ഇന്ത്യയിലെ 4ജി നെറ്റ്‌വര്‍ക്കില്‍ ന്യൂ ഐപാഡ് പ്രവര്‍ത്തിക്കുമോ?



ഇന്ത്യയില്‍ 4ജി നെറ്റ്‌വര്‍ക്കിന് തുടക്കമായെങ്കിലും ഇപ്പോഴും ന്യൂ ഐപാഡ് ഈ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കില്ലത്രെ. എന്താണ് കാരണമെന്നല്ലേ? പറയാം. 4ജി പിന്തുണയാണ് ന്യൂ ഐപാഡിന്റെ ഒരു പ്രധാന ഘടകം. 700, 2100 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ഉപയോഗിക്കുന്ന എഫ്ഡിഡി (ഫ്രീക്വന്‍സി ഡിവിഷന്‍ ഡ്യൂപ്ലക്‌സിംഗ്) എല്‍ടിഇ (ലോംഗ് ടേം ഇവലൂഷന്‍) നെറ്റ്‌വര്‍ക്കിനെയാണ് ന്യൂ ഐപാഡ് പിന്തുണക്കുക. കാനഡ, യുഎസ് ഉള്‍പ്പടെ ചുരുക്കം ചില രാജ്യങ്ങളേ ഈ സ്‌പെക്ട്രം ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ.

ജിഎസ്എം (ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍) ടെക്‌നോളജിയില്‍ ഉപയോഗിക്കുന്ന വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ മാനദണ്ഡമാണ് എല്‍ടിഇ. ടിഡിഡി എല്‍ടിഇ (ടൈം ഡിവിഷന്‍ ഡ്യുപ്ലെക്‌സിംഗ്- ലോംഗ് ടേം ഇവലൂഷന്‍) എന്ന എല്‍ടിഇ നെറ്റ് വര്‍ക്കാണ് എയര്‍ടെല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളതും മറ്റ് കമ്പനികള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതും. മാത്രമല്ല, ഇത് 2300 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി സ്‌പെക്ട്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യുഎസി പോലെ 2100 മെഗാഹെര്‍ട്‌സിലല്ലെന്നര്‍ത്ഥം.

Advertisement

ഇന്ത്യയിലെന്തു കൊണ്ട് വ്യത്യസ്തമായ എല്‍ടിഇ മോഡ്?

Advertisement

ഈ ചോദ്യവും ചിലരുടെയെങ്കിലും മനസ്സിലുണ്ടായേക്കാം. യുഎസിലെ എല്‍ടിഇ നെറ്റ്‌വര്‍ക്ക് ഏറെ ചെലവുവരുന്നതാണ്. ഇന്ത്യയെ പോലൊരു രാജ്യത്തിന് ഈ ആഡംബരം താങ്ങാനാവില്ല. യുഎസ്, ജപ്പാന്‍, യൂറോപ്പ് ഉള്‍പ്പടെയുള്ള മേഖലകളില്‍ എഫ്ഡിഡി നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നത്.

ഇത് വരെ ഇന്ത്യയില്‍ മാത്രമാണ് ടിഡിഡി എല്‍ടിഇ ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനയും ഇതേ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്. എഫ്ഡിഡി എല്‍ടിഇ നെറ്റ്‌വര്‍ക്കിന്റെ പ്രധാന ഗുണം അത് മെച്ചപ്പെട്ട വോയ്‌സ്‌കോളിംഗിന് സഹായിക്കുമെന്നതാണ്. ഓണ്‍ലൈന്‍ ബ്രൗസിംഗ് പോലുള്ള ആപ്ലിക്കേഷനാണ് ടിഡിഡിയില്‍ അനുയോജ്യം.

എഫ്ഡിഡി മോഡിനെ പിന്തുണക്കുന്ന രീതിയിലാണ് ന്യൂ ഐപാഡിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യത്യസ്തമായ ഫ്രീക്വന്‍സി സെറ്റ് ചെയ്ത് ഇന്ത്യയിലും ടാബ്‌ലറ്റിന് 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അത് എത്രത്തോളം വിജയകരമാകുമെന്ന് പ്രവചിക്കുക സാധ്യമല്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Advertisement

എന്തായാലും 4ജി നെറ്റ്‌വര്‍ക്ക് പിന്തുണ സംബന്ധിച്ച കൂടുതല്‍ വ്യക്തമായ ചിത്രം ന്യൂ ഐപാഡിന്റെ ഇന്ത്യ അവതരണത്തിന് ശേഷം ലഭിച്ചേക്കും.

Best Mobiles in India

Advertisement