എണ്ണായിരത്തില്‍ ഏഴായിരം ആക്രമണങ്ങളും ആന്‍ഡ്രോയിഡിന് നേരെ



സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ച സൈബര്‍ കുറ്റവാളികളുടെ പ്രധാന പ്രവര്‍ത്തനമേഖല അതാക്കി മാറ്റിയിരിക്കുകയാണ്. ഇതില്‍ തന്നെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരാണ് ഏറ്റവും അധികം പേടിക്കേണ്ടതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആക്രമികളുടെ ശ്രദ്ധപിടിച്ചുപറ്റും തരത്തില്‍ വന്‍വളര്‍ച്ചയാണ് മൊബൈല്‍ ഓപറേറ്റിംഗ് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരിക്കുന്നതെന്ന് സിമാന്‍ടെക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് നായിക് പറഞ്ഞു.

പിസികള്‍ക്കെതിരായുള്ള സൈബര്‍ ആക്രമണങ്ങള്‍ കുറയുന്നില്ലെങ്കിലും മൊബൈലുകളെ മാത്രം ഉന്നം വെച്ചുള്ള അപകടകരങ്ങളായ സോഫ്റ്റ്‌വെയറുകളെയാണ് ചില കുപ്രസിദ്ധ സോഫ്റ്റ്‌വെയര്‍ സ്രഷ്ടാക്കള്‍ തയ്യാറാക്കുന്നത്. പ്രീമിയം നിരക്കില്‍ എസ്എംഎസുകള്‍ ഓട്ടോമാറ്റിക്കായി അയയ്ക്കാന്‍ ഇടയാക്കുന്ന പ്രോഗ്രാമുകള്‍, ഫോണ്‍ ഡാറ്റകള്‍ മോഷ്ടിക്കാന്‍ കഴിയുന്നവ, ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ കഴിയുന്ന പ്രോഗ്രാമുകള്‍, ഒരു ഉപകരണത്തിന്റെ സ്ഥലം നിരീക്ഷണവിധേയമാക്കാന്‍ സാധിക്കുന്ന മാല്‍വെയറുകള്‍, ബാങ്കിംഗ് ഇടപാടുകളെ നിരീക്ഷിക്കുന്നവ എന്നിങ്ങനെ വിവിധ തരത്തിലുള്ള മൊബൈല്‍ മാല്‍വെയറുകളാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്.

Advertisement

കഴിഞ്ഞ വര്‍ഷം മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്രമണം വര്‍ധിച്ച 93 ശതമാനമാണ്. അതില്‍ ഏറെയും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ ഉന്നം വെച്ചുകൊണ്ടായിരുന്നു. സിമാന്‍ടെകിന്റെ ഇന്റര്‍നെറ്റ് സെക്യൂരിറ്റി ത്രട്ട് റിപ്പോര്‍ട്ട് 17 ആണ് ഈ കണക്ക് പുറത്തുവിട്ടത്.

Advertisement

മൊബൈല്‍ മാല്‍വെയറുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി മക്അഫീയുടെ ഈ വര്‍ഷത്തെ ആഗോളപഠനവും തെളിയിക്കുകയുണ്ടായി. ആന്‍ഡ്രോയിഡിനെതിരെയാണ് ഈ ആക്രമണങ്ങളിലെറെയും എന്നാണ് മക്അഫീ റിപ്പോര്‍ട്ടും കണ്ടെത്തിയിട്ടുള്ളത്. 2011ന്റെ പകുതി വരെ നൂറുകണക്കിന് ആന്‍ഡ്രോയിഡ് അധിഷ്ഠിത ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ വര്‍ഷം അത് ആയിരക്കണക്കിനായി മാറിയിരിക്കുകയാണെന്ന് മക്അഫീ ലാബ്‌സ് പ്രോഡക്റ്റ് മാനേജര്‍ വിനൂ തോമസ് പറഞ്ഞു.

മക്അഫീയുടെ കണക്ക് പ്രകാരം മൊത്തം എണ്ണായിരത്തിലേറെ മൊബൈല്‍ മാല്‍വെയറുകളില്‍ ഏഴായിരവും ആന്‍ഡ്രോയിഡുകളെയാണ് ലക്ഷ്യം വെച്ചിട്ടുള്ളത്. ഓപണ്‍ ഓപറേറ്റിംഗ് സിസ്റ്റമായതാണ് ആന്‍ഡ്രോയിഡിന് ഇത്രയേറെ ആക്രമണസാധ്യത വര്‍ധിക്കാന്‍ കാരണമായതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബിസിനസ്, ബാങ്കിംഗ്, സ്വകാര്യ ആപ്ലിക്കേഷനുകള്‍ ധാരാളം ലഭ്യമാകുമ്പോഴും ഇവയില്‍ വ്യാജന്മാരെ തിരുകികയറ്റി ലക്ഷ്യം നേടുകയാണ് ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍.

Best Mobiles in India

Advertisement