കാറുണ്ടല്ലോ. എന്നാൽ നമ്മൾ ആണെങ്കിൽ തിരക്കിൽ അതെല്ലാം ഒറ്റയടിക്ക് ഒക്കെ കൊടുക്കുകയും ചെയ്യും. പലപ്പോഴും ഒരു ആപ്പ് ഉപയോഗിച്ചു തുടങ്ങുമ്പോൾ മാത്രമാണല്ലോ അതിന് ഏതൊക്കെ പേർമിഷനുകൾ കൊടുക്കാൻ പറ്റും, പറ്റില്ല എന്ന് നമുക്ക് മനസ്സിലായിത്തുടങ്ങുക. അതിനാൽ ആദ്യം തന്നെ അപ്പ് തുറക്കുമ്പോൾ പെർമിഷൻ കൊടുക്കാതിരിക്കാനും പറ്റില്ല. അത് പലപ്പോഴും ആ ആപ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും.

Advertisement

ഇവിടെ നമ്മൾ എന്താണ് ചെയ്യേണ്ടത്? ഓരോ ആപ്പുകൾക്കും ആപ്പ് സെറ്റിങ്‌സ് വഴി പെർമിഷനുകൾ നിയന്ത്രിക്കാനുള്ള സൗകര്യം ഉണ്ട് എന്ന് നമുക്കറിയാമല്ലോ. ഇനി അറിയാത്തവർ ആണെങ്കിൽ ആപ്പ് സെറ്റിങ്‌സ്ൽ കയറി ഏത് ആപ്പ് ആണോ വേണ്ടത്, അത് ക്ലിക്ക് ചെയ്താൽ ഒരുപാട് ഓപ്ഷനുകൾ കാണും. ഇവിടെ നോട്ടിഫിക്കേഷൻസ് നിയന്ത്രിക്കാൻ സാധിക്കും. നമുക്ക് നോട്ടിഫിക്കേഷൻസ് വേണ്ടാത്ത ആപ്പുകൾക്ക് തീരെ വരാതിരിക്കാൻ വരെ ഓപ്ഷനുകൾ ഇവിടെ നിന്നും സെറ്റ് ചെയ്യാം.

ഇത് കൂടാതെ ഫോൺ സെറ്റിങ്സിൽ നോട്ടിഫിക്കേഷൻസ് സെറ്റിങ്‌സ് എന്നൊരു വേറെ ഓപ്ഷൻ കൂടെ ഉണ്ട്. ഇതും ഫലവത്തായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള നോട്ടിഫിക്കേഷൻസ് മാത്രമേ ലഭിക്കുകയുള്ളൂ. ഇത് കൂടാതെ പല ആപ്പുകളിലും അതിനുള്ളിൽ തന്നെ നോട്ടിഫിക്കേഷൻസ് നിർത്താനുള്ള സൗകര്യമുണ്ട്. അവയും ഉപയോഗപ്പെടുത്തുക. നമുക്ക് ജീവിതം കുറച്ചുകൂടെ എളുപ്പമാക്കാനായി ഉള്ളതാണ് സാങ്കേതികവിദ്യ, അല്ലാതെ അതിലൂടെ ഉള്ള ജീവിതം വെറുതേ ചെലവാക്കി ഇല്ലാതാക്കാനുള്ളതല്ല എന്നതും ഓർമയിലിരിക്കട്ടെ.

Advertisement

"നോക്കിയ നാടു വാണീടും കാലം.."; നോക്കിയ അവതരിപ്പിച്ച 10 വിചിത്ര മോഡലുകൾ!

Best Mobiles in India

English Summary

Its Time to Stop Some Notifications on Your Phone