നഷ്ടപ്പെട്ട കുടുംബത്തെ മുപ്പതുകാരന് തിരിച്ചുകിട്ടിയത് ഗൂഗിള്‍ എര്‍ത്തിലൂടെ



25 വര്‍ഷം മുമ്പ് തന്റെ കണ്‍മുന്നില്‍ നിന്ന് മറഞ്ഞുപോയ കുടുംബത്തെ കണ്ടെത്താന്‍ ഇന്ത്യന്‍ യുവാവിന് സഹായകമായത് ഗൂഗിള്‍ എര്‍ത്ത്. മധ്യപ്രദേശിലെ ഖാണ്ട്‌വാ ജില്ലയില്‍ നിന്ന് വഴിതെറ്റിയാണ് സറൂ എന്ന അഞ്ച് വയസ്സുകാരന്‍ കൊല്‍ക്കത്തയില്‍ എത്തിയിരുന്നത്.

പിന്നീട് യാചകനായി മാറിയ കുട്ടിയെ ഒരു അനാഥാലയം ഏറ്റെടുക്കുകയും താസ്മാനിയയില്‍ നന്നെത്തിയ ദമ്പതികള്‍ ഈ കുട്ടിയെ ദത്തെടുത്ത് കൊണ്ടുപോകുകയുമായിരുന്നു. നഷ്ടപ്പെട്ട കുടുംബത്തെക്കുറിച്ചെപ്പോഴും ഓര്‍ത്തിരുന്നെങ്കിലും ഏറെ കാലം വേണ്ടി വന്നു സറൂവിന് കുടുംബത്തൊടൊപ്പം ഒന്നുചേരാന്‍. അതിന് നിമിത്തമായതോ സാറ്റലൈറ്റ് മാപ്പിംഗ് സേവനമായ ഗൂഗിള്‍ എര്‍ത്ത്.

Advertisement

സാറൂവിന്റെ കഥയിങ്ങനെ: ട്രെയിനിലെ തൂപ്പുകാരായിരുന്നു സറൂവും സഹോദരനും. ഒരു ദിവസം രാത്രി ട്രെയിനില്‍ നിന്നിറങ്ങിയ സറൂ സ്‌റ്റേഷനിലെ ഒരു സീറ്റില്‍ മയങ്ങിപ്പോയി. സഹോദരന്‍ ഉണര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു സറൂ. എന്നാല്‍ ഏറെ സമയം കഴിഞ്ഞ് സ്വയം ഉണര്‍ന്ന സറൂവിന് സഹോദരനെ അവിടെയൊന്നും കണ്ടെത്താനായില്ല. ട്രെയിനിനുള്ളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ സറൂ ട്രെയിനിലേക്ക് കയറിയെങ്കിലും സഹോദരനെ കണ്ടെത്താനായതുമില്ല.

Advertisement

ട്രെയിന്‍ മുഴുവന്‍ സഹോദരനെ തേടിയ സറൂ ഒടുക്കം തളര്‍ന്നവശനായി ട്രെയിനിനകത്ത് തന്നെ ഇരുന്ന് മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ കൊല്‍ക്കത്താ (അന്ന് കല്‍ക്കട്ട) നഗരത്തിലെത്തിയിരുന്നു സറൂ. ഒട്ടും പരിചയമില്ലാത്ത നഗരത്തില്‍ യാചകനാകാനായിരുന്നു സറൂവിന്റെ വിധി.

എന്നാല്‍ പിന്നീട് അവിടുത്തെ ഒരു അനാഥാലയം സറൂവിന് അഭയം നല്‍കി. താസ്മാനിയയില്‍ നിന്നെത്തിയ ബ്രെയര്‍ലെയ്‌സ് എന്ന കുടുംബം ഒടുവില്‍ സറൂവിനെ അനാഥാലയത്തില്‍ നിന്ന് ദത്തെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലേക്ക് പുതിയ കുടുംബത്തോടൊപ്പം പോകുമ്പോഴും സറൂവിന്റെ മനസ്സില്‍ നഷ്ടപ്പെട്ട സഹോദരനും കുടുംബവുമായിരുന്നു.

സ്വന്തം നാട് എവിടെയാണെന്ന് കണ്ടെത്താന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സ്ഥലത്തിന്റെ പേര് ഓര്‍ത്തെടുക്കാന്‍ കുട്ടിയ്ക്ക് പറ്റിയിരുന്നില്ല. അപ്പോഴാണ് ഗൂഗിള്‍ എര്‍ത്തിനെ സാറൂ മനസ്സിലാക്കിത്തുടങ്ങിയിരുന്നത്. ഗൂഗിള്‍ എര്‍ത്ത് നല്‍കുന്ന ഉപഗ്രഹദൃശ്യങ്ങളുടെ സഹായത്തോടെ ഓര്‍മ്മയിലുള്ള നാടിനെ ഓര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സറൂവിന് അത് സാധിച്ചില്ല. എങ്കിലും പിന്തിരായാന്‍ തയ്യാറായിരുന്നില്ല അവന്‍.

Advertisement

14 മണിക്കൂറോളം അന്ന് ട്രെയിനില്‍ യാത്ര ചെയ്‌തെന്ന ഓര്‍മ്മയില്‍ സറൂ ആ കണക്ക് വെച്ചായി പിന്നീട് ഗൂഗിള്‍ എര്‍ത്തില്‍ നാട് തിരഞ്ഞത്. അന്നത്തെ ട്രെയിനിന്റെ വേഗത കണക്കാക്കി 14 മണിക്കൂര്‍ യാത്രയെന്നാല്‍ ഏകദേശം 1,200 കിലോമീറ്ററോളം താണ്ടിയാണ് കൊല്‍ക്കത്തയില്‍ എത്തിപ്പെട്ടതെന്ന നിഗമനത്തിലെത്തി.

പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് 1,200 കിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥലങ്ങളെ എല്ലാം രേഖപ്പെടുത്തി. ഗൂഗിള്‍ എര്‍ത്തിലൂടെ കണ്ട ഖാണ്ട്‌വ ആണ് തന്റെ സ്വദേശമെന്ന് പിന്നീട് സറൂ മനസ്സിലാക്കുകയായിരുന്നു. ആ പ്രദേശം കണ്ടപ്പോള്‍ ചിലതെല്ലാം സറൂവിന് ഓര്‍ത്തെടുക്കാനും സാധിച്ചു.

അധികം വൈകാതെ ഇന്ത്യയിലെത്തിയ സറൂ ഖാണ്ട്‌വയില്‍ എത്തി. ഖാണ്ട്‌വയിലെ ഗണേഷ് തലായ് എന്ന ഗ്രാമത്തിലെത്തിയ സറൂ അവിടെ തന്റെ കുടുംബത്തെ തെരഞ്ഞു. എന്നാല്‍ പൂട്ടിയിട്ട വീട് മാത്രമായിരുന്നു സറൂവിന് കാണാന്‍ കഴിഞ്ഞത്. പലരോടും അന്വേഷിച്ച് ഒടുവില്‍ അമ്മയെ കണ്ടെത്താനായി.

Advertisement

എന്നാല്‍ അഞ്ചാം വയസ്സില്‍ തനിക്ക് നഷ്ടപ്പെട്ട മകനാണോ മുന്നില്‍ നില്‍ക്കുന്നതെന്നറിയാന്‍ ആ അമ്മ ഏറെ പ്രയാസപ്പെട്ടു. സഹോദരനെ അന്വേഷിച്ച സറൂവിന് താന്‍ നഷ്ടപ്പെട്ട് ഒരു മാസത്തിന് ശേഷം സഹോദരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച വാര്‍ത്തയാണ് അമ്മ നല്‍കിയത്. സഹോദരന്‍ നഷ്ടപ്പെട്ട വിവരം വേദനനല്‍കുമ്പോഴും കുടുംബത്തെ കാണാനായ സന്തോഷത്തിലാണ് സറു.

Best Mobiles in India