ആപ്പിള്‍ മാക് കമ്പ്യൂട്ടറുകളില്‍ ട്രോജന്‍ ആക്രമണം



ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളില്‍ ട്രോജന്‍ ആക്രമണം ഉണ്ടായതായി റഷ്യന്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഡോക്ടര്‍ വെബ്. അഞ്ചരലക്ഷം മാക് കമ്പ്യൂട്ടറുകള്‍ ആക്രണത്തിന് ഇരയായതായാണ് ഈ കമ്പനി വെളിപ്പെടുത്തിയത്. മാക് ഒഎസ് എക് സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് നേരെയാണ് ആക്രമണമെന്നും കമ്പനി ഒരു ബ്ലോഗില്‍ വ്യക്തമാക്കി.

യുഎസ്, കാനഡ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളാണ് ഇതിന് കൂടുതലും ഇരകളായത്. ബാക്ക്‌ഡോര്‍ ഡോട്ട് ഫഌഷ്ബാക്ക് ഡോട്ട് 39 ട്രോജന്‍ എന്നാണ് ഈ ട്രോജനെ വിശേഷിപ്പിക്കുന്നത്. ഇതുള്‍പ്പെടുന്ന ഏതെങ്കിലും വെബ്‌സൈറ്റില്‍ ഉപയോക്താവ് സന്ദര്‍ശനം നടത്തിയാല്‍ ഉടന്‍ വൈറസ് നിശബ്ദമായി ആ കമ്പ്യൂട്ടറിനെ ബാധിക്കുന്നു. ഉപയോക്താവ് ഇക്കാര്യം അറിയുന്നുമില്ല. ജാവാ പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിക്കുന്ന വെബ് പേജുകളിലാണ് ട്രോജനെ പിന്തുണക്കുന്ന സുരക്ഷാപ്രശ്‌നം കാണപ്പെടുന്നത്.

Advertisement

ആപ്പിള്‍ മാക് ഒഎസില്‍ വൈറസ് ആക്രമണങ്ങള്‍ക്ക് സാധ്യതയില്ല എന്ന വിദഗ്ധാഭിപ്രായങ്ങള്‍ക്ക് മേല്‍ ഏല്‍ക്കുന്ന തിരിച്ചടിയാണ് ഡോക്ടര്‍ വെബിന്റെ വെളിപ്പെടുത്തല്‍. എന്തായാലും ഈ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ജാവ ആപ്പിളിന്റെ നിര്‍മ്മിതിയല്ലെന്ന ആശ്വാസമേ കമ്പനിക്കിപ്പോള്‍ ഉള്ളൂ.

Advertisement

മാക് ഒഎസില്‍ മിക്ക വെബ്‌സൈറ്റുകളും ആക്‌സസ് ചെയ്യാന്‍ ജാവ അത്യാവശ്യമല്ല എന്നതിനാല്‍ ട്രോജന്‍ ആക്രമണത്തില്‍ മുന്‍കരുതലെടുക്കാന്‍ വെബ് ബ്രൗസറിലെ ജാവ പ്രിഫറന്‍സ് യൂട്ടിലിറ്റിയില്‍ പോയി ജാവ ടേണ്‍ ഓഫ് ചെയ്യാവുന്നതാണെന്ന് ആന്റി വൈറസ് കമ്പനി അറിയിച്ചു.

ആപ്പിള്‍ ഈ സെക്യൂരിറ്റി പ്രശ്‌നത്തിനെതിരെ ഒരു സെക്യൂരിറ്റി അപ്‌ഡേറ്റ് ഇറക്കിയിട്ടുണ്ടെങ്കിലും ഈ നിര്‍ദ്ദേശം പിന്തുടരാത്ത സിസ്റ്റങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് ഡോക്ടര്‍ വെബ് അറിയിച്ചു. ജാവാ പ്രോഗ്രാമിംഗ് ടേണ്‍ ഓഫ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ഉടന്‍ തന്നെ സപ്പോര്‍ട്ട് ആപ്പിള്‍ ഡോട്ട് കോം വെബ് ലിങ്കില്‍ പോയി സെക്യൂരിറ്റി അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

Best Mobiles in India

Advertisement