ഗൂഗിള്‍ ഡ്രൈവറില്ലാകാര്‍ നിരത്തുകളിലേക്ക്



ഗൂഗിളിന്റെ സ്വയം ഓടുന്ന കാറിന് നെവാഡയിലെ വാഹനലൈസന്‍സ് ലഭിച്ചു. ലൈസന്‍സ് ലഭിച്ചതിനാല്‍ ഏറെ താമസിയാതെ നെവാഡ നിരത്തുകളില്‍ ഈ കാര്‍ ഓട്ടം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ കാറില്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഹൈവേയിലൂടെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ലൈസന്‍സ് നല്‍കിയത്. ഡ്രൈവറില്ലാത്ത കാറുകള്‍ക്ക് നെവാഡയില്‍ അംഗീകാരം ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇത്തരത്തില്‍ ഇറങ്ങുന്ന ആദ്യകാറാണ് ഗൂഗിളിന്റേതെന്ന പ്രത്യേകതയും കൂടിയുണ്ട്.

സ്വയം ഓടുന്ന കാറുകള്‍ക്കായി നെവാഡ സര്‍ക്കാര്‍ നിയമം പാസാക്കുകയായിരുന്നു. യുഎസിലെ ഇത്തരത്തിലുള്ള ആദ്യനിയമമാണിത്. ഇക്കഴിഞ്ഞ മാര്‍ച്ച് 1നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. വീഡിയോ ക്യാമറകള്‍, റഡാര്‍ സെന്‍സറുകള്‍, ലേസര്‍ എന്നിവയുടെ സഹായത്തോടെയാണ് ഗൂഗിള്‍ കാര്‍ ഓടുക. കൂടാതെ സാധാരണ കാറുകളില്‍ നിന്ന് ലഭിക്കുന്ന യാത്രാനുബന്ധ വിവരങ്ങളും ഡ്രൈവറില്ലാത്ത ഈ കാറിന്റെ യാത്രയ്ക്ക് സഹായകമാകുന്നു.

Advertisement

ടൊയോട്ട പ്രയസ് മോഡല്‍ കാറിലാണ് ഗൂഗിള്‍ ഡ്രൈവറില്ലാ സാങ്കേതികത പ്രയോഗിച്ചത്. ഗൂഗിള്‍ വൈസ് പ്രസിഡന്റും സ്റ്റാന്‍ഡ്‌ഫോര്‍ഡ് പ്രൊഫസറുമായ സെബാസ്റ്റ്യന്‍ ത്രണാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗൂഗിളിനെ കൂടാതെ ചില കാര്‍ കമ്പനികളും ഇത്തരത്തില്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്ന് നെവാഡ വാഹനവകുപ്പ് അറിയിച്ചു.

Advertisement

മനുഷ്യന്റെ തെറ്റുകൊണ്ടാണ് പല റോഡപകടങ്ങളും സംഭവിക്കുന്നത്. സെന്‍സറുകളുടേയും മറ്റും പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാനാകുമെന്നും വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ നാട്ടില്‍ ഡ്രൈവറില്ലാ കാറിനേക്കാളും ഒരു ഡ്രൈവറില്ലാ ഓട്ടോയാണ് ആവശ്യം. ചാര്‍ജ്ജിന്റെ പേരും പറഞ്ഞ് വഴക്കിടേണ്ടി വരില്ലല്ലോ...

Best Mobiles in India

Advertisement