ജെല്ലി ബീന്‍; ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസ്



പ്രതീക്ഷിച്ചതുപോലെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പേര് ജെല്ലി ബീന്‍ തന്നെ. ഇന്നലെ ആരംഭിച്ച ഗൂഗിള്‍ ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ആന്‍ഡ്രോയിഡ് 4.1 അഥവാ ജെല്ലിബീന്‍ വേര്‍ഷനെ ഗൂഗിളാണ് പരിചയപ്പെടുത്തിയത്. ഐഫോണ്‍ സിരിയുടെ ശത്രുവായ ഗൂഗിള്‍ നൗ എന്ന പുതുമയേറിയ സെര്‍ച്ച് ടൂളുള്‍പ്പടെയുള്ള സവിശേഷതകളാണ് ജെല്ലി ബീനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജൂലൈ മധ്യത്തോടെ ജെല്ലി ബീന്‍ വേര്‍ഷന്‍ ലഭ്യമാക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഗാലക്‌സി നെക്‌സസ്, മോട്ടറോള ക്‌സൂം, നെക്‌സസ് എസ് എന്നീ ഉത്പന്നങ്ങളില്‍ ഈ അപ്‌ഡേഷന്‍ ഓട്ടോമാറ്റിക്കായി ലഭ്യമാകും. നിങ്ങളുടെ ടാബ്‌ലറ്റ്, സ്മാര്‍ട്‌ഫോണുകളില്‍ ശരിയായ വിവരങ്ങള്‍ ശരിയായ സമയത്ത് ലഭ്യമാക്കുകയാണ് സെര്‍ച്ച് ടൂളായ ഗൂഗിള്‍ നൗവിന്റെ ധര്‍മ്മം. ആപ്പിളിന്റെ സിരി ആപ്ലിക്കേഷനുമായി സാമ്യമുള്ള ശബ്ദാധിഷ്ഠിത സേവനമാണിത്.

Advertisement

ഗൂഗിള്‍ നൗ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ട്രാഫിക് അറിയുകയാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ നിങ്ങളുടെ സ്ഥിരം യാത്രാവഴികള്‍ നിരീക്ഷിച്ച് അവിടെ ധാരാളം ട്രാഫിക് കുരുക്കുകളുണ്ടെങ്കില്‍ പകരം വഴി നിര്‍ദ്ദേശിച്ചു തരുന്നതാണ്. ഓട്ടോമാറ്റിക്കായി സ്‌പോര്‍ട്‌സ് സ്‌കോറുകളും ഇതിലൂടെ അറിയാം. ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസും ലഭ്യമാക്കും.

Advertisement

എന്‍എഫ്‌സി വയര്‍ലസ് സാങ്കേതികതയെ ജെല്ലി ബീന്‍ പതിപ്പില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നുണ്ട്. ഈ ടെക്‌നോളജി ഉപയോഗിച്ച് രണ്ട് ഫോണുകളിലെ ഫോട്ടോകള്‍ പരസ്പരം എളുപ്പത്തില്‍ പങ്കുവെക്കാനാകും. ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളുടെ എണ്ണവും ഉപയോഗവും വന്‍തോതിലാണ് ഉയരുന്നതെന്ന് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അഭിപ്രായപ്പെട്ടു.

Best Mobiles in India

Advertisement