ഭർത്താവിന്റെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ഫോണിൽ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഭാര്യയും സുഹൃത്തും!


ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ ശേഷം അയാളെ ഭാര്യ ഫോൺ ചെയ്യുകയും അയാൾ വീട്ടിൽ ഓരോ സ്ഥലത്തും ചെയ്യുന്ന കാര്യങ്ങൾ പറയുകയും ചെയ്തതോടെ ആകെ ആശയക്കുഴപ്പത്തിലാകുകയായിരുന്നു ആ യുവാവ്. അയാൾ പോകുന്ന സ്ഥലങ്ങൾ, കഴിക്കുന്ന ഭക്ഷണം തുടങ്ങി എന്തിന് ബെഡ്‌റൂമിൽ ചെയ്യുന്ന കാര്യങ്ങൾ വരെ തന്റെ കൂടെയില്ലാത്ത ഭാര്യ വിളിച്ചു പറയാൻ തുടങ്ങിയപ്പോൾ അയാൾ അത്ഭുതപ്പെട്ടു.

Advertisement

സംഭവം ഇങ്ങനെ..

അതോടെ അയാൾ വീട് മൊത്തം പരിശോധിക്കാൻ തുടങ്ങി. എവിടെയെങ്കിലും രഹസ്യ ക്യാമറകളോ മറ്റെന്തെങ്കിലും ഉണ്ടോ എന്നറിയാൻ. പക്ഷെ അങ്ങനെ ഒന്നും കണ്ടെത്തിയില്ല. അതോടെ അയാൾക്ക് ഫോണിനെ സംശയമായി. ഒരു ഐടി പ്രഫഷണലിനെ ഫോൺ കാണിച്ചതോടെയാണ് തന്റെ ഫോണിൽ തന്റെ വിവരങ്ങളെല്ലാം ചോർത്താൻ സഹായിക്കുന്ന ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരിക്കുന്ന വിവരം അയാൾ അറിഞ്ഞത്.

Advertisement
ഇൻസ്റ്റാൾ ചെയ്തത് TrackView ആപ്പ്!

TrackView എന്ന ഈ ആൻഡ്രോയിഡ് ആപ്പ് ഒരാളുടെ ഫോണിൽ അയാൾ അറിയാതെ ഇൻസ്റ്റാൾ ചെയ്‌താൽ മാത്രം മതി. പിന്നീട് അതുമായി ആവശ്യക്കാരന്റെ ഫോണുമായി ബന്ധപ്പെടുത്താം. ശേഷം ആ ഫോണിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഫോണുമായി ബന്ധപ്പെട്ടുള്ള പല വിവരങ്ങളും ചാറ്റുകളും ഫയലുകളും എല്ലാം തന്നെ പുറത്തുള്ള ആൾക്ക് കിട്ടുകയും ചെയ്യും. ഇതാണ് ആപ്പിന്റെ പ്രവർത്തനം.

ഭർത്താവ് അറിയാതെ ഇൻസ്റ്റാൾ ചെയ്തു

സംഭവം അറിഞ്ഞതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് കാര്യങ്ങളുടെ നിജസ്ഥിതി പുറംലോകം അരിഞ്ഞത്. അദ്വൈത് അർവി എന്ന ഇരുപത്തിയഞ്ചുകാരന്റെ മൊബൈൽ ഫോണിൽ അയാളുടെ ഭാര്യയായ ശ്രുതി ഭർത്താവ് അറിയാതെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. ശ്രുതിയുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരനായ അജിത്ത് എന്ന മുപ്പത്തിരണ്ടുകാരൻ ശ്രുതിയെ ഇതിനായി ഒപ്പം നിന്ന് സഹായിക്കുകയായിരുന്നു.

ഭാര്യയും സുഹൃത്തും പിടിയിൽ

രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങൾ കാരണം ദമ്പതികൾ തമ്മിൽ വഴക്കായിരിന്നു. അങ്ങനെയാണ് പതിനഞ്ചു ദിവസം മുമ്പ് ശ്രുതി ഭർത്താവിനെ ഒപ്പമുള്ള താമസം മതിയാക്കി വീടുവിട്ടിറങ്ങിയത്. അതിന് ശേഷമാണ് ഈ കാര്യങ്ങൾ വിളിച്ചുപറഞ്ഞതും അത് ഭർത്താവിൽ അത്ഭുതമുണ്ടാക്കിയതും അവസാനം അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചതും.

കേരളത്തിൽ ഇതാദ്യം

ഏതായാലും ഇത്തരം ഒരു സംഭവം കേരളത്തിൽ ഇതാദ്യമായാണ് നടന്നിരിക്കുന്നത് എന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ജെ ഹിമേന്ദ്രനാഥ് പറയുകയുണ്ടായി. എന്നാൽ ഇവിടെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട അല്പം ഗുരുതരമായ ഒരു കാര്യത്തിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. നമ്മുടെ നാട്ടിലൊക്കെ വിദേശത്തും സ്വദേശത്തുമായി പല ജോലികളും ചെയ്യുന്ന നിരവധി ആളുകളാണുള്ളത്. പലപ്പോഴും കുടുംബവുമായി അകന്ന് നിന്ന് ജോലി ചെയ്യുന്നവർ. ഇവരുടെയൊക്കെ ഭാര്യമാരുടെയോ ഭർത്താക്കന്മാരുടെയോ ഫോണുകളിൽ അവരറിയാതെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ മതി കാര്യങ്ങൾ കൈവിട്ടുപോകാൻ.

ജാഗ്രത!

അത് പലപ്പോഴും പല കുടുംബ ബന്ധങ്ങളും ശിഥിലമാക്കുന്നതിലേക്കും ഒരുപക്ഷെ പല ആത്മഹത്യകളും നടക്കുന്നതിലേക്കും വരെ കാര്യങ്ങൾ എത്തിച്ചേക്കും. അതിനാൽ തന്നെ എല്ലാവരും അല്പം ജാഗ്രത പാലിക്കുക. ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ആയിട്ടുണ്ടോ എന്ന് ആപ്പ് സെറ്റിങ്സിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ആപ്പുകളുടെ ലിസ്റ്റിൽ പോയി പരിശോധിക്കുക. സംഭവം സുരക്ഷക്ക് വേണ്ടിയാണ് ഈ ആപ്പ് ഉപയോഗിക്കപ്പെടുന്നത് എങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും ഈ ആപ്പ് കാരണമായിത്തീരും എന്ന് അറിഞ്ഞിരിക്കുക.

സമാനമായ ഒരു സംഭവം കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലും നടക്കുകയുണ്ടായി. അതേകുറിച്ച് താഴെ വായിക്കാം.

രഹസ്യ ആപ്പ് യുവതി അറിയാതെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ചിത്രങ്ങൾ ചോർത്തി ബ്ലാക്ക്‌മെയിലിങ്!

യുവതി അറിയാതെ അവരുടെ ഫോണിൽ വിവരങ്ങൾ ചോർത്തുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിലൂടെ യുവതിയുടെ ചിത്രങ്ങളും വിഡിയോകളും സ്വന്തമാക്കി അതുപയോഗിച്ചുകൊണ്ട് ബ്ലാക്ക്മെയിൽ ചെയ്‌ത യുവാവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധു കൂടിയായ ദിനേശ് കുമാർ എന്ന ഇരുപത്തിനാലുകാരൻ ഈ ചിത്രങ്ങളും വിഡിയോകളും അവർ ഭർത്താവിന് അയച്ചിരുന്ന ചാറ്റുകളും എല്ലാം തന്നെ ഉപയോഗിച്ചായിരുന്നു ബ്ലാക്ക്മെയിൽ നടത്തിയിരുന്നത്.

സ്ത്രീയുടെ ഫോണിലെ വിവരങ്ങൾ ചോർത്തിയത് ഇങ്ങനെ

ഒരാളുടെ ഫോൺ ലഭിച്ചാൽ അത് ലോക്ക് മാറ്റി വിവരങ്ങൾ എടുക്കുന്ന രീതിയായിരുന്നില്ല ഇവിടെ ഇയാൾ അവലംബിച്ചത്. പകരം ഒരിക്കൽ ഈ സ്ത്രീക്ക് ഫോണിൽ വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇയാളോട് ആവശ്യപ്പെട്ട സമയത്ത് വാട്സാപ്പിന്റെ കൂടെ സ്ത്രീ അറിയാതെ ‘Track view' എന്ന ആപ്പും പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു.

സ്ത്രീയുടെ ഓരോ വിവരങ്ങളും യഥാസമയം ഇയാൾക്ക് ലഭിച്ചുകൊണ്ടിരുന്നു

വാട്സാപ്പ് വഴി വിദേശത്ത് ജോലിചെയ്യുന്ന തന്റെ ഭർത്താവിന് ഈ സ്ത്രീ അയച്ചിരുന്ന ചിത്രങ്ങളും വിഡിയോകളും മെസ്സേജുകളും എല്ലാം തന്നെ ഈ ആപ്പ് വഴി ഇവരുടെ ഫോണിൽ നിന്നും യുവാവിന്റെ ഫോണിൽ എത്തുകയായിരുന്നു. ഇതുപയോഗിച്ചായിരുന്നു ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ സ്ത്രീയുടെ എല്ലാ മൊബൈൽ ഇടപാടുകളും ഇയാൾ ചോർത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ഭീഷണി കൂടെക്കിടക്കാൻ ആവശ്യപ്പെട്ടുകൊണ്ട്

തന്റെ ഫോണിൽ ഇങ്ങനെ ഒരു രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്തതും ഇയാൾ വിവരങ്ങൾ നിരന്തരമായി ചോർത്തിക്കൊണ്ടിരിക്കുന്നതും പക്ഷെ പാവം സ്ത്രീ അറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ പെട്ടെന്ന് ഇയാൾ സ്ത്രീയും അവരുടെ ഭർത്താവും തമ്മിൽ നടത്തിയിരുന്ന ചാറ്റുകളുടെ വിവരങ്ങൾ നൽകിയതോടെ ആകെ ഞെട്ടുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങളും വിഡിയോകളും ഓൺലൈനായി പ്രചരിപ്പിക്കും എന്നും പറഞ്ഞുകൊണ്ട് യുവതിയോട് താനുമായി ബന്ധം സ്ഥാപിക്കാൻ നിർബന്ധിക്കുകയായിരുന്നു.

മുമ്പും സ്ത്രീകളോട് മോശമായി പെരുമാറിയ ചരിത്രം ഇയാൾക്കുണ്ടായിരുന്നു

യുവതി ഈ കാര്യം തന്റെ സഹോദരിയോട്‌ പറഞ്ഞതിനെ തുടർന്ന് രണ്ടുപേരും കൂടെ കാര്യങ്ങൾ പോലീസിനെ അറിയിക്കുകയും അതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചെന്നൈയിലെ ഒരു ഐടി കമ്പനിയിൽ മുമ്പ് ജോലി ചെയ്തിരുന്നു എംബിഎക്കാരനായ ഈ യുവാവ്. അവിടെ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

ചുമത്തപ്പെട്ട വകുപ്പുകൾ

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 294 ബി (അശ്ലീലമായ വാക്കുകൾ ഉപയോഗിക്കൽ), 356D (സ്ത്രീയെ പിന്തുടരുക), 506 (ii) (ക്രിമിനൽ ഭീഷണി), തമിഴ്‌നാട് വനിതാ ഉപദ്രവ നിയമത്തിലെ സെക്ഷൻ 4, ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച കോടതിക്ക് മുമ്പാകെ ഹാജരാക്കിയ ഇയാളെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

Best Mobiles in India

English Summary

First Trackview App Case Reported in Kerala.