തോംസണ്‍ UD9 40 ഇഞ്ച് 4K ആന്‍ഡ്രോയ്ഡ് ടിവി വിപണിയില്‍; വില വെറും 20999 രൂപ


സോണി, സാംസങ്, എല്‍ജി തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ ടെലിവിഷന്‍ വിപണി അടക്കിവാഴുന്നത്. ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ ഈ കമ്പനികള്‍ ഇന്ത്യക്കാരുടെ മനം കവര്‍ന്നിരുന്നു. പുത്തന്‍ സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കില്‍ മറ്റ് നിരവധി കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിച്ചു. പ്രീമിയം സ്മാര്‍ട്ട് ടിവി വിപണിയില്‍ സോണി, സാംസങ്, എല്‍ജി എന്നിവയ്ക്ക് ഇപ്പോഴും മുന്‍തൂക്കമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ താങ്ങാവുന്ന വിലയ്ക്കുള്ള നിരവധി സ്മാര്‍ട്ട് ടിവികള്‍ ഇന്ന് നമുക്ക് ലഭ്യമാണ്.

ഷവോമി, തോംസണ്‍, ടിസിഎല്‍, ഷാര്‍പ്പ് മുതലായ കമ്പനികളാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി വിപണിയിലെ പുത്തന്‍ താരങ്ങള്‍. ഷവോമി മി ടിവി 4A പ്രോ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തോംസണ്‍ UD9-40 ഇഞ്ച് 4K ആന്‍ഡ്രോയ്ഡ് ടിവിയുമായി വിപണിയില്‍ ചലനം സൃഷ്ടിച്ചുകഴിഞ്ഞു.

ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് തോംസണ്‍ ഇന്ത്യയില്‍ ടിവികള്‍ വില്‍ക്കുന്നത്. മാര്‍ച്ച് 16-ന് UD9-40 ഇഞ്ച് 4K ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവി ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തി. 20999 രൂപയാണ് വില. ഇതോടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന 40 ഇഞ്ച് 4K സ്മാര്‍ട്ട് ടിവിയായി ഇത് മാറിയിരിക്കുകയാണ്.

രൂപകല്‍പ്പന: കനംകൂടിയ ബെസെല്‍സ്

ശരാശരി നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് തോംസണ്‍ ഈ ടിവി നിര്‍മ്മിച്ചിരിക്കുന്നത്. 20999 രൂപയ്ക്ക് UHD റെസല്യൂഷന്‍ ടിവി ലഭിക്കുമ്പോള്‍ ഇത് സഹിക്കാവുന്നതേയുള്ളൂ. ഡിസ്‌പ്ലേയ്ക്ക് ചുറ്റുമുള്ള ബെസെല്‍സിന് കനം അല്‍പ്പം കൂടുതലാണ്. മുകള്‍ ഭാഗത്ത് ഇത് ഒരു സെന്റീമീറ്ററോളം വരും. താഴെ അതിലും കൂടുതലാണ്. പാനലില്‍ താഴ്ഭാഗത്തായി തോംസണിന്റെ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ടിവി മനോഹരമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും അല്‍പ്പം കൂടി മെച്ചപ്പെടുത്താമായിരുന്നെന്ന് തോന്നുന്നു.

പോര്‍ട്ടുകള്‍: മൂന്ന് HDMI പോര്‍ട്ടുകളും രണ്ട് USB പോര്‍ട്ടുകളും

പോര്‍ട്ടുകളെല്ലാം ടിവിയുടെ പിന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് HDMI പോര്‍ട്ടുകളും രണ്ട് USB പോര്‍ട്ടുകളുമുണ്ട്. LAN കണക്ടിവിറ്റിക്കായി ഒരു എതര്‍നെറ്റ് പോര്‍ട്ടും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓഡിയോ- വീഡിയോ പോര്‍ട്ടുകളും പിന്നില്‍ തന്നെയാണ്. ഹെഡ്‌ഫോണിന് വേണ്ടി 3.5 മില്ലിമീറ്റര്‍ ഓഡിയോ ജാക്കുമുണ്ട്.

ഡിസ്‌പ്ലേ: തിളക്കവും വ്യക്തതയുമുള്ള ചിത്രങ്ങള്‍

4K സ്‌ക്രീന്‍ റെസല്യൂഷനോട് കൂടിയ ടിവിയാണിത്. 3840X2160 പിക്‌സല്‍സാണ് സ്‌ക്രീന്‍ റെസല്യൂഷന്‍. 550 നിറ്റ്‌സാണ് ഏറ്റവും ഉയര്‍ന്ന ബ്രൈറ്റ്‌നസ്സ്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ക്ക് നല്ല തെളിച്ചവും വ്യക്തതയും ലഭിക്കുന്നു. ഡിസ്‌പ്ലേ സെറ്റിംഗ്‌സില്‍ ക്രമീകരണങ്ങള്‍ നടത്തി ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. നിറങ്ങള്‍ മനോഹരമായി വിശദാശംങ്ങള്‍ നഷ്ടമാകാതെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യാന്‍ ടിവിക്ക് കഴിയുന്നു. HDR സാങ്കേിതികവിദ്യ ദൃശ്യമികവ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന റെസല്യൂഷനിലുള്ള വീഡിയോകള്‍ കാണുമ്പോള്‍ ഫ്രെയിം റേറ്റില്‍ ഇഴച്ചില്‍ പ്രകടമാകുന്നില്ലെന്നതും എടുത്തുപറയേണ്ടതാണ്.

സോഫ്റ്റ്‌വെയറും ഓഡിയോയും

ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ടിലാണ് ടിവി പ്രവര്‍ത്തിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, യൂട്യൂബ് തുടങ്ങിയ ആറ് തേഡ് പാര്‍ട്ടി ആപ്പുകള്‍ ഇതില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട്. 18 പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടിവിയുടെ UI ലളിതമാണ്. ഇന്റര്‍നെറ്റ് കണക്ഷനായി 2.4GHz വൈ-ഫൈ ഉണ്ടെങ്കിലും ബ്ലൂടൂത്ത് കണക്ടിവിറ്റി ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തുന്നു.

20W ആണ് ടിവിയുടെ ഓഡിയോ ഔട്ട്പുട്ട്. ഉയര്‍ന്ന വ്യക്തതയുള്ള ശബ്ദം നല്‍കാന്‍ ടിവിക്ക് ആകുന്നുണ്ട്. തീയറ്ററിലേതിന് സമാനമായ അനുഭവമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അധികമായി സ്പീക്കറുകള്‍ വാങ്ങേണ്ടിവരും. ഓഡിയോ ഔട്ട്പുട്ടില്‍ മാറ്റം വരുത്തുന്നതിന് ആവശ്യമായ പ്രീഡിഫൈന്‍ഡ് സെറ്റിംഗ്‌സും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍

താങ്ങാവുന്ന വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന മികച്ച 4K ഡിസ്‌പ്ലേയോട് കൂടിയ സ്മാര്‍ട്ട് ടിവിയാണ് തോംസണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഡിസ്‌പ്ലേ തന്നെയാണ് ടിവിയുടെ പ്ലസ് പോയിന്റ്. ശരാശരി നിലവാരം പുലര്‍ത്തുന്ന പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഡിസ്‌പ്ലേയുടെ പേരില്‍ മാത്രമേ ഇത് വാങ്ങാന്‍ കഴിയൂ.

Most Read Articles
Best Mobiles in India
Read More About: tv news technology review

Have a great day!
Read more...

English Summary

Thomson UD9 40-inch 4K Android TV first impressions: Bright and vivid 4K display at Rs 20,999