ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാം വാങ്ങുന്നു


ഫോട്ടോ ഷെയറിംഗ്, എഡിറ്റിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം ഫെയ്‌സ്ബുക്കിന് സ്വന്തമാകും. 100 കോടി ഡോളറിനാണ് (ഏകദേശം 5,115 കോടി രൂപ) ഫെയ്‌സ്ബുക്ക് ഇത് ഏറ്റെടുക്കുക. സ്മാര്‍ട്‌ഫോണുകളില്‍ നിന്നെടുക്കുന്ന ചിത്രങ്ങള്‍ക്ക് പുതിയ ഇഫക്റ്റുകളും ഫില്‍റ്ററുകളും നല്‍കാന്‍ കഴിയുന്ന ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ 2011 ജനുവരിയിലാണ് ആദ്യമായി ഇറങ്ങിയത്.

ആദ്യം ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോറായ ഐട്യൂണ്‍സിലാണ് ഈ ആപ്ലിക്കേഷന്‍ എത്തിയിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഗൂഗിള്‍ പ്ലേയില്‍ എത്തിയത്. 3 കോടിയോളം ഉപയോക്താക്കള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിനുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ 12നടുത്ത് ജീവനക്കാരാണുള്ളത്. ഈ ടീമിനെ പൂര്‍ണ്ണമായും ഫെയ്‌സ്ബുക്ക് ഏറ്റെടുക്കും. മെയില്‍ ഓഹരി വിപണിയിലേക്ക് കടക്കുന്ന ഫെയ്‌സ്ബുക്കിന്റെ ഏറ്റവും പുതിയ ഇടപാടാണ് ഇത്. ഈ പാദത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാനാണ് സാധ്യത.

ഇതിന് മുമ്പ് ഇന്‍സ്റ്റാഗ്രാമിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുകമ്പനികളും ഈ തീരുമാനം രഹസ്യമാക്കി വെക്കുകയായിരുന്നു. എന്തായാലും ഇപ്പോള്‍ ഏറ്റെടുക്കലിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ ഒരു ബ്ലോഗില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സിഇഒ കെവിന്‍ സിസ്‌ട്രോം കമ്പനി ജീവനക്കാരുമായി നടത്തിയ ഒരു യോഗത്തില്‍ വെച്ചും ഇക്കാര്യം വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Most Read Articles
Best Mobiles in India

Have a great day!
Read more...