ചെടികളുടെ വളര്‍ച്ചയെ സഹായിക്കാന്‍ ആപ്ലിക്കേഷന്‍



വാടിത്തളര്‍ന്നിരിക്കുന്ന ചെടിയ്ക്ക് അല്പം വെള്ളമൊഴിക്കാനോ വളര്‍ച്ച മുരടിച്ചിരിക്കുന്നവയ്ക്ക് വേണ്ട വളം നല്‍കാനോ എപ്പോഴും ശ്രദ്ധ പതിപ്പിക്കാറുണ്ടോ നിങ്ങള്‍? തിരക്കിനിടയില്‍ ചിലപ്പോള്‍ ചെടികളുടെ കാര്യം ഓര്‍ക്കാന്‍ കഴിഞ്ഞെന്നും വരില്ല. ചിലപ്പോള്‍ ചില ചെടികളെ കണ്ടാല്‍ അവയ്ക്ക് വെള്ളം ആവശ്യമാണോ എന്നൊന്നും മനസ്സിലാക്കാനും എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ഇണങ്ങുന്ന ഒരു ആപ്ലിക്കേഷനും സെന്‍സറും എത്തിയിരിക്കുന്നു.

കൗബാച്ചി വൈഫൈ പ്ലാന്റ് സെന്‍സര്‍ എന്നാണ് ഇതിന്റെ പേര്. കുഴിച്ചിട്ട ചെടിയുടെ മണ്ണില്‍ സ്ഥാപിക്കുന്ന സെന്‍സറിന് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി ബന്ധമുണ്ടാകും. ഈ സെന്‍സറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സസ്യത്തിന് ആവശ്യമായതെന്തെന്ന് ഈ ആപ്ലിക്കേഷന്‍ ഉടമയെ അറിയിക്കും. വെള്ളം വേണോ, വളം വേണോ, സൂര്യപ്രകാശത്ത് വെക്കണോ തണലില്‍ വെക്കണോ എന്നിങ്ങനെ എല്ലാ നിര്‍ദ്ദേശങ്ങളും ഈ ആപ്ലിക്കേഷന്‍ നല്‍കും.

Advertisement

സ്വിറ്റ്‌സര്‍ലാന്റിലെ സുറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗബാച്ചി കമ്പനിയാണ് ഈ സെന്‍സര്‍ തയ്യാറാക്കിയിരിക്കുന്നത്. മണ്ണിലെ ബാഷ്പാവസ്ഥ, വെളിച്ചം, ഊഷ്മാവ് എന്നീ വിവരങ്ങളാണ് ഈ സെന്‍സര്‍ മണ്ണില്‍ നിന്നും ശേഖരിക്കുന്നത്. ഇവ ഈ ആപ്ലിക്കേഷനിലേക്ക് അയയ്ക്കപ്പെടും. ഐഫോണ്‍, ഐപാഡ് പോലുള്ള ഐഒഎസ് ഉപകരണങ്ങളിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക.

Advertisement

''ചെടികളെ നശിപ്പിക്കുന്ന ഒരു പ്രധാന കാരണം ചെടിയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഒഴിക്കുന്നതാണ്. ഈ ആപ്ലിക്കേഷന്‍ ചെടിയ്ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവാണ് പറയുന്നത്.'' കൗബാച്ചി സിഇഒ ഫിലിപ് ബോളിഗര്‍ പറഞ്ഞു.

ഓര്‍ക്കിഡ്, തക്കാളി ഉള്‍പ്പടെയുള്ള 135 വര്‍ഗ്ഗത്തില്‍ പെട്ട സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനിലുണ്ട്. സ്വിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ സസ്യശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ആപ്ലിക്കേഷനില്‍ ചെടികളുടെ സംരക്ഷണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ശേഖരിച്ച് വെച്ചത്.

സെന്‍സറില്ലാതെയും ഈ ആപ്ലിക്കേഷന്‍ വാങ്ങാം. എങ്കിലും സെന്‍സറോട് ചേര്‍ന്നുള്ള ആപ്ലിക്കേഷന്റെ പ്രവര്‍ത്തനമാണ് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയെന്നും ബോളിഗര്‍ അറിയിച്ചു. 100 യൂറോയാണ് സെന്‍സറിന്റെ വില. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്‌റ്റോര്‍ കൗബാച്ചി വെബ്‌സൈറ്റില്‍ നിന്നാണ് സെന്‍സര്‍ വാങ്ങാനാകുക.

Best Mobiles in India

Advertisement