സിം കാര്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ്; കെണിയില്‍ വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട 13 മുന്‍കരുതലുകള്‍


അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് അറിയിച്ച് വരുന്ന ഫോണ്‍ കോളുകള്‍ സൂക്ഷിക്കുക. പുതിയതരം തട്ടിപ്പാണിത്. അടുത്തിടെ പൂണെയില്‍ ഒരാള്‍ക്ക് 93500 രൂപ ഇതുവഴി നഷ്ടമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ നിരവധി കേസുകള്‍ ദിനവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

1. സിം കാര്‍ഡിന്റെ വ്യാജപതിപ്പ്

നിങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി സിം കാര്‍ഡിന്റെ വ്യാജപതിപ്പ് ഉണ്ടാക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇതോടെ നിങ്ങളുടെ കൈയിലുള്ള സിം കാര്‍ഡില്‍ സിഗ്നല്‍ കിട്ടാതെയാകും. ഒടിപി അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ തട്ടിപ്പുകാരുടെ പക്കലുള്ള സിം കാര്‍ഡിലാവും കിട്ടുക.

2. കമ്പനി പ്രതിനിധി ഭാവിച്ച് കോളുകള്‍

മൊബൈല്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന കോളുകള്‍ വിളിച്ചാണ് തട്ടിപ്പ് ആരംഭിക്കുന്നത്. കോള്‍ ഡ്രോപ്, സിഗ്നല്‍ അപര്യാപ്ത എന്നിവയെ കുറിച്ചായിരിക്കും തുടക്കത്തില്‍ സംസാരിക്കുക. തുടര്‍ന്ന് സംശയം തോന്നാത്ത വിധത്തില്‍ പല ഉപദേശങ്ങളും വാഗ്ദാനങ്ങളും നല്‍കും.

3. 20 അക്ക സിം നമ്പര്‍ സ്വന്തമാക്കുക ലക്ഷ്യം

സംസാരം പുരോഗമിക്കുന്നതിന് അനുസരിച്ച് ഇരുപത് അക്ക സിം നമ്പര്‍ ആവശ്യപ്പെടും. സിം കാര്‍ഡിന്റെ പിന്നില്‍ കാണുന്ന നമ്പരാണിത്. ഇതുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിക്കുന്ന സേവനം നല്‍കാന്‍ കഴിയൂവെന്ന് നിങ്ങളെ വിശ്വസിപ്പിക്കും.

4. ഒന്ന് അമര്‍ത്താന്‍ ആവശ്യപ്പെടും

സിം നമ്പര്‍ അയച്ചതിന് ശേഷം ഒന്ന് അമര്‍ത്താന്‍ ആവശ്യപ്പെടും. സിം കാര്‍ഡിന്റെ പതിപ്പ് ഉണ്ടാക്കുന്നതിന് സമ്മതമാണെന്ന് അറിയുക്കയാണ് ഇതിലൂടെ നിങ്ങള്‍ ചെയ്യുന്നതിന്. ഇതോടെ തട്ടിപ്പുകാരന് മൊബൈല്‍ സേവനദാതാവിനെ നേരിട്ട് സമീപിച്ച് നിങ്ങളുടെ സിം കാര്‍ഡിന്റെ വ്യാജപതിപ്പ് സ്വന്തമാക്കാന്‍ കഴിയും.

5. സിഗ്നല്‍ കിട്ടുകയില്ല

സിം കാര്‍ഡിന്റെ വ്യാജ പതിപ്പ് തട്ടിപ്പുകാരന്റെ കൈകളില്‍ എത്തിയാല്‍ നിങ്ങളുടെ ഫോണില്‍ സിഗ്നല്‍ ലഭിക്കുകയില്ല.

6. പണം തട്ടുന്ന വിധം

രണ്ട് ഘട്ടങ്ങളിലൂടെയാണ് പണം തട്ടുന്നത്. ആദ്യം തട്ടിപ്പുകാര്‍ നിങ്ങളുടെ ബാങ്കിംഗ് ഐഡിയും പാസ്‌വേഡും സ്വന്തമാക്കും. അതിനുശേഷം സിം കാര്‍ഡിന്റെ വ്യാജ പതിപ്പില്‍ വരുന്ന ഒടിപി ഉപയോഗിച്ച് പണം തട്ടും.

7. ബാങ്കിംഗ് ഐഡി തട്ടിപ്പുകാര്‍ എങ്ങനെ സ്വന്തമാക്കുന്നു

ഫിഷിംഗ് ആക്രമണങ്ങളിലൂടെയാണ് ഇത് ചെയ്യുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റിന്റെ വ്യാജ പതിപ്പുണ്ടാക്കി ആവശ്യമായ വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കും.

8. ആധാര്‍ നമ്പര്‍ പങ്കുവയ്ക്കരുത്

ആധാര്‍ നമ്പര്‍ ആരുമായും പങ്കുവയ്ക്കരുത്. ആധാര്‍ നമ്പരും ഫോണ്‍ നമ്പരും തട്ടിപ്പുകാരുടെ കൈകളിലെത്തിയാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

9. അപരിചിതരുടെ കോളുകള്‍ ഒഴിവാക്കരുത്

സിം കാര്‍ഡിന്റെ വ്യാജപതിപ്പ് ഉണ്ടാക്കാനുള്ള നടപടി ആരംഭിച്ചാലുടന്‍ തട്ടിപ്പുകാര്‍ നിങ്ങളെ വിളിച്ച് ശല്യം ചെയ്യാന്‍ സാധ്യതയുണ്ട്. പലരും ശല്യം സഹിക്കാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ് പതിവ്. പുതിയ സിം ആക്ടിവേറ്റ് ചെയ്യാന്‍ കമ്പനികള്‍ നാലുമണിക്കൂര്‍ സമയമെടുക്കും. ഈ സമയം നിങ്ങളുടെ ഫോണ്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് തട്ടിപ്പുകാര്‍ക്ക് നല്ലത്.

10. മുതിര്‍ന്ന പൗരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കുക

ഇത്തരം തട്ടിപ്പുകളെ കുറിച്ച് കാര്യമായി അറിയാത്ത മുതിര്‍ന്ന പൗരന്മാരെയാണ് തട്ടിപ്പുകാര്‍ വലയില്‍ വീഴ്ത്തുന്നത്. അതുകൊണ്ട് മേല്‍ സൂചിപ്പിച്ച പ്രകാരമുള്ള ഫോണ്‍ കോളുകള്‍ സൂക്ഷിക്കുക.

11. ബാങ്ക് ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക

ബാങ്ക് ബാലന്‍സ് പരിശോധിക്കുക. ഇടയ്ക്കിടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പാസ്‌വേഡ് മാറ്റുക. തട്ടിപ്പ് നടന്നാല്‍ ഉടനടി കണ്ടെത്താനും ഒരുപരിധി വരെ തടയാനും ഇതിലൂടെ കഴിയും.

12. സിം കാര്‍ഡിന്റെ പതിപ്പുണ്ടാക്കുന്നത് നിയമപരമാണ്

2G സിം കാര്‍ഡില്‍ നിന്ന് 3G-യിലേക്ക് മാറുമ്പോള്‍ കമ്പനികള്‍ ചെയ്യുന്നത് സിമ്മിന്റെ പുതിയ പതിപ്പ് ഉണ്ടാക്കുകയാണ്. പുതിയ സിം കാര്‍ഡ് ആക്ടീവ് ആയി കഴിഞ്ഞാല്‍ പഴയ സിം പ്രവര്‍ത്തിക്കുകയില്ല. നാനോ സിം കാര്‍ഡുകളിലേക്ക് മാറുമ്പോള്‍ നടക്കുന്നതും ഇത് തന്നെ.

13. അപ്പോള്‍ എവിടെയാണ് പ്രശ്‌നം

സിം കാര്‍ഡിന്റെ പിന്നിലുള്ള ഇരുപത് അക്ക നമ്പര്‍ ഉപയോഗിച്ച് മറ്റാരെങ്കിലും നമ്മുടെ സിം കാര്‍ഡിന്റെ വ്യാജ പതിപ്പ് ഉണ്ടാക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നത്.

Most Read Articles
Best Mobiles in India
Read More About: mobiles sim news technology

Have a great day!
Read more...

English Summary

13 things to know about this online banking scam