ചില ഗൂഗിള്‍ സേവനങ്ങള്‍ കൂടി നിര്‍ത്തലാക്കുന്നു


ഗൂഗിളിന്റെ ചില സേവനങ്ങള്‍ കൂടി അവസാനിക്കുന്നു. പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്ത സേവനങ്ങളാണ് കമ്പനി നിര്‍ത്തലാക്കുന്നത്. ഇതിന് മുമ്പും പല സേവനങ്ങളും ഗൂഗിള്‍ ഇതേ പോലെ അടച്ചുപൂട്ടിയിട്ടുള്ളതാണ്.

Advertisement

വണ്‍ പാസ്, ഗൂഗിള്‍ ഫഌ വാക്‌സിന്‍ ഫൈന്‍ഡര്‍, ഗൂഗിള്‍ റിലേറ്റഡ്, ബ്ലാക്ക്‌ബെറിയ്ക്കായുള്ള ഗൂഗിള്‍ സിങ്ക്, ഗൂഗിള്‍ ടോക്കിന്റെ മൊബൈല്‍ വെബ് ആപ്ലിക്കേഷനുകള്‍, പിക്കാസ ഫോര്‍ ലിനക്‌സ്, മാകിനായുള്ള പിക്കാസ വെബ് ആല്‍ബം അപ്‌ലോഡര്‍, ഐഫോട്ടോ പ്ലഗ്ഇന്‍ എന്നിവയാണ് അടുത്തതായി ഗൂഗിള്‍ ഒഴിവാക്കുന്നത്.

Advertisement

ഇതില്‍ ചില സേവനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമ്പോള്‍ മറ്റുള്ളവ പുറമെയുള്ള കമ്പനികള്‍ക്കോ സംഘടനകള്‍ക്കോ നല്‍കുകയോ അല്ലെങ്കില്‍ നിലവിലെ ഗൂഗിള്‍ സേവനങ്ങളിലെ ഒരു അധിക സൗകര്യമായി ഉള്‍പ്പെടുത്തുകയോ ചെയ്യാനാണ് പദ്ധതി. വരും മാസങ്ങളിലായി ഈ മാറ്റങ്ങള്‍ നിലവില്‍ വരും.

വെബ് പ്രസാധകര്‍ക്കായുള്ള മൈക്രോ പേയ്‌മെന്റ് സേവനമാണ് വണ്‍ പാസ്. ഗൂഗിള്‍ ബ്രൗസര്‍ ടൂള്‍ബാറിലെ ഒരു എക്സ്റ്റന്‍ഷനാണ് ഗൂഗിള്‍ റിലേറ്റഡ്. ബ്രൗസ് ചെയ്യുന്ന പേജിനൊപ്പം അതുമായി ബന്ധമുള്ള ഉള്ളടക്കങ്ങളും ലഭ്യമാക്കുന്ന സേവനമാണ് ഇത്. ഈ സേവനം മറ്റ് ഗൂഗിള്‍ ഉത്പന്നങ്ങളിലേക്ക് ചേര്‍ക്കാനാണ് കമ്പനിയുടെ പദ്ധതി.

ജൂണ്‍ 1ന് ഗൂഗിള്‍ സിങ്ക് ഫോര്‍ ബ്ലാക്ക്‌ബെറി സേവനം നിര്‍ത്തലാക്കും. ബ്ലാക്ക്‌ബെറി ഉപയോക്താക്കള്‍ക്ക് ഇമെയില്‍, കലണ്ടര്‍, കോണ്ടാക്റ്റ് എന്നിവ സിങ്ക് ചെയ്യാനാകുന്ന മറ്റ് സേവനങ്ങള്‍ ഉണ്ട്. ജിമെയില്‍ സിങ്കിംഗ് അനുവദിക്കുന്ന ബ്ലാക്ക്‌ബെറി ഇന്റര്‍നെറ്റ് സര്‍വ്വീസ് (ബിഐഎസ്) സേവനം ഇതിന് പകരം ഉപയോഗിക്കാമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.

Advertisement

2009ലെ എച്ച്1എന്‍1 വ്യാപനത്തെ തുടര്‍ന്നാണ് ഗൂഗിള്‍ ഫഌ വാക്‌സിന്‍ ഫൈന്‍ഡര്‍ സേവനം ആരംഭിച്ചത്. ഈ സേവനത്തെ ഇനി മുതല്‍ ഹെല്‍ത്ത് മാപ് എന്ന വെബ് മാപിംഗ് പ്രോഗ്രാമിലാണ് കാണാനാകുക. പേറ്റന്റ് വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ അനുവദിച്ചിരുന്ന ഗൂഗിള്‍ പേറ്റന്റ് സേവനമാണ് നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊന്ന്. എന്നാല്‍ ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയല്ല പകരം ഗൂഗിള്‍ ഡോട്ട് കോം പേജിലേക്ക് ഈ സൗകര്യത്തെ കൂടി റീഡയറക്ട് ചെയ്യാനാണ് ഗൂഗിളിന്റെ തീരുമാനം.

പിക്കാസ ഫോര്‍ ലിനക്‌സിന് പകരമായി വൈന്‍ വിന്‍ഡോസ് എമുലേറ്റര്‍ എന്ന സേവനവും മാകിനായുള്ള പിക്കാസ വെബ് ആല്‍ബം അപ്‌ലോഡര്‍, ഐഫോട്ടോ പ്ലഗ്ഇന്‍ എന്നിവയ്ക്ക് പകരം പികാസ മാക് ആപ്ലിക്കേഷനും ഉപയോഗിക്കാമെന്നും ഗൂഗിള്‍ അറിയിച്ചു.

Advertisement

Best Mobiles in India