+375ലും +92വിലും തുടങ്ങുന്ന കോളുകള്‍ എടുക്കരുത്



+375, +92 എന്നീ നമ്പറുകളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നിങ്ങള്‍ക്കെപ്പോഴെങ്കിലും ലഭിച്ചിച്ചുണ്ടോ? നിങ്ങളുടെ മിസ്ഡ് ലിസ്റ്റില്‍ അങ്ങനെ ഒരു നമ്പര്‍ ഉണ്ടെങ്കില്‍ അതിലേക്ക് തിരിച്ച് വിളിക്കരുതെന്നാണ് മുന്നറിയിപ്പ്. അന്താരാഷ്ട്ര നമ്പറാണല്ലോ വിദേശത്തുനിന്നുള്ള ഏതെങ്കിലും സുഹൃത്ത് mവിളിച്ചതാകുമോ എന്ന് കരുതിപ്പോകുന്നവര്‍ ധാരാളമാണ്. നിങ്ങള്‍ ആ വിഭാഗത്തില്‍ പെടാതിരിക്കുക. കാരണം ഇതൊരു തട്ടിപ്പാണ്.

ആദ്യം ഇമെയില്‍ തട്ടിപ്പുകളായിരുന്നു ഏറെയും ഉണ്ടായിരുന്നത്. സമ്മാനവും പണവും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍. പിന്നെ മൊബൈല്‍ എസ്എംഎസുകളുടെ രൂപത്തില്‍ വന്നു അവ. ഇപ്പോഴിതാ മിസ്ഡ് കോള്‍ നല്‍കി നിങ്ങളുടെ കോളും പ്രതീക്ഷിച്ചിരിക്കുകയാണ് തട്ടിപ്പുകാര്‍. ഈ തട്ടിപ്പ് നടക്കുന്നതിനൊപ്പം ഇതൊരു തട്ടിപ്പാണെന്ന സന്ദേശങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

Advertisement

ബ്ലാക്ക്‌ബെറി മെസഞ്ചര്‍, ഫെയ്‌സ്ബുക്ക് എന്നിവ വഴിയാണ് +375 തട്ടിപ്പാണെന്ന് കാണിക്കുന്ന മുന്നറിയിപ്പ് പ്രചരിക്കുന്നത്. ''+375ല്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കുന്നവരും അവ കട്ട് ചെയ്യുന്നവരും മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിക്കുന്നവരും ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. തിരിച്ചുവിളിക്കുമ്പോള്‍ 15 മുതല്‍ 30 ഡോളര്‍ വരെയാണ് ഒരു കോള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. മാത്രമല്ല, മൂന്ന് സെക്കന്റുകള്‍ക്കുള്ളില്‍ നമ്പര്‍ കോപ്പി ചെയ്യപ്പെടുന്നു. ഫോണില്‍ നമ്പറിന് പുറമെ ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതും ഈ സമയം കൊണ്ട് പകര്‍ത്തപ്പെടുന്നു. ഇത്തരം കോളുകള്‍ അറ്റന്റ് ചെയ്യരുത്. '' ഇങ്ങന പോകുന്നു മുന്നറിയിപ്പ്.

Advertisement

എന്നാല്‍ ഈ മുന്നറിയിപ്പ് പൂര്‍ണ്ണമായും ശരിയല്ലെന്നാണ് ടെലികോം സേവനദാതാക്കളില്‍ നിന്നും ഐടി വിദഗ്ധരില്‍ നിന്നും വ്യക്തമാകുന്നത്. 15 മുതല്‍ 30 ഡോളര്‍ വരെ തുക തിരിച്ചുവിളിച്ചാല്‍ പോകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ടെങ്കിലും അത് 15 രൂപയാണെന്നാണ് ഒരു വരിക്കാരന് സേവനദാതാവില്‍ നിന്ന് ലഭിച്ച മറുപടി. എങ്കിലും ഇത് തട്ടിപ്പ് കോളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്നറിയിപ്പില്‍ പറയുന്ന മറ്റൊരു കാര്യം ഫോണ്‍ വിളിച്ചാല്‍ മൂന്ന് സെക്കന്റിനുള്ളില്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ്. എന്നാല്‍ അത് സാധ്യമല്ലെന്നും ഇത് കോള്‍ ചാര്‍ജ്ജ് ഈടാക്കാനുള്ള മാര്‍ഗ്ഗം മാത്രമാണെന്നും ഐടി വിദഗ്ധര്‍ പറയുന്നു. ഇതിന് മുമ്പും ഉണ്ടായിരുന്ന പ്രയോരിറ്റി പേയ്‌മെന്റ് നമ്പര്‍ എന്ന പേരിലുള്ള തട്ടിപ്പാണിത്. ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാം പരമാവധി നമ്പറിലേക്ക് കോള്‍ ചെയ്യും.

Advertisement

ഇങ്ങനെ കോള്‍ ലഭിച്ചവര്‍ തിരിച്ചുവിളിക്കുമ്പോള്‍ ഇന്റര്‍നാഷണല്‍ കോള്‍ ചാര്‍ജ്ജ് ഈടാക്കുകയാണ് ചെയ്യുന്നത്. ഈ ചാര്‍ജ്ജ് ചെയ്യുന്ന പണം ഈ നമ്പറിന്റെ ഉടമസ്ഥര്‍ക്ക് ലഭിക്കും. അതൊരു കമ്പനിയാണെങ്കില്‍ ഈ കോള്‍ ചെയ്യാന്‍ അവര്‍ നിയോഗിച്ച തട്ടിപ്പുകാര്‍ക്ക് അതിന്റെ ഒരു വിഹിതം നല്‍കുകയുമാണ് ചെയ്യുന്നതെന്നത്രെ.

എന്തായാലും ഇത്തരം അബദ്ധങ്ങളില്‍ പെടാതിരിക്കാന്‍ അപരിചിതമായ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കരുതെന്നാണ് സേവനദാതാക്കളും വിദഗ്ധരും നല്‍കുന്ന നിര്‍ദ്ദേശം. +92, +375 എന്നീ നമ്പറുകളില്‍ തുടങ്ങുന്ന കോളുകള്‍ക്ക് പ്രതികരിക്കാതിരിക്കുകയെന്ന് എയര്‍ടെല്ലും ഒരു അറിയിപ്പ് ഇറക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ എയര്‍ടെല്‍ സൈറ്റില്‍ ലഭ്യമാണ്.

Best Mobiles in India

Advertisement