ഇന്ത്യയ്ക്ക് ആപ്പിള്‍ ഐട്യൂണ്‍സ് സ്റ്റോര്‍ ഇല്ല



ആപ്പിളിന്റെ ഐട്യൂണ്‍ സ്റ്റോര്‍ ഏഷ്യയിലെ 12 രാജ്യങ്ങളിലേക്ക് കൂടിയെത്തി. എന്നാല്‍ ഇന്ത്യ അതില്‍ പെടുന്നില്ല. സിംഗപ്പൂര്‍, തായ്‌വാന്‍, ഹോങ്കോംഗ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് ഐട്യൂണ്‍ സ്റ്റോര്‍ എത്തുക. പ്രമുഖ മ്യൂസിക് ബ്രാന്‍ഡുകളുടെയും സ്റ്റുഡിയോകളുടേയും പാട്ടും സിനിമകളും ലഭ്യമാകുന്ന ആപ്പിളിന്റെ സ്റ്റോറാണ് ഐട്യൂണ്‍സ് സ്‌റ്റോര്‍. ഐഒഎസ് ആപ്ലിക്കേഷനെ പിന്തുണക്കുന്ന ആപ്പിളിന്റെ ആപ് സ്‌റ്റോറാണിതെന്ന് തെറ്റിദ്ധരിക്കേണ്ട. ഐട്യൂണ്‍ സ്‌റ്റോറില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സിനിമകളും മറ്റും വാങ്ങാനും വാടകക്കെടുക്കാനും സാധിക്കും.

എന്തായാലും ഐട്യൂണ്‍സ് സ്‌റ്റോറിന് ഇന്ത്യന്‍ ഉപഭോക്താക്കളും ഏറെ കാത്തിരുന്നെങ്കിലും ശ്രീലങ്ക, മകാവു, ലാവോസ്, ഫിലിപ്പീന്‍സ് പോലുള്ള ചെറു ആപ്പിള്‍ വിപണികളിലാണ് ഇതിപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വിപണികളേക്കാള്‍ വലിയ വിപണിയായ ഇന്ത്യക്ക് ഐട്യൂണ്‍സ് നല്‍കാതെ നിരാശപ്പെടുത്തുകയായിരുന്നു ആപ്പിള്‍. ആപ്പിളിന്റെ ഈ സമീപനം ഇന്ത്യയിലെ പ്രമുഖ മ്യൂസിക്, സിനിമ സ്റ്റുഡിയോകളുടെ ആവശ്യപ്രകാരം ആണോ എന്നറിയില്ല. അതായത് ഇന്ത്യന്‍ വിപണിയില്‍ വേറിട്ട സമീപനം സ്വീകരിക്കാനാണ് സ്റ്റുഡിയോകളുടെ തീരുമാനമെങ്കില്‍ ആപ്പിളിന് നേരെ പ്രതിഷേധിച്ചിട്ട് കാര്യമില്ല.

Advertisement

ഐട്യൂണ്‍ സ്റ്റോര്‍ ഇന്ത്യയില്‍ ഇത്തവണ എത്താത്തതിന് ഇത്തരത്തിലുള്ള പല കാരണങ്ങളും ഊഹിക്കാമെങ്കിലും ഒന്നിലും ഉറച്ചുനില്‍ക്കുക സാധ്യമല്ല. പ്രതീക്ഷ നഷ്ടപ്പെടാതെ അടുത്ത ഘട്ടം വരെ കാത്തിരിക്കുകയാണ് ഇനി ആപ്പിളിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മുമ്പിലുള്ള വഴി.

Best Mobiles in India

Advertisement