നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങുമോ?



ഓഹരി വിപണിയിലും പൊതുവിപണിയിലും പ്രശ്‌നങ്ങള്‍ നേരിടുന്ന നോക്കിയയെ രക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിക്കുമോ? ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വിശ്വസ്തമായ ബ്രാന്‍ഡായിരുന്ന നോക്കിയയ്ക്ക് പിന്നീട് വിപണിയില്‍ ഇടിവ് നേരിട്ടപ്പോള്‍ മുതല്‍ ഉയര്‍ന്നുവരുന്ന ഊഹാപോഹങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഭീമന്‍ നോക്കിയയെ ഏറ്റെടുത്തേക്കും എന്നാണ്.

ഇതിനിടെ ഈ രണ്ട് കമ്പനികളും ചേര്‍ന്ന് ലൂമിയ ഫോണിനെ അവതരിപ്പിച്ചപ്പോഴും ഈ ഊഹാപോഹങ്ങള്‍ക്ക് ശക്തികൂടുകയാണ് ചെയ്തത്. യൂറോപ്പിലെ ഏറ്റവും വിലകൂടിയ കമ്പനികളില്‍ പെട്ടിരുന്ന നോക്കിയയുടെ ഓഹരി മൂല്യം പക്ഷെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 2.20 യൂറോയിലേക്ക് താഴ്ന്നുവരുന്നതാണ് കാണാനായത്. 1990കള്‍ മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Advertisement

ഫിന്‍ലാന്റ് ആസ്ഥാനമായുള്ള നിക്ഷേപകസമൂഹവും ആഗോള നിക്ഷേപകരും നോക്കിയയും മൈക്രോസോഫ്റ്റും തമ്മില്‍ ഉണ്ടാകാനിടയുള്ള ഈ ഏറ്റെടുക്കലിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. മൈക്രോസോഫ്റ്റിന്റെ കുടക്കീഴില്‍ നില്‍ക്കാനാണ് നോക്കിയയുടെ തീരുമാനമെങ്കില്‍ മൊബൈല്‍ ഉത്പന്നങ്ങളില്‍ കമ്പനി വിന്‍ഡോസ് സോഫ്റ്റ്‌വെയറിനെ മാത്രമാകും പിന്തുണക്കുക. ഐഒഎസ് സോഫ്റ്റ്‌വെയറിനെ ആപ്പിള്‍ പിന്തുണക്കുന്ന പോലെ.

Advertisement

അങ്ങനെ വരുമ്പോള്‍ നോക്കിയയില്‍ നിന്ന് വന്നേക്കുമെന്ന് കരുതുന്ന ആന്‍ഡ്രോയിഡ് ഉത്പന്നത്തേയും പിന്നീട് സാവധാനം സിമ്പിയാന്‍ ഉത്പന്നങ്ങളേയും നമുക്ക് മറക്കേണ്ടി വരും. ഒരു പക്ഷെ സിമ്പിയാനെ പിന്തുണക്കാന്‍ നോക്കിയ ബ്രാന്‍ഡിന് വീണ്ടും കഴിഞ്ഞാലും ആന്‍ഡ്രോയിഡ് അധിഷ്ഠിത നോക്കിയ ഉത്പന്നത്തെ പ്രതീക്ഷിക്കേണ്ട.

തുടക്കത്തിലേ ആന്‍ഡ്രോയിഡിനോട് മൈക്രോസോഫ്റ്റിന് നല്ല അഭിപ്രായമല്ല ഉള്ളത്. അത് ഗൂഗിള്‍ എന്ന എതിര്‍ കമ്പനിയുടെ സംരംഭമായതുകൊണ്ടാണെന്ന് മാത്രം പറയാനാവില്ല. കാരണം ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകളോട് സോഫ്റ്റ്‌വെയര്‍ ഭീമന് പണ്ടേ അകല്‍ച്ചയാണ്.

46 ബില്ല്യണ്‍ യൂറോയാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം അതേ സമയം നോക്കിയയുടെ വിപണി മൂല്യം 8.4 ബില്ല്യണ്‍ യൂറോയും. സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് വിപണിയില്‍ സ്ഥാനം നേടാനുള്ള ശ്രമത്തിനിടയില്‍ മൈക്രോസോഫ്റ്റിന് നോക്കിയ പോലെ പിറകോട്ട് പോകുന്ന ഒരു കമ്പനിയെ ഏറ്റെടുക്കാനുള്ള ആലോചന ഉണ്ടാകുമോ എന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ അഭിപ്രായം. ഇതിനേയും പാടെ തള്ളാനാവില്ല.

Advertisement

ഒരു കാലത്ത് വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും തഴയപ്പെട്ട സാംസംഗും എല്‍ജിയുമാണ് ഇപ്പോള്‍ നോക്കിയയുടെ പ്രധാന എതിരാളികള്‍. മൈക്രോസോഫ്റ്റിന് ആന്‍ഡ്രോയിഡിനോട് പ്രിയമില്ലെങ്കിലും ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ നോക്കിയ അതിന്റെ ഒന്നിലേറെ ഉത്പന്നങ്ങളിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ആശ്രിത കമ്പനിയാകാതെ സ്വന്തം കഴിവില്‍ കഴിഞ്ഞ കാല പ്രതാപത്തിലേക്ക് നോക്കിയ നീങ്ങാനാകുമെന്നതില്‍ ഒരു സംശയമില്ല.

Best Mobiles in India

Advertisement