നിങ്ങളുടെ ഫോൺ വിൽക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കാതെ ശ്രദ്ധിക്കുക


കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ഒരു മൊബൈൽ ഫോൺ മാർക്കറ്റിൽ ഒരിക്കൽ ഒരു മൊബൈൽ ഫോൺ വാങ്ങുവാനായി പോയപ്പോൾ ഉണ്ടായ ചെറിയ അനുഭവം ഇവിടെ പറയട്ടെ. എന്റെ കയ്യിലുള്ള പഴയ ഫോൺ എനിക്ക് കൊടുത്ത് കുറച്ചു പണം കൂടെ ചേർത്ത് ഒരു പുതിയ മോഡൽ വാങ്ങണം എന്ന ആശയവുമായാണ് ഞാൻ അവിടെ എത്തിയത്. കുറച്ചു കടകളിൽ തിരഞ്ഞു നടന്നു അവസാനം ആ കടയിൽ എത്തിയപ്പോഴാണ് ഞാൻ മനസ്സിൽ കരുതിയ മോഡൽ എനിക്ക് താങ്ങാൻ പറ്റുന്ന വിലയിൽ ലഭ്യമായത്.

Advertisement

എന്റെ കയ്യിലുള്ള ഫോൺ ഞാൻ അവിടെ അവർക്ക് പരിശോധിക്കാനായി കൊടുത്തു. പരിശോധനയെല്ലാം കഴിഞ്ഞു അവർക്ക് തൃപ്തി വന്നപ്പോൾ ഞാൻ അവശ്യ ഫയലുകളെല്ലാം ഫോൺ മെമ്മറിയിൽ നിന്നും മെമ്മറി കാർഡിലേക്ക് മാറ്റി മെമ്മറി കാർഡ്, സിം എന്നിവയെല്ലാം അഴിച്ച് ഫോൺ ഫോർമാറ്റ് ചെയ്യാൻ ഒരുങ്ങുകയായിരുന്നു. അവർക്ക് എത്രയും പെട്ടെന്ന് കച്ചവടം നടക്കണം എന്നോ ഞാൻ ഇനി വേറെ ഏതെങ്കിലും ഫോൺ കണ്ട് വേറെ കടയിലേക്ക് പോകും എന്നുള്ള പേടി ഉള്ളത് കൊണ്ടോ അവർ എന്നോട് പറഞ്ഞു ഫോർമാറ്റ് ചെയ്യേണ്ടതില്ല, ഞങ്ങൾ ചെയ്തോളാം എന്ന്. പക്ഷെ ഞാൻ സമ്മതിച്ചില്ല. തുടർന്ന് എന്റെ നിർബന്ധത്തിന് വഴങ്ങി ഫോൺ ഞാൻ തന്നെ ഫോർമാറ്റും വൈപ്പും എല്ലാം ചെയ്തു കൊടുക്കുകയുണ്ടായി.

Advertisement

ഈ ഒരു ഉദാഹരണം ഇവിടെ പറയാനുണ്ടായ സാഹചര്യം എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഇങ്ങനെ ഒരു അവസ്ഥയിൽ നിങ്ങൾ എത്തുമ്പോൾ എന്തായിരിക്കും ചെയ്യുക? കാരണം ഫ്രോമാറ്റ് ചെയ്യാതെ ഫോൺ കൊടുക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നത് തന്നെ. വെറും ഫ്രോമാറ്റ മാത്രമല്ല, നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ, അത് പുതിയതാകട്ടെ പഴയതാകട്ടെ, നിങ്ങൾ ഉപയോഗിച്ച ആ ഫോൺ വിൽക്കാൻ പോകുകയാണെങ്കിൽ അതിനു മുമ്പായി തീർച്ചയായും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവയെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ

വേണ്ടത്ര ശ്രദ്ധയില്ലാതെ നിങ്ങളുടെ ഫോൺ കൊടുക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ പല സ്വകാര്യവിവരങ്ങളും മറ്റുള്ളവരിലേക്ക് എത്തും എന്നത് തന്നെയാണ് ഈ കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കണം എന്ന് പറയുന്നതിന് പിന്നിൽ. ഏതൊക്കെയാണ് അവ എന്ന് നോക്കാം.

ഡാറ്റ പൂർണ്ണമായും നീക്കം ചെയ്യുന്നത് എങ്ങനെ?

ഫോൺ മെമ്മറിയിൽ ഉള്ള ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റി അവിടെയുള്ളത് ഡിലീറ്റ് ചെയ്‌താൽ എല്ലാം ആയി എന്ന് കരുതുന്നവർ ഇന്നുമുണ്ട്. ഇത്തരം മണ്ടത്തരങ്ങളാണ് പിന്നീട് നമ്മുടെ പ്രിയപ്പെട്ടവരുടെ പല ഫോട്ടോസും വിഡിയോസും ഇന്റർനെറ്റിൽ പടർന്നു ജീവിതം വരെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുക. അത്കൊണ്ട് ഏതൊക്കെ വിധത്തിൽ എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

1. വേണ്ട ഫയലുകൾ ബാക്കപ്പ് ചെയ്യുക

ഫോൺ മെമ്മറിയിൽ ഉള്ള ആവശ്യമുള്ള ഫയലുകൾ മെമ്മറി കാർഡിലേക്കോ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മാറ്റുക. കോപ്പി ചെയ്ത ശേഷം ഫോൺ മെമ്മറിയിലുള്ളത് ഡിലീറ്റ് ചെയ്യുന്നതിന് പകരം കട്ട് ചെയ്ത് മാറ്റുക. കാരണം ഒരു മെമ്മറി സ്റ്റോറേജിലെ ഫയൽ ഡിലീറ്റ് ചെയ്താലും റിക്കവർ ചെയ്തെടുക്കാൻ എളുപ്പമാണ്. എന്നാൽ കട്ട് ചെയ്ത ഫയൽ തിരിച്ചെടുക്കാൻ അത്ര പെട്ടെന്ന് സാധിക്കില്ല. (ഫലത്തിൽ ഒരു വിധം ഫോർമാറ്റ് ആയത് വരെ റിക്കവർ ചെയ്തെടുക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണെങ്കിലും)

ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

2. ഫോൺ ഫോർമാറ്റ്/ ഫാക്ടറി റീസെറ്റ് ചെയ്യൽ

ആൻഡ്രോയിഡ് ഫോൺ ഫോർമാറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. സെറ്റിങ്സിൽ ഫാക്ടറി ഡാറ്റ റീസെറ്റ് ഓപ്ഷൻ ആണ് ഉപയോഗിക്കേണ്ടത്. ഫോൺ മെമ്മറിയിൽ ഉള്ള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാൽ അതും കൂടെ ചേർത്ത് വേണം ഫോർമാറ്റ്/ ഫാക്ടറി റീസെറ്റ് ചെയേണ്ടത്. ഇത് കൂടാതെ ഫോണിന്റെ റിക്കവറി ഓപ്ഷൻസ് വഴിയും ഇത് ചെയ്യാവുന്നതാണ്.

3. പുതിയ ഫോണിലേക്കായി ഈ ഫോണിൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങൾ

വാട്സാപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണിൽ ഈ ബാക്കപ്പ് റീസ്റ്റോർ കൊടുത്ത് കൊണ്ട് തന്നെ വാട്സാപ്പ് ഉപയോഗിച്ച് തുടങ്ങാം.

ഫോണിൽ സേവ് ചെയ്ത നമ്പറുകൾ ഗൂഗിൾ കോൺടാക്ട്സിലേക്ക് സേവ് ചെയ്യുക. ഇതൊരു ശീലമാക്കിയാൽ നിങ്ങളുടെ കോൺടാക്ട്സ് ഏത് ഉപകരണത്തിൽ നിന്നും നിങ്ങൾക്ക് എടുക്കാൻ പറ്റും.

മെമ്മറി കാർഡിൽ ഇനി കോപ്പി ചെയ്തു വെക്കാൻ സ്ഥലമില്ല എങ്കിൽ ഗൂഗിൾ ഡ്രൈവ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അതിലേക്ക് സേവ് ചെയ്തു വെക്കാം. പിന്നീട് നിങ്ങൾക്ക് അത് എപ്പോൾ വേണമെങ്കിലും എടുക്കാൻ സാധിക്കും.

ഈ കാരണങ്ങള്‍ മാത്രം മതിയാകും എച്ച്ടിസി U12 നിങ്ങള്‍ വാങ്ങാന്‍..!

നമ്മിൽ പലരും കരുതിപ്പോരുന്ന 4 ഗമണ്ടൻ അന്ധവിശ്വാസങ്ങൾ

എല്ലാ മേഖലകളിലെയും പോലെ നമ്മുടെ ടെക്ക് ലോകത്തുമുണ്ട് ചില അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും. വർഷങ്ങളായി നമ്മൾ ശരിയാണെന്ന് കരുതിപ്പോന്നിരുന്ന അത്തരം ചില അബദ്ധ ധാരണകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

തെറ്റിധാരണ 1: കൂടുതൽ സിഗ്നലുകൾ ഉണ്ടെങ്കിൽ കൂടുതൽ വ്യക്തത

പലരും കാലങ്ങളായി വിശ്വസിച്ചുപോരുന്ന ഒരു കാര്യം. ഒരുപക്ഷെ മൊബൈൽ ഫോണുകളുടെ ആദ്യകാലം തൊട്ടേ നിലവിൽ വന്നൊരു അന്ധവിശ്വാസം. നിങ്ങളുടെ തൊട്ടടുത്തുള്ള ടവറിലെ കവറേജ് മാത്രമാണ് സിഗ്നലുകൾ കാണിക്കുന്നത്. ഇവ കൂടി എന്ന് കരുതി കോളുകൾക്ക് കൂടുതൽ വ്യക്തത നൽകുന്നതുമായി യാതൊരു ബന്ധവുമില്ല. കൂടുതൽ സിഗ്നൽ ബാറുകൾ ഉണ്ടെങ്കിൽ പൊതുവെ നെറ്റ് വർക്കിന്‌ ഗുണമാണെങ്കിലും അതൊരിക്കലും വ്യക്തയുള്ള കോളുകൾ നൽകും എന്നർത്ഥമില്ല.

തെറ്റിധാരണ 2: കൂടുതൽ മെഗാപിക്സൽ ഉള്ള ഫോണാണ് ഏറ്റവും നല്ല ഫോട്ടോ എടുക്കുക

കൂടുതൽ മെഗാപിക്സലുകൾ ഉള്ള ഫോൺ ക്യാമറ നല്ല ചിത്രങ്ങൾ തരും എന്നത് വാസ്തവം തന്നെയാണ്. എന്നുകരുതി മെഗാപിക്സൽ മാത്രമല്ല ഒരു നല്ല ചിത്രത്തിൻറെ അളവുകോൽ. കാരണം ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ലെന്സ്, ഹാർഡ്‌വെയർ, പ്രൊസസർ എന്നിങ്ങനെയുള്ളവയും ഇതെല്ലാം ഏറ്റവും മികച്ച രീതിയിൽ സമന്വയിപ്പിച്ച് മികച്ച ഫോട്ടോ ആക്കി മാറ്റാൻ കെല്പുള്ള സോഫ്ട്‍വെയർ എന്നിവയെല്ലാം കൂടിച്ചേരുമ്പോഴാണ് മികച്ചൊരു ചിത്രം ലഭിക്കുക. ചിലപ്പോഴെങ്കിലും നമ്മൾ പറയാറില്ലേ, ഈ ഫോണിലെ 16 മെഗാപിക്സലിനെക്കാളും എത്രയോ നല്ല ഫോട്ടോ പഴയ നോകിയയുടെയും സോണിയുടേയുമെല്ലാം 5 മെഗാപിക്സൽ ക്യാമറയിൽ എടുക്കാമായിരുന്നു എന്ന്. ഇതാണ് അതിന് കാരണം.

തെറ്റിധാരണ 3: ആപ്പിൾ മാക്ക് കമ്പ്യൂട്ടറുകളിൽ വൈറസ് കയറില്ല

പലരും ഇത് പറയുന്നത് എത്ര ലാഘവത്തോടെയാണെന്ന് ആലോചിച്ചുപോയിട്ടുണ്ട്. സ്വന്തമായി ഒരു ആപ്പിൾ മാക്ക് ഉള്ളതിന്റെ ആ ഒരു പ്രതാപം കാണിക്കാനായിരിക്കും എന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞു നടക്കുന്നത്. എന്നാൽ ഒന്നറിഞ്ഞിരിക്കുക, വൈറസ് ആക്രമണത്തിൽ നിന്നും ഗാഡ്ജറ്റുകളൊന്നും തന്നെ ഒഴിവാകുന്നില്ല. അതിനി ആപ്പിളായാലും വേണ്ടിയില്ല മുന്തിരിയായാലും വേണ്ടിയില്ല. പിന്നെ ഒരു കാര്യമുള്ളത് പൊതുവെ കുറച്ചു പേർ മാത്രമേ ആപ്പിൾ മാക്ക് കമ്പ്യൂട്ടറും ലാപ്പും ഉപയോഗിക്കുന്നുള്ളൂ എന്നത് വൈറസുകൾ എത്തുന്നത് കുറയ്ക്കാൻ സഹായിക്കുന്നു എന്ന് മാത്രം.

തെറ്റിധാരണ 4: ഫുൾ എച്ച് ഡി യെ ക്വാഡ് എച്ച് ഡിയുമായി താരതമ്യം ചെയ്ത് വിലകുറയ്ക്കൽ

"നിന്റേത് ഫുൾ എച് ഡി അല്ലെ.. എന്റേത് അസ്സൽ ക്വാഡ് എച്ച് ഡിയാണ് ഭായ്.. " എന്നും പറഞ്ഞു ചിലർ പരിഹസിക്കുന്നതോ താരതമ്യം ചെയ്യുന്നതോ കാണാം. ഫുൾ എച്ച്ഡി (Full HD 1920*1080)യും ക്വാഡ് എച്ച് ഡി (quad HD 2560*1440)യും തമ്മിൽ താരതമ്യം ചെയ്ത് ഫുൾ എച്ച്ഡി അത്ര പോരാ എന്നൊരു തോന്നൽ പലർക്കുമുണ്ടാകും. ഇത് ഫുൾ എച്ച്ഡി മോഡലുകൾ ഒഴിവാക്കി ക്വാഡ് എച്ച് ഡി മോഡലുകൾ വാങ്ങാൻ നമ്മെ പ്രേരിപ്പിച്ചേക്കും. എന്നാൽ അത്തരത്തിൽ ഒരു താരതമ്യത്തിന് ആവശ്യമില്ല. സംഭവം ഫലത്തിൽ ക്വാഡ് എച്ച് ഡി ആണ് കൂടുതൽ വ്യക്തത, ചിത്രങ്ങൾ കൂടുതൽ കൃത്യമായി കാണാം എന്നൊക്കെ ഉണ്ടെങ്കിലും കൂടെ മനുഷ്യ നേത്രങ്ങൾക്ക് കാണാൻ സാധിക്കുന്ന, തിരിച്ചറിയാൻ പറ്റുന്ന പരമാവധി പിക്സൽസ് 326 പിക്‌സൽസ് പെർ ഇഞ്ച് ആണ്. അതിനാൽ ഫുൾ എച്ഡി മാത്രമാണല്ലോ എന്റെ ഫോൺ എന്നോർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല.

ഫോൺ ചാർജ്ജിലിടുമ്പോൾ ചെയ്തുപോകുന്ന 3 ആനമണ്ടത്തരങ്ങൾ; ഇവ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

വില കൂടിയ മൊബൈലുകൾ വാങ്ങിയാൽ മാത്രം പോരാ, അവ നേരെ ചൊവ്വേ ഉപയോഗിക്കാനും അറിയണം. അല്ലെങ്കിൽ അറിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം എത്ര വില കൂടിയ മൊബൈലാണെങ്കിലും അധികകാലം നിലനിൽക്കില്ല. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് ചാർജ്‌ജിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

അബദ്ധം ഒന്ന്: കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടുക

ഒരു ഫോണിനെ സംബന്ധിച്ചെടുത്തോളം അതിന്റെ ഒറിജിനൽ ചാർജർ ഉപയോഗിക്കുന്ന ഗുണം വേറെയൊന്നിനും കിട്ടില്ല. ഓരോ ഫോണിലും കൃത്യമായ അളവിലും തോതിലും ചാർജ്ജ് ചെയ്യാനും ബാറ്ററിയുടെ കാര്യക്ഷമത വർധിപ്പിക്കാനും അവയുടെ ഒറിജിനൽ ചാർജ്ജറിന് മാത്രമേ സാധിക്കുകയുള്ളൂ. ഒറിജിനല്‍ നഷ്ടപെട്ടാൽ പറ്റുമെങ്കിൽ കമ്പനി ചാര്‍ജര്‍ തന്നെ വാങ്ങുക.

അല്ലെങ്കിൽ ഒറിജിനലിനോട് നീതിപുലർത്തുന്ന നിലവാരമുള്ള ചാർജ്ജറുകളുമാവാം. യാതൊരു കാരണവശാലും പിൻ ഒന്ന് തന്നെയല്ലേ എന്നും കരുതി കണ്ട ചാർജ്ജറുകളിലെല്ലാം കയറി ഫോൺ കുത്തിയിടാതിരിക്കുക. ഇല്ലാത്ത പൈസ കൊടുത്ത് വാങ്ങിയ ഫോൺ കുറച്ചു അധികം നാൾ കയ്യിലിരിക്കണം എങ്കിൽ ഇത് പിന്തുടരുക.

 

അബദ്ധം രണ്ട്: നേരം വെളുക്കുവോളം ഫോൺ ചാർജ്‌ജിലിടുക

നമ്മളിൽ പലരും ചെയ്തുപോരുന്ന ഒരു ശീലം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ അങ്ങ് ചാർജിലിടും. രാവിലയാകുമ്പോഴേക്കും ചാർജ്ജിങ് ഒക്കെ എപ്പോഴോ ഫുൾ ആയി ഫോൺ ചൂടായി കിടക്കുന്നുണ്ടാകും. ഫോൺ മാത്രമല്ല, ചാർജ്ജറും. ഈ ശീലം എന്ന് നിർത്തുന്നുവോ അന്ന് നമ്മുടെ ഫോണിന്റെ ആയുസ്സ് വർദ്ധിച്ചുകൊള്ളും.

എന്നാൽ ഇന്നിറങ്ങുന്ന പല മൊബൈലുകളും ചാർജ്ജ് ഫുൾ ആയാൽ പിന്നീട് കയറാതിരിക്കുന്ന സൗകര്യത്തോട് കൂടിയാണ് വരുന്നത്. അതിനാൽ അത്ര പ്രശ്നമില്ല. പക്ഷെ അപ്പോഴും ചാർജർ ഓണിലാണെന്ന കാര്യം നമ്മൾ മറക്കരുത്. കഴിവതും കിടക്കുമ്പോൾ ചാർജിലിടുന്നത് ഒഴിവാക്കുന്നത് തന്നെയാവും എല്ലാം കൊണ്ടും നല്ലത്.

 

അബദ്ധം മൂന്ന്: ഒന്ന് കുറയുമ്പോഴേക്കും വീണ്ടും ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കുക

പലരുടെയും ശീലമാണിത്. എപ്പോഴും 100 ശതമാനം, അല്ലെങ്കിൽ 90 ശതമാനത്തിന് മേൽ ചാർജ് ഫോണിൽ സൂക്ഷിക്കണം എന്നത് എന്തോ വല്ല അവാർഡും കിട്ടാനുള്ള പ്രവൃത്തി പോലെ ചെയ്തുപോരും. ഇടയ്ക്കിടെ ഇങ്ങനെ ഫോണ്‍ ചാര്‍ജിങ് ചെയ്തുകൊണ്ടിരിക്കും.

എപ്പോഴും ഫോണ്‍ ഫുള്‍ ചാര്‍ജില്‍ ആയിരിക്കാനാവും ഇങ്ങനെ ചെയ്യുക. പക്ഷെ നിര്‍ത്താതെ ഇങ്ങനെ ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് ഫോണിന്റെ ബാറ്ററിയുടെ കാലാവധി കുറയ്ക്കും എന്നതില്‍ യാതൊരു സംശയവുമില്ല. പിന്നെ അവാർഡായിരിക്കില്ല കിട്ടുക, പകരം കത്തിക്കരിഞ്ഞ ബാറ്ററിയോ ഫോണോ ആയിരിക്കും കയ്യിൽ കിട്ടുക.

ഈ പറഞ്ഞതൊക്കെ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ ഫോണുകൾക്ക് ദീർഘായുസ്സ് ആഘോഷിക്കാം. അല്ലെങ്കിൽ ആദ്യ ജന്മദിനം തന്നെ ആഘോഷിക്കാൻ ഫോൺ ഉണ്ടാവില്ല. മണ്ടത്തരം എന്ന് പറയുന്നതിനേക്കാൾ അറിയാതെ ചെയ്തുപോകുന്നതാണ് എന്നറിയാം.

അല്ലെങ്കിൽ തന്നെ പുതിയ മോഡലുകൾ മാറി മാറി വരുമ്പോൾ നമ്മൾ ഫോണുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ഒരുപാട് പണം ചിലവാകുന്നു. അതിനിടയിലേക്ക് ബാറ്ററി കപ്പാസിറ്റി പോയിക്കിട്ടിയതിനാൽ കൂടെ ഫോൺ മാറ്റേണ്ട ഗതികേട് വരുത്താതിരിക്കുക. സൂക്ഷിച്ചാൽ നല്ലത്.

 

How to upload a photo to Facebook without losing quality? - GIZBOT MALAYALAM
കാണുന്നിടത്തെല്ലാം കയറി ഓൺലൈനായി പണമിടപാട് നടത്തുന്നവർ ഇതൊന്ന് വായിച്ചാൽ നല്ലത്

എന്തും ഏതും ഇപ്പോൾ നമ്മുടെ വിരൽത്തുമ്പിലാണല്ലോ. 10 രൂപക്ക് റീചാർജ്ജ് ചെയ്യുന്നത് മുതൽ കോടിക്കണക്കിന് രൂപയുടെ പണമിടപാട് വരെ മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും നിത്യേന നമ്മൾ ചെയ്യുന്നു. ഒരുവിധം എല്ലാ പണമിടപാട് സൈറ്റുകളും ആപ്പുകളും എല്ലാം തന്നെ അവരുടെ ഏറ്റവും മികച്ച സുരക്ഷ നൽകുന്നുണ്ടെങ്കിലും നമ്മുടെ ഭാഗത്തു നിന്നും സംഭവിച്ചുപോകാവുന്ന പിഴവുകൾ കാരണം വലിയ തോതിലുള്ള നഷ്ടം സംഭവിച്ചേക്കാം. ഇത്തരത്തിൽ പണമിടപാടുകളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ കൊടുക്കുകയാണ്.

1. പാസ്സ്‌വേർഡ് സംരക്ഷണം

മൊബൈല്‍ ആവട്ടെ കംപ്യൂട്ടര്‍ ആവട്ടെ ഇനി വേറെ എന്തെങ്കിലും ഉപകാരണമാകട്ടെ, പൂർണ്ണമായും പാസ്സ്‌വേർഡ് കൊണ്ട് സംരക്ഷിക്കുക. പവര്‍ ഓണ്‍ ആയി വരുമ്പോഴുള്ള പാസ്സ്വേഡിനു പുറമെ കൂടുതല്‍ സുരക്ഷ ആവശ്യമുള്ള ആപ്പുകള്‍ക്ക് പ്രത്യേക പാസ്സ്‌വേർഡുകൾ വേറെയും സെറ്റ് ചെയ്യുക. പണമിടപാട് നടത്തുന്ന ആപ്പുകൾക്ക് സുരക്ഷ അധികമായി നൽകാനായി സ്ഥിരം ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകൾ തന്നെ ഉപയോഗിക്കാതിരിക്കുക.

2. ബാങ്ക് വെബ്സൈറ്റുകളിലേക്ക് നേരിട്ട് മാത്രം പ്രവേശിക്കുക

ഈ ഓഫർ കിട്ടാനായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ടൈപ്പ് ചെയ്യുക, ഞങ്ങൾ പണമൊന്നും എടുക്കില്ല, നിങ്ങളുടെ വിവരങ്ങൾ മാത്രം ഇവിടെ നൽകിയാൽ മതി, പാസ്സ്‌വേർഡ്‌ ഒന്നും നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് നിരവധി പരസ്യങ്ങളും മെസ്സേജുകളും നമ്മൾ ദിനവും കാണാറുണ്ട്. എന്നാൽ ഇത്തരം സൈറ്റുകളിലൊന്നും കയറാതിരിക്കാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു ബാങ്ക് ഇടപാടിനും ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ മാത്രം കയറുക. അല്ലെങ്കിൽ ബാങ്ക് അനുവദിച്ചിട്ടുള്ള ലിങ്കുകളിലൂടെയും.

3. സിസ്റ്റം നമ്മുടേത് തന്നെ, അതുകൊണ്ട് ലോഗ് ഔട്ട് ചെയ്യേണ്ടല്ലോ എന്ന ചിന്ത.

നമ്മളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം. വളരെ അശ്രദ്ധയോടെ മാത്രം നമ്മൾ കാണുന്ന ഒരു കാര്യമാണിത്. നമ്മുടെ ഫോൺ അല്ലെ എന്നും കരുതി ലോഗ് ഔട്ട് ഒന്നും ചെയ്യാൻ നിൽക്കില്ല. ഫലമോ, ആരെങ്കിലും നമ്മുടെ സിസ്റ്റം എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നാൽ നമ്മുടെ ബാങ്ക് വിവരങ്ങൾ എളുപ്പത്തിൽ കിട്ടുകയും ചെയ്യും.

4. നിങ്ങളുടെ ഫോൺ നിങ്ങൾ തന്നെ സൂക്ഷിക്കുക

നിങ്ങളുടെ ഫോൺ അലസമായി എവിടെയെങ്കിലും വെക്കാതിരിക്കുക. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോള്‍ പോലും ഇത്തരം ബാങ്ക് ആപ്പുകള്‍ ഉണ്ടെങ്കില്‍ ലോഗ് ഔട്ട് ചെയ്യുക. ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെക്കാള്‍ ഇത്തരം കാര്യങ്ങളില്‍ ഒരുപിടി മുമ്പിലാണെന്ന് ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

5. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

ഇന്റര്‍നെറ്റ് കഫേ, സുരക്ഷയില്ലാത്ത വൈഫൈ എന്നിവ ഉപയോഗിച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താതിരിക്കുക.

മൊബൈല്‍ ബാങ്കിങ്, മറ്റു പണമിടപാട് ആപ്പുകള്‍ എന്നിവയുടെ പുതിയ അപ്‌ഡേറ്റുകള്‍ വന്നാല്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക.

നമ്മുടെ അക്കൗണ്ടിലുള്ള ബാലന്‍സ് എപ്പോഴും ശരിയാണോ അതോ ഇനി അപ്രതീക്ഷിതമായി വല്ല കുറവോ മറ്റോ ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക.

ഹാക്കിങ്, വൈറസ്-മാല്‍വെര്‍ ഭീഷണി എന്നിവ വരാതിരിക്കാന്‍ മികച്ച ആന്റിവൈറസ് സോഫ്‌റ്റ്വെയറുകളുടെ അംഗീകൃത കോപ്പി മാത്രം ഉപയോഗിക്കുക.

ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയുടെ പാസ്സ്വേര്‍ഡുകള്‍ ഒരിക്കലും ഫോണിലോ മറ്റോ സൂക്ഷിക്കാതിരിക്കുക.

 

ഓരോ ഇന്ത്യക്കാരന്‍റ് കയ്യിലും ഉണ്ടായിരിക്കേണ്ട 10 ഗവൺമെന്‍റ് ആപ്പുകൾ

ഡിജിറ്റൽ ഇന്ത്യ എന്നത് പേരിൽ മാത്രം ഒതുങ്ങാതെ പ്രാവർത്തികമായിക്കൊണ്ടിരിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് നമ്മളിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പല ഗവണ്മെന്റ് സർവീസുകളും ഇന്ന് പൊതുജനത്തിന് ഒരു സർക്കാർ സ്ഥാപനത്തിൽ പോകാതെ തന്നെ നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യങ്ങൾ അടങ്ങിയ നിരവധി ആപ്പുകൾ ഇന്ത്യ ഗവണ്മെന്റ് ഇറക്കിയിട്ടുണ്ട്. അത്തരത്തിൽ ഓരോ ഇന്ത്യക്കാരനും ഉപയോഗിച്ച് നോക്കേണ്ട, ചുരുങ്ങിയത് അറിഞ്ഞെങ്കിലും ഇരിക്കേണ്ട 10 ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.

UMANG (Unified Mobile Application for New-age Governance)

ഏതൊരു ഇന്ത്യക്കാരനും തീർച്ചയായും ഡൗൺലോഡ് ചെയ്തിരിക്കേണ്ട ആപ്പ്. നിരവധി ഗവണ്മെന്റ് സർവീസുകളാണ് ഈ ആപ്പ് നൽകുന്നത്. ആധാർ, ഡിജിലോക്കർ, പേഗവ തുടങ്ങി പല ഗവണ്മെന്റ് സർവീസുകളും ഒരു കുടക്കീഴിൽ ഇവിടെ ലഭ്യമാകും.

mPassport

പേര് സൂചിപ്പിക്കും പോലെ പാസ്സ്‌പോർട്ട് സംബന്ധമായ ഒരു ആപ്പ്. അടുത്തുള്ള പാസ്പോർട്ട് ഓഫീസ് അറിയുക, പാസ്സ്‌പോർട്ട് അപേക്ഷയുടെ സ്റ്റാറ്റസ് അറിയുക, പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ലഭ്യമാക്കുക തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ ആപ്പ്.

mAadhaar

ആധാറിന്റെ ആവശ്യങ്ങൾക്കുള്ള ഗവണ്മെന്റ് ആപ്പ്. നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ഈ ആപ്പിൾ ലഭ്യം. ഇവിടെ നിന്നും നിങ്ങളുടെ കെവൈസി വിവരങ്ങൾ ഏതൊരു സേവനദാതാവിനും പങ്കുവെക്കാൻ സാധിക്കും. ക്യുആർ കോഡ് വഴി ആധാർ വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

Postinfo

തപാൽ ഓഫീസുകൾ കാലത്തിനൊത്തുള്ള മാറ്റങ്ങൾക്ക് വിധേയമായപ്പോൾ കിട്ടിയതാണ് ഈ ആപ്പ്. തപാൽ സംബന്ധമായ വിവരങ്ങൾക്ക് ഉപയോഗിക്കാവുന്ന ആപ്പ്. പോസ്റ്റ് ഓഫീസുകൾ കണ്ടെത്തൽ, പാഴ്സലുകൾ ട്രാക്ക് ചെയ്യൽ അടക്കമുള്ള നിരവധി സൗകര്യങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്.

MyGov

ഗവൺമെന്റിനോട് നിങ്ങൾക്ക് സംസാരിക്കാൻ ഒരിടം. അതാണ് ഈ ആപ്പ്. നിങ്ങൾക്ക് ഉള്ള അഭിപ്രായങ്ങളും നിർദേശങ്ങളും എല്ലാം തന്നെ ഈ ആപ്പ് വഴി ബന്ധപ്പെട്ട വകുപ്പുകളിലേക്കും മന്ത്രിമാരിലേക്കും എത്തിക്കാം.

MySpeed(TRAI)

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ആപ്പ്. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ ആപ്പിന്റെ ഉദ്ദേശം. നെറ്റ്വർക്ക് കവറേജ്, ഇന്റർനെറ്റ് സ്പീഡ് തുടങ്ങിയ വിവരങ്ങളൊക്കെ ഇവിടെ ലഭ്യമാകും.

mKavach

ആവശ്യമില്ലാത്ത കോളുകളും മെസ്സേജുകളും എല്ലാം തന്നെ നിർത്തലാക്കാനായി ഗവണ്മെന്റിന്റെ തന്നെ ഒരു ആപ്പ്.

Swachh Bharat Abhiyaan

വൃത്തിയുള്ള ഭാരതം കെട്ടിപ്പടുക്കാനത്തിനായുള്ള സ്വഛ്‌ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ആപ്പ്. മുനിസിപ്പാലിറ്റികളും അർബൻ റൂറൽ ഏരിയകലുമെല്ലാം ഇതിലേക്ക് ബന്ധപ്പെടുത്തിയിട്ടുണ്ട്. പരാതികളും മറ്റും ബോധിപ്പിക്കുകയും പരിഹാരങ്ങൾ തേടുകയും ചെയ്യാം ഇവിടെ.

BHIM (Bharat Interface for Money)

Unified Payment Interface (UPI)ലൂടെ സാമ്പത്തിക ഇടപാടുകള്‍ ഓൺലൈനായും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കുമായുള്ള ആപ്പ്. രാജ്യത്തെ അല്ലാ ബാങ്കുകളും ഈ ആപ്പിലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്.

IRCTC

ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയുള്ള ഇന്ത്യൻ റെയിൽവേയുടെ ആപ്പ്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യൽ, ട്രെയിൻ സമയം അറിയാൻ തുടങ്ങി ഇന്ത്യൻ റയിൽവെയുടെ എല്ലാ അന്വേഷണങ്ങളും വിവരങ്ങളും ഇവിടെ ലഭ്യം.

Best Mobiles in India

English Summary

What to Do with Your Old Android Phone Before Selling It?