ഗൂഗിള്‍ എക്‌സിക്യൂട്ടീവുകളും ജെയിംസ് കാമറൂണും ബഹിരാകാശ സംരംഭത്തിന്



ഗൂഗിളിന്റെ കണ്ണ് ഇപ്പോള്‍ ബഹിരാകാശത്താണ്. ഒപ്പം ജെയിംസ് കാമറൂണും (അവതാര്‍ സംവിധായകന്‍) മറ്റ് ചില പ്രമുഖരുമുണ്ട്. ബഹിരാകാശ പര്യവേഷണത്തിന് സഹായകമായ ഒരു സംരംഭത്തിന് തുടക്കം കുറിക്കാനാണ് ഗൂഗിള്‍ സ്ഥാപകരില്‍ ഒരാളായ ലാറി പേജും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിഡിറ്റും കാമറൂണിനൊപ്പം ചേരുന്നത്.

പ്ലാനറ്ററി റിസോഴ്‌സസ് എന്നാണ് ഈ സംരംഭത്തിന്റെ പേര്. ബഹിരാകാശ പര്യവേക്ഷണവും പ്രകൃതിവിഭവും ആണ് ഈ സംരംഭം ഉറ്റുനോക്കുന്ന മേഖല. അന്യഗ്രഹത്തിലെ ഖനനം സൃഷ്ടിക്കുന്ന ഭീഷണി പ്രമേയമാക്കിയ കാമറൂണിന്റെ അവതാര്‍ ചിത്രം 2009ലെ ബ്ലോക്ബസ്റ്റര്‍ ചിത്രമായിരുന്നു.

Advertisement

ഗൂഗിളിന്റെ ഈ കാല്‍വെപ്പ് പ്രകൃതിവിഭവങ്ങള്‍ക്ക് പുതിയ മാനം നല്‍കുമെന്നും ഈ മേഖലയിലേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാകുമെന്നും ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അടുത്താഴ്ച പുറത്തിറക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

Advertisement

ചെറുഗ്രഹങ്ങളില്‍ (ആസ്റ്ററോയ്ഡുകള്‍) നിന്നും പ്രകൃതിവിഭവങ്ങള്‍ ഖനനം ചെയ്യുന്നതിലെ സാധ്യതകളും ഈ സംരംഭം പഠനവിധേയമാക്കുന്നതാണ്. ആഗോള മൊത്തവരുമാനത്തിലേക്ക് പുതിയ സംരംഭം ട്രില്ല്യണ്‍ ഡോളറുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാസയുടെ മാര്‍സ് മിഷന്‍ മാനേജര്‍ എറിക് ആന്‍ഡേഴ്‌സണ്‍, ബഹിരാകാശ സംരംഭകനായ പീറ്റര്‍ ഡിയമന്‍ഡിസ്, മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടാവിയിരുന്ന ചാള്‍സ് സിമോണ്‍യി, ഗൂഗിള്‍ ഡയറക്ടര്‍മാരിലൊരാളായ കെ റാം ശ്രീറാം എന്നിവരും ഇതിലെ പങ്കാളികളാണ്.

ലോകത്തിലെ ഏറ്റവും ആഴമേറിയ മറിയാന ട്രഞ്ചിലെ സാഹസിക യാത്രയ്ക്ക് ശേഷം കാമറൂണ്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ് പുതിയ സംരംഭത്തിലൂടെ.

Best Mobiles in India

Advertisement