റെയിൽവേ സ്റ്റേഷനിൽ സെല്ഫിയെടുക്കുന്നവർക്ക് ഇനി പിഴ! അതും..


സെൽഫി എടുക്കൽ എന്നത് വെറുമൊരു ഫോട്ടോ എടുക്കുന്ന ശീലം എന്നതിൽ നിന്നും ഏറെ മാറിയിരിക്കുകയാണ്. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സെൽഫി എടുക്കുന്ന ശീലം ഇന്ന് ചെറുപ്പക്കാർക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആളുകളുടെ കയ്യടി നേടുന്നതിനും മറ്റുമായി ഓരോ സെൽഫികൾ എടുക്കുമ്പോഴും ഏതറ്റം വരെ പോയി മികച്ചതാക്കാൻ ചെറുപ്പം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement

സെൽഫി അപകടങ്ങൾ കൂടുമ്പോൾ

പലപ്പോഴും ഏറെ അപകടകരമായ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും നിന്നെല്ലാമായിരിക്കും ഇത്തരത്തിൽ സെൽഫി എടുക്കുക. എന്തിന് അപകട സ്ഥലത്ത് നിന്ന് വരെ സെൽഫി എടുക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. കേരളത്തിൽ ഒരു പാവം മനുഷ്യനെ കള്ളനെന്ന് ആരോപിച്ച് അടിച്ചുകൊന്നപ്പോൾ അതിനിടയിൽ വരെ കയറി നിന്ന് സെൽഫി എടുത്തുകൊണ്ട് മനുഷ്യത്വമില്ലായ്മയുടെ ഏതറ്റം വരെ പോകാൻ തങ്ങൾക്ക് കഴിയുമെന്ന് ചിലർ തെളിയിച്ചിട്ടുമുണ്ട്. അതൊക്കെ അവിടെ നിൽക്കട്ടെ, പറഞ്ഞാൽ തീരില്ല. ഇന്നിവിടെ പറയാൻ പോകുന്നത് റെയിൽവേ സ്റ്റേഷനുകളിൽ സെൽഫി എടുക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തെ കുറിച്ചാണ്.

Advertisement
ഇനി മുതൽ സെൽഫി എടുക്കുന്നവർക്ക് പണികിട്ടും

നേരത്തെ പറഞ്ഞ പോലെ ആളുകൾ സെൽഫിഭ്രമം മൂത്ത് എവിടെ നിന്ന് വേണമെങ്കിലും സെൽഫി എടുക്കാൻ തുടങ്ങിയ സാഹചര്യത്തിൽ റയിൽവെ സ്റ്റേഷൻ പോലെ ഒരേ സമയം തിരക്കേറിയതും അപകടം ഏറെ നിറഞ്ഞതുമായ ഒരു സ്ഥലത്തു വെച്ചും സെൽഫി എടുക്കാൻ ആളുകൾ മുതിരും എന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും അപകടം നമ്മൾ സ്വയം വിളിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും സ്റ്റേഷനിൽ വെച്ചുള്ള സെൽഫിയെടുക്കൽ. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സതേൺ റയിൽവെ ഈ വിഷയത്തിൽ കർശനമായ ഒരു നിയമവുമായി എത്തിയിരിക്കുന്നത്.

പിഴ 2000 രൂപ!

രണ്ടായിരം രൂപ പിഴ എന്ന ആശയമാണ് സതേൺ റയിൽവെ കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ നടപ്പാത, റൈനുകളുടെ അടുത്ത് വെച്ച്, പാളത്തിനോട് ചേർന്ന്, പാലത്തിൽ ഇരുന്ന് (അങ്ങനെയും ചില വിരുതന്മാർ ഉണ്ടല്ലോ) എല്ലാം തന്നെ സെൽഫി എടുത്താൽ ഒരു 2000 രൂപ പിഴയായി റെയിൽവേക്ക് നൽകേണ്ടി വരും. കോയമ്പത്തൂർ റയിൽവെ ജംക്ഷൻ മാനേജർ സെന്തിൽ വെൽ ഒരു ദേശീയ മാധ്യമത്തോട് അറിയിച്ചതാണ് ഈ കാര്യം.

നിയമം എല്ലാവർക്കും ബാധകം

എന്നാൽ ചെറുപ്പക്കാർക്ക് മാത്രമാണ് ഈ നിയമം എന്ന് ആരും കരുതരുതേ. കാരണം ചെറുപ്പക്കാർ മാത്രമല്ല, മുതിർന്നവരും കുട്ടികളും എന്തിന് വൃദ്ധന്മാർ വരെ സെല്ഫിയെടുക്കുന്നതിൽ ഇന്നത്തെ കാലത്ത് ഒട്ടും മോശമല്ല. അതിനാൽ ഇനി ട്രെയിൻ യാത്ര നടത്തുമ്പോൾ സെൽഫി എടുക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു 2000 രൂപ കൂടെ കയ്യിൽ കരുതുന്നത് നന്നാവും. ഈ നിയമം എത്രത്തോളം എവിടെയെല്ലാം കൊണ്ടുവരും എന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

2 വർഷം മുമ്പ് മോഷണം പോയ 6500 രൂപയുടെ ഫോൺ തിരിച്ചുകിട്ടാൻ ഇയാൾക്ക് ചെലവായത് 3.5 ലക്ഷം രൂപ!

Best Mobiles in India

English Summary

Taking Selfies at Railway Stations Will Be Punishable.