സുപ്രീംകോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു



ഫയല്‍, വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റുകള്‍ നിരോധിച്ച വിധിയില്‍ പ്രതിഷേധിച്ച് സുപ്രീംകോടതിയുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനിമാ നിര്‍മ്മാണ കമ്പനിയായ കോപ്പിറൈറ്റ് ലാബ്‌സിന്റെ ഹര്‍ജിയെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് പൈറേറ്റ് ബേ, വിമിയോ പോലുള്ള ടോറന്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ ഫലമായി റിലയന്‍സ്, എയര്‍ടെല്‍ പോലുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഈ സൈറ്റുകളുടെ ആക്‌സസിംഗ് നിരോധിച്ചിരുന്നു.

നിരോധനത്തില്‍ പ്രതിഷേധിച്ചാണ് ഓപ്ഇന്ത്യ ഹാക്കര്‍ഗ്രൂപ്പ് ട്വിറ്ററിലൂടെ സുപ്രീംകോടതി, കോണ്‍ഗ്രസ് പാര്‍ട്ടി വെബ്‌സൈറ്റുകള്‍ താത്കാലികമായ ഹാക്ക് ചെയ്ത കാര്യം പുറത്തുവിട്ടിത്. ഇന്റര്‍നെറ്റ് ഞങ്ങളില്‍ നിക്ഷിപ്തമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ഓപ്ഇന്ത്യയുടെ ഒരു ട്വീറ്റ് പറയുന്നു. പഴയ സര്‍ക്കാരിനെ ഉപേക്ഷിക്കാനുള്ള സമയമായതായും അനോണിമസിന്റെ ഉപവിഭാഗം എന്ന് കരുതുന്ന ഈ ഹാക്കിംഗ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

Advertisement

എന്നാല്‍ ഫയല്‍ ഷെയറിംഗ് സൈറ്റുകള്‍ കഴിഞ്ഞ കുറച്ച് ദിവസമായി ആക്‌സസ് ചെയ്യാന്‍ സാധിക്കാത്തതിന് വ്യക്തമായ കാരണങ്ങള്‍ സേവനദാതാക്കള്‍ക്ക് പറയാനില്ല. ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്തരമൊരു നീക്കം എന്ന് മാത്രമാണ് ഇവര്‍ പ്രതികരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലേയും സ്ഥിതി ഒരേ പോലെയല്ല. ചില സംസ്ഥാനങ്ങളില്‍ ഇത്തരം സൈറ്റുകള്‍ ഇപ്പോഴും ആക്‌സസ് ചെയ്യാനാകുന്നുണ്ട്.

Advertisement

പുതുതായി പുറത്തിറക്കുന്ന സിനിമകളുടെ വ്യാജവീഡിയോകളും മറ്റും എത്തുന്നത് നിര്‍മ്മാണ കമ്പനികളെ അവതാളത്തിലാക്കുന്നു എന്നാണ് കോപ്പിറൈറ്റ് ലാബ്‌സിന്റെ പരാതി. എന്തായാലും ആക്‌സസിംഗ് നിരോധിച്ചതില്‍ പങ്കുള്ള ടെലികോം വകുപ്പിന്റെ സൈറ്റും ഹാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ട്വീറ്റ് സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി സൈറ്റ് മുമ്പ് ആക്‌സസ് ചെയ്യാന്‍ ആയിരുന്നില്ലെങ്കിലും ഇപ്പോള്‍ ഈ സൈറ്റ് തുറക്കാന്‍ ആകുന്നുണ്ട്. ഒരു പക്ഷെ ഒരു മുന്നറിയിപ്പാകും ഹാക്കിംഗിലൂടെ ഓപ്ഇന്ത്യ ഉദ്ദേശിച്ചത്.

Best Mobiles in India

Advertisement