ലാപ്‌ടോപ്പുകളിലും ബെസെല്‍ (Bezel) അപ്രത്യക്ഷമാകുന്നു; ബെസെലിന് മരണമണി മുഴക്കി ഐഎഫ്എ


പുത്തന്‍ ലാപ്‌ടോപ്പുകളുടെ പ്രദര്‍ശനവേദിയാണ് ഐഎഫ്എ. ആപ്പിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വമ്പന്‍മാരുടെ സാന്നിധ്യമില്ലെങ്കിലും മറ്റ് പ്രധാന ലാപ്‌ടോപ്പ് നിര്‍മ്മാതക്കളെല്ലാം ഐഎഫ്എയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ബെസെല്‍ ഇല്ലാത്ത ലാപ്‌ടോപ്പുകളായിരുന്നു ഇത്തവണത്തെ ഐഎഫ്എയുടെ പ്രധാന ആകര്‍ഷണം.

ബെസെല്‍

സ്മാര്‍ട്ട്‌ഫോണുകളിലാണ് ബെസെല്‍ ആദ്യം അപ്രത്യക്ഷമായത്. ഐഫോണ്‍ X-ല്‍ ആരംഭിച്ച മാറ്റം ഓപ്പോ ഫൈന്‍ഡ് X, ഓണര്‍ മാജിക് 2, ഷവോമി മി മിക്‌സ് 3 എന്നിവയില്‍ എത്തിനില്‍ക്കുന്നു. ബെസെല്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ അധികം വൈകാതെ വിപണിയലെത്തുമെന്ന് പ്രതീക്ഷിക്കാം.

ലാപ്‌ടോപ്പുകള്‍

ഐസര്‍ സ്വിഫ്റ്റ് 7, സ്വിഫ്റ്റ് 5, അസൂസിന്റെ പുതിയ സെന്‍ബുക്കുകള്‍, ലെനോവയുടെ പുതുക്കിയ യോഗ ലാപ്‌ടോപ്പുകള്‍, ഡെല്‍ ഇന്‍സ്പിറോണ്‍ ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ ബെസെലിന്റെ വലുപ്പം കുറഞ്ഞുകഴിഞ്ഞു. ഇതോടെ സ്‌ക്രീന്‍-ബോഡി അനുപാത്തതില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സ്വിഫ്റ്റ് 5-ന്റെ 87.6 ശതമാനവും സ്‌ക്രീന്‍ ആണ്. സ്വിഫ്റ്റ് 7-ല്‍ എത്തുമ്പോള്‍ ഇത് 92 ശതമാനമാകുന്നു. പുതിയ സെന്‍ബുക്കുകളില്‍ ബോഡി- സ്‌ക്രീന്‍ അനുപാതം 95 ശതമാനമാണെന്ന് അസൂസ് അവകാശപ്പെടുന്നു. ടൈപ്പിംഗ് അനായാസമാക്കുന്ന രൂപകല്‍പ്പനയാണ് സെന്‍ബുക്കുകളുടെ മറ്റൊരു സവിശേഷത.

ലാപ്‌ടോപ്പുകളുടെ സൗന്ദര്യം

ബെസെലിന്റെ അളവ് കുറയുന്നതോടെ ലാപ്‌ടോപ്പുകളുടെ സൗന്ദര്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം ലാപ്‌ടോപ്പിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാതെ തന്നെ സ്‌ക്രീനിന്റെ വലുപ്പം കൂട്ടാന്‍ കമ്പനികള്‍ക്കായി. സ്വിഫ്റ്റ് 5-ല്‍ നേരത്തേ 14 ഇഞ്ച് ഡിസ്‌പ്ലേയാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 15.6 ഇഞ്ചായി മാറിയിരിക്കുന്നു. ബെസെല്‍ ഇല്ലാതാകുന്നതോടെ വലുപ്പം കുറഞ്ഞ ലാപ്‌ടോപ്പുകളും വിപണിയിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 13 ഇഞ്ച് സെന്‍ബുക്ക് അസൂസ് പുറത്തിറക്കിയിരിക്കുകയാണ്.

ബെസെല്‍ ഇല്ലാത്ത സ്‌ക്രീന്‍

2015-ല്‍ ഡെല്‍ XPS 13-ല്‍ ആണ് ബെസെല്‍ ഇല്ലാത്ത സ്‌ക്രീന്‍ എന്ന ആശയം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ കോര്‍ i3 മോഡല്‍ ലാപ്‌ടോപ്പ് വിലയുടെ കാര്യത്തില്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പിന്നീട് ഡെല്‍ ഈ സ്‌ക്രീന്‍ സാങ്കേതികവിദ്യ താരതമ്യേന വില കുറഞ്ഞ ഇന്‍സ്പിറോണ്‍ ശ്രേണിയിലും അവതരിപ്പിച്ചു.

പരിമിതി

ബെസെല്‍ ഇല്ലാത്ത സ്‌ക്രീനുകളിലേക്ക് നാം പാഞ്ഞടുക്കുമ്പോഴും ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയുകയില്ല. മൂന്ന് വശങ്ങളിലെ ബെസെലിന്റെ അളവ് പരമാവധി കുറയ്ക്കാന്‍ സാധിച്ചെങ്കിലും താഴ്ഭാഗത്തെ ബെസെലിന്റെ വലുപ്പത്തില്‍ കാര്യമായ കുറവ് വരുത്താന്‍ കമ്പനികള്‍ക്കായിട്ടില്ല. സ്മാര്‍ട്ട്‌ഫോണുകളിലും ഈ പരിമിതി കാണാവുന്നതാണ്.

വെബ്ക്യാമുകള്‍

വെബ്ക്യാമിന്റെ കാര്യത്തിലാണ് അടുത്ത പ്രതിസന്ധി. ലാപ്‌ടോപ്പുകളില്‍ ബെസെലിലാണ് സാധാരണ വെബ്ക്യാമുകള്‍ സ്ഥാപിക്കുന്നത്. ബെസെലിന്റെ വലുപ്പം കുറഞ്ഞതോടെ വെബ്ക്യാമുകള്‍ വയ്ക്കാന്‍ സ്ഥലമില്ലാതായി. സ്‌ക്രീനിന്റെ അടിയിലും കീബോര്‍ഡിലും ക്യാമുകള്‍ ഒളിപ്പിച്ച് കമ്പനികള്‍ നടത്തിയ പരീക്ഷണം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ഇതോടെ ഡെല്‍ വെബ്ക്യാം സ്ഥാപിക്കാന്‍ പറ്റിയ വലുപ്പം സ്‌ക്രീനിന്റെ മുകള്‍ ഭാഗത്തെ ബെസെലില്‍ ഉറപ്പാക്കിയിരിക്കുന്നു

പഴയ ലാപ്‌ടോപ്പുകള്‍

ബെസെലുകളുടെ വലുപ്പത്തിലുണ്ടായിരിക്കുന്ന കുറവ് ലാപ്‌ടോപ്പ് രൂപകല്‍പ്പനയില്‍ പുതിയൊരു യുഗത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. വലിയ ബെസെലുകളോട് കൂടിയ പഴയ ലാപ്‌ടോപ്പുകള്‍ പഴങ്കഥയാകാന്‍ ഇനി അധികനാളുകള്‍ വേണ്ടിവരുമെന്ന് തോന്നുന്നില്ല.

മിനിറ്റുകൾക്കുള്ളിൽ സൗജന്യമായി എളുപ്പത്തിൽ നിങ്ങൾക്കുമുണ്ടാക്കാം ഒരു ആൻഡ്രോയിഡ് ആപ്പ്!

Most Read Articles
Best Mobiles in India
Read More About: laptop computer news technology

Have a great day!
Read more...

English Summary

Laptop bezels are dead