സ്മാര്‍ട്ട്‌ഫോണില്‍ മികച്ച പോട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കേപ്പ്, ആക്ഷന്‍ ഫോട്ടോകള്‍ എടുക്കാന്‍ പഠിക്കാം


സ്മാര്‍ട്ട്‌ഫോണുകളുടെ സ്വീകാര്യതയില്‍ ക്യാമറയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മികച്ച ക്യാമറകളോടെയാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ അധികവും വിപണിയില്‍ എത്തുന്നത്. എന്നാല്‍ പലപ്പോഴും ഇവ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ അത്ര മികവ് പുലര്‍ത്തണമെന്നില്ല. കുറ്റം ക്യാമറയുടേത് അല്ല. സെറ്റിംഗ്‌സ് മാറ്റി പ്രശ്‌നത്തിന് പരിഹാരം കാണാനാകും. മികച്ച ഫോട്ടോകള്‍ എടുക്കുന്നതിന് അനുയോജ്യമായ വിവിധ സെറ്റിംഗ്‌സുകള്‍ പരിചയപ്പെടുത്തുന്ന ഒരു ചെറിയ കുറിപ്പാണിത്.

Advertisement

1. പോട്രെയ്റ്റ് ചിത്രങ്ങള്‍

കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും ചിത്രങ്ങള്‍ എടുത്താണ് നമ്മള്‍ പലപ്പോഴും ക്യാമറയുടെ മികവ് പരീക്ഷിക്കുന്നത്. ഫോട്ടോ കാണുമ്പോള്‍ ഇവരില്‍ പലരും 'അത്ര നന്നായിട്ടില്ലെന്ന്' പരിഭവപ്പെടാറില്ലേ? പോട്രെയ്റ്റ് ചിത്രങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

പ്രകാശ സ്രോതസ്സ്: ഫോട്ടോകളുടെ മിഴിവും പ്രകാശ സ്രോതസ്സും തമ്മില്‍ വലിയ ബന്ധമുണ്ട്. പോട്രെയ്റ്റ് ഫോട്ടോകള്‍ എടുക്കുമ്പോള്‍ ആളിന്റെ മുഖത്ത് നേരിട്ട് പ്രകാശം പതിക്കുന്ന വിധത്തില്‍ നിര്‍ത്തുക. ഫോട്ടോകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുന്നതിനായി പ്രകാശ സ്രോതസ്സിന്റെ സ്ഥാനം വശങ്ങളിലേക്കും മറ്റും മാറ്റാവുന്നതാണ്.

നോസ് റൂമും ഹെഡ് റൂമും ഉറപ്പാക്കുക: തലയ്ക്ക് മുകളിലും മുഖത്തിന്റെ വശങ്ങളിലും കുറച്ച് സ്ഥലം വരുന്ന വിധത്തില്‍ ഫ്രെയിം കമ്പോസ് ചെയ്യുക. ഒരിക്കലും മുഖം ഫ്രെയിമില്‍ നിറഞ്ഞുനില്‍ക്കരുത്. നോസ് റൂമും ഹെഡ് റൂമും ഉറപ്പാക്കുന്നത് ഫോട്ടോ എടുത്ത സ്ഥലത്തെ കുറിച്ചും പശ്ചാത്തലത്തെ പറ്റിയും സൂചന നല്‍കുകയും ചെയ്യും.

ഫോക്കസ് ചെയ്യുക: ഓട്ടോഫോക്കസ് ക്യാമറ കൃത്യമായി ഫോക്കസ് ചെയ്യണമെന്നില്ല. അതുകൊണ്ട് ഡിസ്‌പ്ലേയില്‍ സ്പര്‍ശിച്ച് കൃത്യമായി ഫോക്കസ് ചെയ്യുക. വ്യക്തവും സുന്ദരവുമായ ചിത്രങ്ങള്‍ ലഭിക്കും.

ഫ്‌ളാഷ് ഒഴിവാക്കുക: സ്മാര്‍ട്ട്‌ഫോണിലെ ഫ്‌ളാഷ് ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഫ്‌ളാഷിന്റെ ഉപയോഗം ഫോട്ടോയുടെ സ്വാഭാവികത നശിപ്പിക്കും.

Advertisement
2. ആക്ഷന്‍ ചിത്രങ്ങള്‍

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടേത് അടക്കമുള്ളവയുടെ ചിത്രങ്ങള്‍ എടുക്കുന്നത് വലിയ അധ്വാനമാണ്. പലപ്പോഴും അവ കൃത്യമായി കിട്ടുകയില്ല. എന്തുചെയ്യും?

ക്ഷമ: ആക്ഷന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ക്ഷമ ആവശ്യമാണ്. വസ്തുവിന്റെ ചലനം കൃത്യമായി മനസ്സിലാക്കി ശരിയായ സമയത്ത് ക്ലിക്ക് ചെയ്യുക.

ബസ്റ്റ്് മോഡ് ഉപയോഗിക്കുക: എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ബസ്റ്റ് മോഡ് ലഭ്യമാണ്. ഇതിന്റെ സഹായത്തോടെ തുടര്‍ച്ചയായി ചിത്രങ്ങള്‍ എടുത്തതിന് ശേഷം അനുയോജ്യമായത് തിരഞ്ഞെടുക്കുക.

പ്രോ മോഡ് തിരഞ്ഞെടുക്കുക: എല്ലാ ക്യാമറ ആപ്പുകളിലും പ്രോ മോഡ് ഉണ്ടാകും. ഇത് ഷട്ടര്‍ സ്പീഡ് പോലുളളവ ക്രമീകരിക്കാന്‍ സഹായിക്കും. ഷട്ടര്‍ സ്പീഡ് കൂട്ടിവച്ചാല്‍ ചിത്രത്തിന് മങ്ങല്‍ ഉണ്ടാവുകയില്ല. ഫോണില്‍ പ്രോ മോഡ് ഇല്ലെങ്കില്‍ തേഡ്പാര്‍ട്ടി ക്യാമറ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

3. ലാന്‍ഡ്‌സ്‌കേപ്പ് മോഡ്

മനോഹരമായ ഒരു പ്രകൃതിദൃശ്യം കണ്ണില്‍പ്പെട്ടാലുടന്‍ നമ്മള്‍ ഫോണ്‍ എടുത്ത് അത് പകര്‍ത്താന്‍ ശ്രമിക്കും. പലപ്പോഴും ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല, പ്രത്യേകിച്ച് ലാന്‍ഡ്‌സ്‌കേപ്പ് ചിത്രങ്ങള്‍ എടുക്കുമ്പോള്‍. കണ്‍മുന്നിലെ ദൃശ്യത്തെ സമഗ്രമായി ഫ്രെയിമില്‍ ഒതുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മികച്ച ചിത്രം ലഭിക്കുകയുള്ളൂ. ഇത് എങ്ങനെ സാധ്യമാക്കാമെന്ന് നോക്കാം.

പ്രകാശം പ്രധാനമാണ്: പ്രകാശം തന്നെയാണ് ഫോട്ടോഗ്രാഫി. പ്രകാശം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. സൂര്യോദയത്തിന് തൊട്ടുമുമ്പും അസ്തമയത്തിന് ശേഷവുമുള്ള സമയമാണ് ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോകള്‍ എടുക്കാന്‍ ഏറ്റവും അനുയോജ്യം.

ചക്രവാളം ഋജുവാക്കുക: ഫോട്ടോയുടെ ചക്രവാളം ഋജുവല്ലെങ്കില്‍ അത് മനോഹാരിതയെ ബാധിക്കും. ഫ്രെയിം ചരിയുന്നതും മറ്റും ഒഴിവാക്കാന്‍ ഗ്രിഡ് ലൈനുകള്‍ ഉപയോഗിക്കുക.

എക്‌സ്‌പോഷര്‍ ക്രമീകരിക്കുക: ഓട്ടോ മോഡില്‍ പോലും ചിത്രത്തിന്റെ എക്‌സ്‌പോഷര്‍ ക്രമീകരിക്കാന്‍ കഴിയും. ഫോട്ടോ എടുക്കുന്ന സമയത്തിന് അനുസരിച്ച് ബ്രൈറ്റ്‌നസ്സ് ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കുക. ഇത് ഫോട്ടോയ്ക്ക് വ്യക്തതയും സൗന്ദര്യവും നല്‍കും.

പശ്ചാത്തലം ശ്രദ്ധിക്കുക: മനോഹരമായ പാറ്റേണുകള്‍, ജലം, പ്രതിഫലനങ്ങള്‍ തുടങ്ങിയവ പശ്ചാത്തലത്തില്‍ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ഫോട്ടോയ്ക്ക് മിഴിവേകുന്ന എന്തും ഫലപ്രദമായി ഉപയോഗിക്കുക.

ഫ്‌ളാഷ് വേണ്ട: സ്വാഭാവിക പ്രകാശം ഉപയോഗിക്കാന്‍ കഴിവതും ശ്രമിക്കുക. ഇത് ഫോട്ടോകള്‍ക്ക് സ്വാഭാവികത നല്‍കും.

ട്രൂകോളർ പോലെ ഉപയോഗിക്കാവുന്ന 10 മികച്ച ആപ്പുകൾ


Best Mobiles in India

English Summary

Let's learn to take the best portrait, landscape and action photos on your smartphone