ഇന്ത്യന്‍ ട്രെയിനില്‍ ഇന്റര്‍നെറ്റ് ആക്‌സസിംഗ് വരുന്നു



ട്രെയിനുകളില്‍ ഡാറ്റാകാര്‍ഡിന്റെ സഹായമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന കാലം അകലെയല്ല. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്ന ഇന്ത്യന്‍ റെയില്‍വെയുടെ ആവശ്യത്തിന് ഐഎസ്ആര്‍ഒയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഇന്റര്‍നെറ്റിനായി ഉപഗ്രഹം ഉപയോഗിക്കാനുള്ള അനുമതിയാണ് ബഹിരാകാശ ഏജന്‍സിയില്‍ നിന്ന് റെയില്‍വേയ്ക്ക് ലഭിച്ചിരിക്കുന്നത്. ഉപഗ്രഹത്തിലൂടെ ചലിക്കുന്ന ട്രെയിനില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് ഇതാദ്യമായിട്ടാകുമെന്ന് റെയില്‍വെ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.

Advertisement

രണ്ട് വര്‍ഷം മുമ്പാണ് റെയില്‍വെ ഈ നിര്‍ദ്ദേശം ഐഎസ്ആര്‍ഒയ്ക്ക് മുമ്പില്‍ വെച്ചത്. എന്നാല്‍ ഏജന്‍സിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് വരെ പ്രോജക്റ്റ് ആരംഭിക്കാന്‍ റെയില്‍വെയ്ക്ക് സാധിച്ചിരുന്നില്ല. ഈ പ്രോജക്റ്റിന്റെ തുടക്കമെന്നോണം രാജധാനി ഹൗറ എക്‌സ്പ്രസിന്റെ മൂന്നോളം കോച്ചുകളില്‍ ഉപഗ്രഹം വഴിയുള്ള ഇന്റര്‍നെറ്റ് ആക്‌സസിംഗ് കൊണ്ടുവരാനാണ് റെയില്‍വെയുടെ പദ്ധതി. പരീക്ഷണാടിസ്ഥാനത്തിലായതിനാല്‍ യാത്രക്കാരില്‍ നിന്ന് ഇന്റര്‍നെറ്റ് ചാര്‍ജ്ജ് ഈടാക്കുന്നതല്ല.

Advertisement

ഹൗറ രാജധാനിയില്‍ ഇന്റര്‍നെറ്റ് സൗകര്യം വരാന്‍ 6.30 കോടി രൂപയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാകും ഇതിന്റെ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുകയെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ഉപഗ്രഹ കണക്റ്റിവിറ്റിക്കായി പ്രത്യേകം രൂപം നല്‍കിയ ആന്റിന ട്രെയിന്‍ എന്‍ജിനുകളിലും കോച്ചുകളിലുമാണ് സ്ഥാപിക്കുക. ഈ ആന്റിനയിലൂടെ വൈഫൈ കണക്റ്റിവിറ്റി സാധ്യമാകുകയും ചെയ്യും.

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമുള്ള ഉപയോക്താവിന് ടിടിഇ ഒരു കോഡ് നമ്പര്‍ നല്‍കും. ഈ നമ്പര്‍ മൊബൈല്‍ ഫോണില്‍ ഡയല്‍ ചെയ്താല്‍ ഒരു പാസ്‌വേര്‍ഡ് ലഭിക്കും. പ്രസ്തുത പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് പ്രവര്‍ത്തനം ആരംഭിക്കുക. ഹൗറ രാജധാനിയിലെ ഇന്റര്‍നെറ്റ് പദ്ധതി വിജയകരമായാല്‍ മറ്റ് ട്രെയിനുകളിലും ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് റെയില്‍വെയുടെ പദ്ധതി.

Best Mobiles in India

Advertisement