കരുത്തന്‍ ഓഡിയോ റെക്കോഡര്‍ വിപണിയിലെത്തിച്ച് സെന്നൈസര്‍; മെമ്മറി മൈക്ക് റിവ്യൂ


ഇന്ന് പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറ സെന്‍സറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ... 48 മെഗാപിക്‌സല്‍ ക്യാമറയായാല്‍ പോലും അതിന്റെ വലിപ്പം വളരെ ചെറുതായിരിക്കും. അതായത് കിടിലന്‍ വീഡിയോകള്‍ ചിത്രീകരിക്കാനും അത്യുഗ്രന്‍ ഫോട്ടോകളെടുക്കാനുമൊന്നും വലിപ്പം കൂടിയ ഡി.എസ്.എല്‍.ആര്‍ ക്യാമറകളിന്ന് ആവശ്യമല്ല. മറിച്ച് നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ മതി.

എന്നാല്‍ ഇത്തരം സ്മാര്‍ട്ട്‌ഫോണുകളുടെ മൈക്കിന്റെ ഓഡിയോ ക്വാളിറ്റി നിങ്ങളെ നിരാശപ്പെടുത്തുന്നുണ്ടോ... വിഷമിക്കേണ്ട. ഈ പ്രശ്‌നത്തിനു മറുപടിയുമായി പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ സെന്നൈസര്‍ രംഗത്തുവന്നിരിക്കുകയാണ്. പുത്തന്‍ മെമ്മറി മൈക്ക് വയര്‍ലെസ് മൈക്രോഫോണ്‍ സെന്നൈസര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിക്കഴിഞ്ഞു. വില 18,900 രൂപ.

ബ്രോഷറിലെ വിവരമനുസരിച്ച് കൈയ്യില്‍കൊണ്ടു നടക്കാവുന്ന രീതിയില്‍ തന്നെയാണ് നിര്‍മാണം. പ്രധാനപ്പെട്ട മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്ന സമയത്തും വ്യക്തികളെ ഇന്റര്‍വ്യു ചെയ്യുന്ന സമയത്തും ഓരോ ശബ്ദവും കൃത്യമായി റെക്കോര്‍ഡ് ചെയ്യാന്‍ ഈ ഉപകരണം നിങ്ങളെ സഹായിക്കും. ഇന്‍സ്റ്റാഗ്രാം വ്‌ളോഗുകളില്‍ ക്വാളിറ്റി ശബ്ദം നല്‍കാനും ഇവന്റെ സഹായമുണ്ട്.

ഡിസൈന്‍

ഗ്രേയിഷ് കളര്‍ സ്‌കീമാണ് സെന്നൈസര്‍ മെമ്മറി മൈക്കിനുള്ളത്. 2X1.5X0.6 ഇഞ്ചാണ് ഡൈമന്‍ഷന്‍. ഭാരം 31 ഗ്രാം. അത്യാഡംബര ഡിസൈനാണുള്ളതെന്നൊന്നും പറയാനാകില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട ഡിസൈനാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പിന്‍ ഭാഗത്താണ് സിലിക്കണ്‍ ഉപയോഗിച്ചുള്ള ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. മുകള്‍ ഭാഗത്തായി ഗ്രില്ലുണ്ട്. വശങ്ങളിലായി പെയറിംഗ്/പവര്‍ ബട്ടണുകളും കാണാനാകും.

യു.എസ്.ബി സി കണക്ടീവിറ്റിയാണ് മൈക്കിലുള്ളത്. വൈഡ് കോളര്‍ മൈക്ക് മികച്ചതാണ്. ഉപയോഗിക്കുന്ന സമയത്ത് വസ്ത്രത്തിനോടു ചേര്‍ത്തു ബന്ധിപ്പിക്കണം. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പ് തുറന്ന് മൈക്കിനെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പ്രത്യേകം ബട്ടണൊന്നും ഘടിപ്പിച്ചിട്ടില്ല.

ഉള്‍ഭാഗം

100 ഹെര്‍ട്‌സ് മുതല്‍ 20 കിലോഹെര്‍ട്‌സ് വരെയുള്ള ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള കഴിവ് മൈക്കിനുണ്ട്. 48 കിലോഹെര്‍ട്‌സ് അല്ലെങ്കില്‍ 16 ബിറ്റ് ഓഡിയോ ഫയലായാണ് ഔട്ട്പുട്ട് ലഭിക്കുക. ശ്രേണിയിലെ മറ്റു മൈക്കുകളെപ്പോലെതന്നെ ഹൈ പാസ് ഫില്‍റ്റര്‍ ഈ മോഡലിലുമുണ്ട്. കാറ്റിന്റെ ശബ്ദം പോലുള്ള അനാവശ്യമായവ ഈ സംവിധാനം പ്രതിരോധിക്കും.

ഐ.ഓ.എസിലും ആന്‍ഡ്രോയിഡിലും ഒരുപോലെ ബന്ധിപ്പിക്കാവുന്ന ആപ്പ് ഉപേയാഗിച്ചാണ് മൈക്കിനെ പ്രവര്‍ത്തിപ്പിക്കുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ലളിതമായ മാര്‍ഗത്തിലൂടെ മൈക്കുമായി ബന്ധിപ്പിക്കാനാകും. പല സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി വ്യത്യസ്ത മോഡുകളുമുണ്ട്. റെക്കോര്‍ഡിംഗ് സമയം, ബാറ്ററി ലെവല്‍ അടക്കമുള്ളവ മൈക്ക് ദൃശ്യമാക്കും.

പെര്‍ഫോമന്‍സ്

മികച്ച പെര്‍ഫോമന്‍സാണ് സൈന്നൈസറിന്റെ മെമ്മറി മൈക്ക് നല്‍കുന്നത്. കൃത്യവും ക്ലിയറുമായ ശബ്ദം മൈക്ക് നല്‍കുന്നു. ആപ്പുമായുള്ള സെറ്റപ്പ് ലെവല്‍ പൂര്‍ത്തിയായാലുടന്‍ മൈക്ക് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മെമ്മറി മൈക്കിന്റെ റേഞ്ചും ആരെയും അതിശയിപ്പിക്കുന്നതാണ്. സാമാന്യം ദൂരത്തുനിന്നും കൃത്യമായ ശബ്ദം രേഖപ്പെടുത്താന്‍ മൈക്കിനു കഴിയും.

48 കിലോഹെര്‍ട്‌സ് ബിറ്റ് റേറ്റാണ് നിരാശപ്പെടുത്തുന്ന ഏക ഘടകം. സ്മാര്‍ട്ട്‌ഫോണുമായി വളരെ ലളിതമായ മാര്‍ഗത്തിലൂടെ പെയര്‍ ചെയ്യാനാകുമെന്നത് വലിയ സഹായമാണ്. നിരവധി മൈക്ക് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതു കൊണ്ടുതന്നെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. നാലുമണിക്കൂര്‍ ബാറ്ററി ബാക്കപ്പാണ് കമ്പനി പറയുന്ന സമയം. ഇത് ഉപയോഗക്രമം അനുസരിച്ചു മാറാം.

ചുരുക്കം

ഇലക്ട്രോണിക് നിര്‍മാണത്തില്‍ പേരുകേട്ട കമ്പനിയാണ് സെന്നൈസര്‍. ക്വാളിറ്റിയില്‍ കമ്പനി ഒരുതരത്തിലും വിട്ടുവീഴ്ച നടത്തിയിട്ടില്ല. ഇത് പുത്തന്‍ മെമ്മറി മൈക്കിലും കാണാനാകും. വിപണിയില്‍ നിലവില്‍ ലഭ്യമായ മികച്ച മെമ്മറി മൈക്കാണ് ആവശ്യമെങ്കില്‍ ഉറപ്പായും ഈ മോഡല്‍ തിരഞ്ഞടുക്കാവുന്നതാണ്.

Most Read Articles
Best Mobiles in India
Read More About: sennheiser audio news review

Have a great day!
Read more...

English Summary

Sennheiser Memory Mic review: A brilliant but hefty audio recorder