സെല്‍ആപിന്റെ ഡാറ്റായൂസേജ്, ടോര്‍ച്ച് ആപ്ലിക്കേഷനുകള്‍



നോക്കിയ സ്‌റ്റോറുകളിലെത്തുന്നവര്‍ക്ക് വെളിച്ചം പകരുകയാണ് ക്യുടോര്‍ച്ച്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെല്‍ആപ്

എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷന്‍ നോക്കിയ സ്‌റ്റോറിലെ ഏറ്റവും പ്രശസ്തമായ ആപ്ലിക്കേഷനാണിപ്പോള്‍.

Advertisement

190 രാജ്യങ്ങളില്‍ നിന്നായി 17 ലക്ഷം തവണയാണ് ക്യുടോര്‍ച്ച് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. നോക്കിയ സിമ്പിയാന്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളിലാണ് ക്യുടോര്‍ച്ച് എന്ന ആപ്ലിക്കേഷന്‍ ലഭിക്കുക. വെളിച്ചം വേണ്ടപ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണിനെ ഏത് സമയത്തും ടോര്‍ച്ചായി ഉപയോഗിക്കാന്‍ സാധിക്കും.

Advertisement

ക്യുടി അധിഷ്ഠിത ആപ്ലിക്കേഷനാണിത്. ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെ രൂപീകരണത്തിന് ഉപയോഗിക്കുന്ന ക്രോസ് പ്ലാറ്റ്‌ഫോം ആപ്ലിക്കേഷന്‍ ഫ്രെയിം

വര്‍ക്കാണ് ക്യുടി. ക്യുടി ആപ്ലിക്കേഷനുകളില്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസും ഉള്‍പ്പെടുത്താറുണ്ട്.

ക്യുടി ഉപയോഗിക്കുമ്പോള്‍ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിച്ചെടുക്കാന്‍ വളരെ എളുപ്പമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതായി സെല്‍ആപ് സിഇഒ ജി പത്മകുമാര്‍ പറഞ്ഞു. വികസിപ്പിച്ചെടുക്കാനുള്ള സമയവും പകുതിയോളം ലാഭിക്കാം. ക്യുടിയില്‍ ഡ്രാഗ്, ഡ്രോപ് യൂസര്‍ ഇന്റര്‍ഫേസ് എഡിറ്റര്‍ ഉണ്ട്. ഇതില്‍ പെട്ടെന്ന് തന്നെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാന്‍ സഹായകമായ ധാരാളം ടൂളുകളും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യത്തിനനുസരിച്ച് സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് വര്‍ധിപ്പിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ അല്‍ഗോരിതത്തിന്റെ സഹായത്തോടെയാണ് ക്യുടോര്‍ച്ച് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നോക്കിയ എന്‍8ല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന പേരും ക്യുടോര്‍ച്ചിന് സ്വന്തമാണിപ്പോള്‍.

Advertisement

ക്യുടോര്‍ച്ചിന് ലഭിച്ച സ്വീകാര്യത ആവര്‍ത്തിക്കാന്‍ ഡാറ്റാമോണിറ്റര്‍ ഉള്‍പ്പടെ മറ്റ് ചില ആപ്ലിക്കഷനുകളെ കൂടി കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വഴിയുള്ള ട്രാഫിക്ക് അളക്കാനും തത്സമയ ഡാറ്റായൂസേജ് (ഇന്റര്‍നെറ്റ് ഡാറ്റാ ഉപഭോഗം) മനസ്സിലാക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

ഡാറ്റായൂസേജ് ഉയര്‍ന്നിട്ടുണ്ടെന്ന് കാണിച്ചാണ് മിക്ക സേവനദാതാക്കളും ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നത്. ഡാറ്റാമോണിറ്റര്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റാ ഉപയോഗം എത്രയാണെന്ന് ഹോംസ്‌ക്രീനിലൂടെ തത്സമയം അറിയാനും ഡാറ്റാ ഉപയോഗ പരിധി എത്തും മുമ്പ് ഒരു അലാറത്തിലൂടെ ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുന്നു.

മൊബൈല്‍ ബില്ലുകള്‍ കുറക്കാന്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപകാരപ്പെട്ടതായി കമ്പനി അവകാശപ്പെടുന്നു.

Advertisement

ഈ ആപ്ലിക്കേഷന്റെ സൗജന്യവേര്‍ഷന്‍ ഉപയോഗിച്ച് ജിപിആര്‍എസ് ഡാറ്റാ യൂസേജാണ് നിരീക്ഷിക്കാന്‍ സാധിക്കുക. അതേ സമയം പ്രീമിയം ആപ്ലിക്കേഷനിലൂടെ ഡാറ്റാ യൂസേജ് നിരീക്ഷിക്കുന്നതിനൊപ്പം യൂസേജ് അലാറം വെക്കാനും ജിപിആര്‍എസ്/വൈഫൈ തുടങ്ങി ഏത് നെറ്റ്‌വര്‍ക്കാണോ നിരീക്ഷിക്കണ്ടേത് എന്ന് തെരഞ്ഞെടുക്കാനും സാധിക്കും.

2010ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയാണ് സെല്‍ആപ്. അടുത്തിടെ വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്‌പ്ലേസിന് വേണ്ടി അഞ്ച് ആപ്ലിക്കേഷനുകള്‍ കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. വെറും നാലാഴ്ചകൊണ്ടാണ് ഈ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചത്. ഈ അഞ്ചെണ്ണത്തെ കൂടാതെ കൂടുതല്‍ മികച്ച ആപ്ലിക്കേഷനുകള്‍ വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസില്‍ കൊണ്ടുവരാന്‍ പദ്ധതിയുള്ളതായി പത്മകുമാര്‍ അറിയിച്ചു.

Best Mobiles in India