നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പെട്ടെന്നൊരു നാൾ നിന്നുപോയാൽ??


ഉപയോഗിച്ച് കൊണ്ടിരിക്കെ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ഫോൺ നിന്നുപോയാൽ എന്ത് ചെയ്യണം? സർവീസ് ചെയ്യാൻ കൊടുക്കും, അല്ലെങ്കിൽ വേറെയൊരു പുതിയ ഫോൺ വാങ്ങും.. അല്ലെ. എന്നാൽ ഇതിനെല്ലാം മുമ്പായി ചെയ്തുനോക്കേണ്ട ചില കാര്യങ്ങളുണ്ട്.

Advertisement

പലതും നമുക്കറിയാം. എന്നാൽ അറിയാത്തവരും ഇവിടെ ഉണ്ട് എന്നറിയാം. എന്തായാലും ഈ വിധം നമ്മുടെ ഫോൺ പെട്ടന്നൊരു ദിവസം പണിമുടക്കിയാൽ എന്തൊക്കെ നമ്മൾ ആദ്യമേ ചെയ്തു നോക്കണം എന്നതിനെ കുറിച്ച് പറയുകയാണിവിടെ.

Advertisement

സ്ക്രീൻ മാത്രം ഓൺ ആവാത്തതാണോ?

ഇങ്ങനെയൊരു പ്രശ്നം നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. പെട്ടെന്ന് നോക്കിയാൽ ഫോൺ ഓൺ ആവുന്നില്ല എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കിയാൽ ഒന്നുകിൽ നോട്ടിഫിക്കേഷൻ ലൈറ്റ് കത്തുന്നതായി കാണാം. അല്ലെങ്കിൽ ഫോണിൽ നിന്നും മറ്റു ശബ്ദങ്ങൾ കേൾക്കാം. ഫോണിലേക്ക് വേറൊരു ഫോണിൽ നിന്നും കോൾ ചെയ്തു നോക്കുകയാണെങ്കിൽ ഒന്നുകൂടെ നല്ലത്. ഫോൺ റിങ്ങ് ചെയ്യുന്നതായി മനസ്സിലാകും.

മതിയായ ചാർജ്ജ് ഉണ്ടോ ഫോണിൽ?

ഇതെന്തു ചോദിക്കാൻ എന്ന് സംശയിക്കാൻ വരട്ടെ. കാരണം ഇത്തരത്തിൽ പലപ്പോഴും ഫോൺ ഓൺ ആകാത്ത വിഷയത്തിൽ പലർക്കും പറ്റുന്ന അബദ്ധം ആണിത്. ഫോണിൽ സിനിമയോ മറ്റോ കണ്ട് ഉറങ്ങിപ്പോകും. രാവിലെയാകുമ്പോഴേക്കും ബാറ്ററിയെല്ലാം തീർന്ന് ഫോൺ ചാർജ്ജ് നന്നേ കാലിയായിട്ടുണ്ടാവും. അങ്ങനെ പൂർണ്ണമായും ബാറ്ററി കാലിയായാൽ ചില ഫോണുകളിൽ തിരിച്ച് ചാർജ്ജ് കയറി ഫോൺ ഓൺ ആകാൻ സമയമെടുക്കും.

ചിലപ്പോൾ അരമണിക്കൂർ വരെയൊക്കെ വേണ്ടി വരും ഫോൺ ഓൺ ആവാൻ. ഇതറിയാതെ നമ്മൾ ഫോൺ ചാര്ജിലിട്ടിട്ട് രണ്ടു മിനിറ്റ് കഴിയുമ്പോഴക്കും ഫോൺ ഓൺ ആവുന്നില്ലല്ലോ എന്നും പറഞ്ഞുകൊണ്ട് ഷോപ്പിൽ കൊണ്ടുക്കൊടുത്താൽ നല്ല കടക്കാരൻ അല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങളെ പറ്റിച്ച് വലിയ എന്തെങ്കിലും പ്രശ്നമുണ്ടെന്നൊക്കെ പറഞ്ഞു പണം തട്ടിയെടുക്കാൻ സാധ്യതയുണ്ട്.

 

എവിടെയെങ്കിലും നിന്ന് ഫോൺ നനഞ്ഞുവോ?

ഫോൺ നനഞ്ഞു എന്ന് പറയുമ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കാൻ മാത്രം നനഞ്ഞു എന്നോ ഫോണിൽ വെള്ളം തെറിച്ചു എന്നോ കരുതേണ്ടതില്ല. ചെറിയ രീതിയിലുള്ള നനയലുകളും മതിയാകും ഫോൺ തകരാറിലാകാൻ. പലപ്പോഴും ചെറിയ നനവുകൾ പോലും വേണ്ടത്ര നമ്മൾ ശ്രദ്ധിക്കാതെ വിട്ടാൽ വാട്ടർ പ്രൂഫ് അല്ലാത്ത ഫോണുകളെ സംബന്ധിച്ചെടുത്തോളം അത് മതിയാകും ഫോൺ നാശമാകാൻ.

ലോഗോ സ്ക്രീൻ മാത്രം കാണുന്നു; അവിടെ തന്നെ നില്കുന്നു

ഇതിന് കാരണം ബൂട്ട്ലൂപ്പ് ആണ്. തൊട്ടുമുമ്പ് ശരിയായ രീതിയിൽ അല്ലാത്ത എന്തെങ്കിലും സോഫ്റ്റ് വെയർ അപ്ഡേറ്റ്, ഒഎസ് അപ്ഡേറ്റ് എന്നിങ്ങനെ ഫോൺ സിസ്റ്റത്തിനെ ബാധിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഫോൺ തുടക്കത്തിൽ തന്നെ നിന്നുപോകാൻ കാരണമാകുന്നു. നിങ്ങൾക്ക് ഒരു ബാക്ക് അപ്പ് ഉണ്ടെങ്കിൽ റിക്കവറി ചെയ്തെടുക്കാം. സോഫ്റ്റ് വെയർ പഴയതിലേക്ക് തന്നെ മാറ്റിയും പ്രശ്നം പരിഹരിക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തവർ സർവീസ് സെന്ററിന്റെ സഹായം തേടുകയാവും ഉചിതം.

ഇനി പ്രശ്നം ചാർജറിനോ അല്ലെങ്കിൽ പിന്നിനോ ആണെങ്കിലോ?

ഇതും തള്ളിക്കളയാൻ പറ്റാത്ത ഒരു കാര്യമാണ്. കാരണം ചിലപ്പോൾ നമ്മുടെ ഫോണിനായിരിക്കില്ല, മറിച്ച് നമ്മുടെ ചാർജ്ജറിനാണ് പ്രശ്നമെങ്കിലോ. അല്ലെങ്കിൽ ചാർജർ പിൻ കണക്ട് ചെയ്യുന്ന സ്ലോട്ടിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ.. അതിനാൽ വെറുതെ ഫോണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഫോൺ കാലാവധി കഴിഞ്ഞതാണെങ്കിൽ

ഇങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ. ഈ കാരണം ഒരുപക്ഷെ നമുക്ക് തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ. വര്ഷങ്ങളായി ഉപയോഗിച്ച് അതിന്റെ സോഫ്റ്റ്‌വെയറും ഹാർഡ് വെയറും എല്ലാം തന്നെ പണിയായി ഇനിയങ്ങോട്ട് ഒരടി മുമ്പോട്ട് പോകില്ല എന്ന അവസ്ഥയിൽ എത്തുമ്പോൾ ഫോൺ അതിന്റെ അവസാന ശ്വാസവും നിലച്ചുകൊണ്ട് ഒരുപാട് ഓർമ്മകൾ ബാക്കിയാക്കികൊണ്ട് ഈ ലോകത്തോട് വിടപറയും. ഈ അവസ്ഥയിൽ വേറെയൊരു ഫോൺ വാങ്ങുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യേണ്ടതില്ല എന്നറിയാമല്ലോ.

ആൻഡ്രോയിഡ് ഫോണിൽ നിങ്ങൾക്ക് അധികം അറിയാത്ത ഉപകാരപ്രദമായ 5 സൗകര്യങ്ങൾ

Best Mobiles in India

English Summary

What You Can Do With Your Dead or Bricked Android Smartphone.