ന്യൂ ഐപാഡ് ആപ്പിളിന്റേത് മാത്രമല്ല!



ആപ്പിള്‍ ന്യൂഐപാഡ് സ്റ്റോറുകളിലെത്തി. ഐപാഡിനെ ആദ്യം സ്വീകരിക്കാനുള്ള അവസരം ലഭിച്ചത് ഓസ്‌ട്രേലിയയ്ക്കാണ്. പിറകെ ജപ്പാനും മറ്റ് രാജ്യങ്ങളും ഈ ഉത്പന്നത്തെ സ്വന്തമാക്കും. എന്തായാലും കാലിഫോര്‍ണിയയില്‍ നിന്നും മെല്‍ബണിലെത്തി ന്യൂ ഐപാഡ് വാങ്ങിയ ലൂക് സോള്‍സാണ് ഇന്നത്തെ താരം.

കാരണം ന്യൂ ഐപാഡ് വാങ്ങി അതിലെ എല്ലാ സവിശേഷതകളേയും ആദ്യം ഉപയോഗിക്കാനല്ല ഇദ്ദേഹം ഇത്രയും തിരക്കിട്ട് മെല്‍ബണിലെത്തിയത്. പകരം അതിനെ റിപ്പയര്‍ ചെയ്ത് പാര്‍ട്ടുകളൊക്കെ പുറത്തെടുക്കുന്നതിന് വേണ്ടിയാണ്. ഐഫിക്‌സിറ്റ് എന്ന ടെക് റിപ്പയര്‍ കമ്പനിയുടെ സിഇഒയാണ് ലൂക്. ഐപാഡില്‍ ആപ്പിള്‍ എന്തെല്ലാം രഹസ്യമാക്കിവെച്ചിട്ടുണ്ടെന്ന് പുറത്തറിയിക്കുകയായിരുന്നു പരമോദ്ദേശ്യം.

Advertisement

എന്തായാലും വാങ്ങി അധികം വൈകാതെ ഐപാഡിന്റെ പാര്‍ട്‌സെടുത്ത ലൂക് അതില്‍ കണ്ടത് ടാബ്‌ലറ്റ് രംഗത്തെ എതിരാളികളായ വിവിധ കമ്പനികളുടെ സംഭാവനകളാണ്. സാംസംഗ്, തോഷിബ, എല്‍ജി എന്നിവരെല്ലാം ഐപാഡിനെ മികച്ചതാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ പെടുന്നു.

Advertisement

ന്യൂ ഐപാഡ് ഇറക്കിയപ്പോള്‍ ആ മികച്ച ഉത്പന്നത്തിന്റെ പേരിലുള്ള നേട്ടങ്ങളെല്ലാം നേടിയത് ആപ്പിള്‍ മാത്രമായിരുന്നു. എന്നാല്‍ ഐപാഡിനെ ആ നിലയിലേക്ക് എത്തിച്ചതില്‍ മറ്റ് ചില കമ്പനികള്‍ക്കും ആപ്പിളിനോളം പങ്കുണ്ടെ്‌നന കാര്യം വിസ്മരിച്ചുകൂട. പക്ഷെ അതില്‍ ചിലര്‍ ഇപ്പോഴും ആപ്പിളിന്റെ എതിരാളികളുടെ സ്ഥാനത്താണ് പൊതുവെ കാണുന്നത് എന്ന് മാത്രം.

സാംസംഗ്, എല്‍ജി, ക്വാള്‍കോം, ബ്രോഡ്‌കോം, തോഷിബ കമ്പനികളാണ് ഐപാഡിന് വേണ്ടി ആക്‌സസറികള്‍ നല്‍കുന്നത്. ഇതില്‍ സാംസംഗും എല്‍ജിയും

തോഷിബയും ടാബ്‌ലറ്റ് രംഗത്ത് മത്സരിക്കുന്നവരുമാണ്. അതിലെല്ലാം ഉപരി സാംസംഗ് ആപ്പിളിന്റെ പ്രഖ്യാപിത ശത്രുവുമാണ്.

ടാബ്‌ലറ്റ് സംബന്ധ പകര്‍പ്പവകാശ തര്‍ക്കങ്ങളില്‍ സാംസംഗും ആപ്പിളും വാദികളും പ്രതികളുമായി കേസുകള്‍ പല രാജ്യങ്ങളിലെ കോടതികളുടെ പരിഗണനയിലുണ്ട്. എന്നാല്‍ ഗാഡ്ജറ്റ് രംഗത്തെ തര്‍ക്കം സെമികണ്ടക്റ്റര്‍ വിപണിയിലെത്തുമ്പോള്‍ കോര്‍പറേറ്റുകള്‍ പരസ്പരം മറക്കുന്നു.

Advertisement

ഇതിന് മുമ്പത്തെ ആപ്പിള്‍ ഉത്പന്നങ്ങളിലും സാംസംഗ് ചിപ്പിന് പങ്കുണ്ടായിരുന്നു. ന്യൂ ഐപാഡിലും ഇത് ആവര്‍ത്തിച്ചിരിക്കുകയാണ്. ന്യൂ ഐപാഡിലെ ചിപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് സാംസംഗ് ഇലക്ട്രോണിക്‌സ്, ക്വാള്‍കോം, ബ്രോഡ് കോം എന്നീ സെമികണ്ടടക്റ്റര്‍ കമ്പനികളാണ്.

ഇതില്‍ എല്‍ടിഇ സെല്‍ഫോണ്‍ ചിപ്പാണ് ഐപാഡിലേക്ക് ക്വാള്‍കോം നിര്‍മ്മിച്ച് നല്‍കിയത്. വൈഫൈ, ബ്ലൂടൂത്ത് പോലുള്ള നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സെമികണ്ടക്റ്ററുകളാണ് ബ്രോഡ്‌കോം എന്ന കമ്പനിയുടെ സംഭാവന. തോഷിബ, എല്‍പിഡ കമ്പനികളാണ് മെമ്മറി ചിപ് വിതരണക്കാര്‍.

ഇനി ആപ്പിള്‍ ഐപാഡിന്റെ മികച്ച ഘടകമായി എടുത്തുകാട്ടുന്ന എ5എക്‌സ് ആപ്ലക്കേഷന്‍ പ്രോസസറിന്റെ ഉത്പത്തി എവിടെ നിന്നാണെന്ന് പറയാം. സാംസംഗാണ് ഇത് നല്‍കിയിരിക്കുന്നത്. മുമ്പും ആപ്ലിക്കേഷന്‍ പ്രോസസറുകള്‍ ആപ്പിളിന് സാംസംഗ് തന്നെയാണ് ലഭ്യമാക്കിയിരുന്നത്.

Advertisement

ന്യൂ ഐപാഡിന്റെ സുപ്രധാന ഘടകമായ റെറ്റിന ഡിസ്‌പ്ലെയുടെ വിതരണക്കാരും ഇതേ സാംസംഗ് തന്നെയാണ്. ഇത്തവണ സാംസംഗിനൊപ്പം എല്‍ജിയും (എല്‍ജി ഡിസ്‌പ്ലെ) റെറ്റിന ഡിസ്‌പ്ലെ ആപ്പിളിന് ലഭ്യമാക്കുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്

ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളുടെ വിതരണക്കാര്‍ ആരാണെന്ന് ആപ്പിള്‍ വ്യക്തമാക്കാറില്ല. കമ്പനിയെ ചൊടിപ്പിക്കേണ്ടെന്ന് കരുതി ഹാര്‍ഡ് വെയര്‍ ദാതാക്കളും ഇത് പുറംലോകത്തെ അറിയിക്കാന്‍ മടിക്കുകയാണ് ചെയ്യുന്നത്. ആപ്പിളിന്റെ ഈ രഹസ്യനീക്കമാണ് ലൂക്ക് പൊളിച്ച് കയ്യില്‍ കൊടുത്തിരിക്കുന്നത്.

ന്യൂ ഐപാഡ് ഘടകങ്ങളുടെ വീഡിയോ ദൃശ്യം

Best Mobiles in India