പേടിഎം പോസ്റ്റ്‌പെയ്ഡ്: അപേക്ഷിക്കേണ്ടത് എങ്ങനെ? യോഗ്യത? ചെലവാക്കല്‍ പരിധി? എന്നിങ്ങനെ അറിയേണ്ടതെല്ലാം


മൊബൈല്‍ വാലറ്റായി പ്രവര്‍ത്തനം ആരംഭിച്ച പേടിഎം വളരെ പെട്ടെന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാന മാര്‍ക്കറ്റ്‌പ്ലെയ്‌സ് ആയി മാറിക്കഴിഞ്ഞു. പേടിഎം ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ്, ബില്‍ അടയ്ക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാവുന്നതാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് പേടിഎം UPI അടിസ്ഥാന പണമിടപാട് സേവനം ആരംഭിച്ചു. പിന്നാലെ പേടിഎം ബാങ്കും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കമ്പനി പേടിഎം പോസ്റ്റ്‌പെയ്ഡ് സേവനം ആരംഭിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സേവനമാണിത്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സേവനം തിരഞ്ഞെടുക്കാം. അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

Advertisement

എന്താണ് പേടിഎം പോസ്റ്റ്‌പെയ്ഡ്

ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സേവനമാണ് പേടിഎം പോസ്റ്റ്‌പെയ്ഡ്. ഇതില്‍ നിങ്ങള്‍ക്ക് ചെലവാക്കാന്‍ കഴിയുന്ന തുകയ്ക്ക് (ക്രെഡിറ്റ് ലിമിറ്റ്) പരിധിയുണ്ടാകും. വാലറ്റ് ബാസന്‍സ്, പേടിഎമ്മില്‍ പ്രതിമാസം ചെലവഴിക്കുന്ന തുക തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും പരിധി നിശ്ചയിക്കുക. പേടിഎം പോസ്റ്റ്‌പെയ്ഡിന്റെ ഉപയോഗത്തിന് അനുസരിച്ച് വരുംമാസങ്ങളില്‍ ക്രെഡിറ്റ് ലിമിറ്റ് കമ്പനി ഉയര്‍ത്തും. നിലവിലെ ക്രെഡിറ്റ് ലിമിറ്റ് 500 രൂപ മുതല്‍ 6000 രൂപ വരെയാണ്.

ക്രെഡിറ്റ് കാര്‍ഡിലേത് പോലെ പേടിഎം പോസ്റ്റ്‌പെയ്ഡിലും പണം അടയ്‌ക്കേണ്ട തീയതി (ഡ്യൂ ഡേറ്റ്) ഉണ്ട്. എല്ലാമാസവും ഏഴാം തീയതിയോ അതിന് മുമ്പോ പണം അടയ്ക്കണം. പണം അടയ്‌ക്കേണ്ട അവസാന തീയതിക്ക് 15 ദിവസം മുമ്പ് ബില്‍ നല്‍കും. കൃത്യസമയത്ത് പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ലേറ്റ് പേയ്‌മെന്റ് ചാര്‍ജ് ഈടാക്കുമെന്ന് മാത്രമല്ല അക്കൗണ്ട് താത്ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും. പണം അടച്ചുകഴിഞ്ഞതിന് ശേഷമേ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കൂ. ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിംഗ്, UPI എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം.

Advertisement
പേടിഎം പോസ്റ്റ്‌പെയ്ഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷ സമര്‍പ്പിക്കുന്നത് വളരെ എളുപ്പമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് KYC പൂര്‍ത്തിയാക്കുക. ഇതിനായി തിരിച്ചറിയില്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ആവശ്യമാണ്. KYC പൂര്‍ത്തിയാക്കിയതിന് ശേഷം പേടിഎം ആപ്പ് തുറക്കുക. വലതുവശത്ത് മുകള്‍ ഭാഗത്തായി പേടിഎം പോസ്റ്റ്‌പെയ്ഡ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. KYC വിവരങ്ങള്‍ പരിശോധിച്ച് നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ മുതലായവ ശരിയാണെന്ന് ഉറപ്പുവരുത്തുക.

ഇനി സബ്മിറ്റ് ബട്ടണില്‍ അമര്‍ത്തുക. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന സജ്ജമാകും. കൂടുതല്‍ രേഖകളോ മറ്റോ സമര്‍പ്പിക്കേണ്ട കാര്യമില്ല. തുടക്കത്തില്‍ 500 രൂപയായിരിക്കും ക്രെഡിറ്റ് ലിമിറ്റ്. ഉപയോഗത്തിന് അനുസരിച്ച് ഇതില്‍ വര്‍ദ്ധന വരും.

ഈ പണം എവിടെ ഉപയോഗിക്കും?

ബില്‍ അടയ്ക്കുക, മൊബൈല്‍-ഡിടിഎച്ച് റീചാര്‍ജ്ജ്, യാത്രയുമായി ബന്ധപ്പെട്ട ബുക്കിംഗുകള്‍, സിനിമ ടിക്കറ്റ് ബുക്കിംഗ്, പേടിഎമ്മിലെ ഷോപ്പിംഗ് തുടങ്ങിയവയ്ക്ക് പേടിഎം പോസ്റ്റ്‌പെയ്ഡിലെ ബാലന്‍സ് ഉപയോഗിക്കാം. റസ്റ്റോറന്റുകള്‍, പെട്രോള്‍ പമ്പുകള്‍, നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവടങ്ങളില്‍ പണമടയ്ക്കാനും ഇതുമതി. ആപ്പിലെ പാസ്ബുക്കില്‍ അമര്‍ത്തി ബാലന്‍സ് അറിയാം.

സുരക്ഷിതമാക്കുക.

സുരക്ഷയെ സംബന്ധിച്ച് ആശങ്കയുള്ളവര്‍ പാസ്‌കോഡ് അല്ലെങ്കില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് അക്കൗണ്ട് സുരക്ഷിതമാക്കുക.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലൈവ്സ്ട്രീം നിങ്ങളുടെ മൊബൈലിൽ എങ്ങനെ കാണാം

Best Mobiles in India

English Summary

Paytm Postpaid: How to apply, eligibility, spending limits and everything else you need to know