ഇനി ഇന്റര്‍നെറ്റ് വഴി മീന്‍ വാങ്ങാം



മീന്‍ വണ്ടി വരുന്നതും നോക്കി കാത്തിരുന്ന്, അല്ലെങ്കില്‍ ചന്തയില്‍ പോയി വിലപേശി അമോണിയ മുക്കിയ മീന്‍ വാങ്ങേണ്ട കാലം കഴിയാറായി എന്നു തന്നെ പറയാം. നല്ല പച്ചയക്കു പച്ച, പെടപെടാ പെടയ്ക്കുന്ന മീന്‍ ഇനി ഇന്റര്‍നെറ്റ് വഴി വാങ്ങാം. ഫിഷിംഗ് നെറ്റല്ല, ഇന്റര്‍നെറ്റ് തന്നെയാണുദ്ദേശിച്ചത്. കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള സീ റ്റു ഹോം എന്ന കമ്പനിയാണ് seatohome.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മത്സ്യവ്യാപാരം നടത്തുന്നത്. കടലില്‍ നിന്ന് പിടിച്ച മീന്‍ ഒരു തരത്തിലുള്ള രാസവസ്തുക്കളും ഉപയോഗിയ്ക്കാതെ ശുദ്ധമായി ആവശ്യക്കാരുടെ കൈയ്യിലെത്തിയ്ക്കും എന്നാണ് കമ്പനിയുടെ വാഗ്ദാനം. ആകാശ മാര്‍ഗത്തിലും, കൊറിയര്‍ സംവിധാനത്തിലൂടെയും പിടിച്ചു മണിക്കൂറുകള്‍ക്കകം മീന്‍ ഓണ്‍ലൈന്‍ ആവശ്യക്കാരുടെ വീട്ടുപടിയ്ക്കലെത്തും.വില അന്നന്നത്തെ നിലവാരം അനുസരിച്ച് കൈപ്പറ്റുമ്പോള്‍ നല്‍കിയാല്‍ മതിയാകും. വില സംബന്ധിയായ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാകും.

ഇപ്പോള്‍ ബാംഗ്ലൂരിലും സീ റ്റു ഹോം അവരുടെ സേവനം ആരംഭിച്ചിട്ടുണ്ട്. തലേന്ന് രെജിസ്റ്റര്‍ ചെയ്താല്‍ പിറ്റേന്ന് രാവിലെ പച്ചമീന്‍ ബാംഗ്ലൂരിലെ വീട്ടില്‍ എത്തും. രാസവസ്തുക്കളിട്ട് വിഷമാക്കാത്ത മീന്‍, വെട്ടിയോ, വെട്ടാതെയോ ആവശ്യമനുസരിച്ച് കമ്പനി എത്തിയ്ക്കും.

Best Mobiles in India

Advertisement