നിങ്ങളുടെ മെമ്മറി കാർഡുകൾ വേറെ ആർക്കെങ്കിലും കൊടുക്കുമ്പോൾ അതെത്ര തന്നെ ഫോർമാറ്റ് ചെയ്തതാണെങ്കിലും അതിലെ പഴയ നിങ്ങളുടെ ഡാറ്റ അവർക്ക് വീണ്ടും എടുക്കാൻ സാധിക്കും എന്ന കാര്യം എത്രപേർക്കറിയാം? ചില ആളുകളൊക്കെ olxൽ ഉപയോഗിച്ച മെമ്മറി കാർഡുകൾ വിൽപനയ്ക്ക് എന്ന രീതിയിൽ പരസ്യം കൊടുക്കുന്നത് കാണാം. ചിലർ ഷോപ്പുകൾ വഴിയും ഉപയോഗിച്ച മെമ്മറി കാർഡുകൾ ഇങ്ങനെ വിൽക്കാറുണ്ട്.
പക്ഷെ ഇവിടെയാണ് ഏറ്റവും വലിയ മണ്ടത്തരം നമുക്ക് പറ്റുക. എത്ര തന്നെ നമ്മൾ ഡിലീറ്റ് ചെയ്തതാണെങ്കിലും, എന്തിന് ഫോർമാറ്റ് ചെയ്തതാണെങ്കിൽ കൂടെ അതിലുണ്ടായിരുന്ന പഴയ ഡാറ്റ വീണ്ടും പുറത്തെടുക്കാനുള്ള സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. ഈ സൗകര്യം ലഭ്യമാക്കുന്ന സോഫ്ട്വെയറുകൾക്കായി സൈബർ സെല്ലിലും മറ്റുമൊന്നും പോകേണ്ട ആവശ്യമില്ല. ഒരു പരിധി വരെയുള്ള ഡാറ്റ റിക്കവറിയെല്ലാം സാധ്യമാക്കുന്ന സോഫ്ട്വെയറുകൾ ഇഷ്ടംപോലെ ഇപ്പോൾ ഇന്റർനെറ്റിൽ സുലഭമാണ്.
ഈബേ, സെക്കൻഡ് ഹാൻഡ് ഷോപ്പുകൾ എന്നിവയിൽ നിന്നും വാങ്ങിയ ഉപയോഗിച്ച 100 മെമ്മറി കാർഡുകളിൽ യുകെയിലെ University of Hertfordshireലെ ഗവേഷകർ പഠനം നടത്തുകയുണ്ടായി. പഠനഫലം ഞെട്ടിക്കുന്നതായിരുന്നു. ഈ നൂറെണ്ണത്തിൽ 25 കാർഡുകൾ മാത്രമായിരുന്നു ശരിയായ രീതിയിൽ ഫോർമാറ്റ് ചെയ്തിരുന്നത്.
ബാക്കി 75 കാർഡുകളുടെയും ഡാറ്റ പകുതിയിലധികവും സാധാരണ എല്ലാവരും ഉപയോഗിക്കുന്ന ഡാറ്റ റിക്കവറി സൗജന്യ സോഫ്ട്വെയർ ഉപയോഗിച്ചും ബാക്കി പകുതി അല്പം കൂടിയ നിലവാരമുള്ള റിക്കവറി ടൂൾ ഉപയോഗിച്ചും തിരിച്ചെടുക്കാൻ സാധിച്ചു. ഇത്രയും ഗുരുതരമായ ഒരു ഫലം തീർത്തും ഗവേഷകരെ ഞെട്ടിക്കുന്നതായിരുന്നു. ഇത് കേൾക്കുമ്പോൾ ഇപ്പോൾ നമ്മളെയും ഇത് അല്പമൊന്ന് ആശങ്കയിലാക്കുന്നു.
കാരണം ഇത്തരത്തിൽ എത്ര മെമ്മറി കാർഡുകൾ ശരിയായ രീതിയിൽ അല്ലാതെ ഫോർമാറ്റ് ചെയ്ത് നമ്മൾ ആർക്കൊക്കെ കൊടുത്തിട്ടുണ്ടാകും എന്നത് തന്നെ. കൊടുത്തത് ഇനി ഒന്നും ചെയ്യാനില്ല. എന്നാൽ ഇനിയെങ്കിലും ഒരു മെമ്മറി കാർഡ് വേറെ ഒരാൾക്ക് കൊടുക്കുമ്പോഴോ വിൽക്കുമ്പോഴോ ചില കാര്യങ്ങൾ അതിന് മുമ്പായി ചെയ്യുക.
ഒരു മെമ്മറി കാർഡിലെ ഡാറ്റ ഡിലീറ്റ് ചെയ്തു എന്നത് കൊണ്ട് മാത്രമോ ഫോർമാറ്റ് ചെയ്തു എന്നത് കൊണ്ട് മാത്രമോ ഡാറ്റ പൂർണ്ണമായും അവിടെ നിന്നും പോകുന്നില്ല. പകരം അവിടെ പുതിയ ഫയൽ അതിനു മുകളിലായി ഓവർ റിട്ടൺ ആയിവരണം. എന്നാൽ മാത്രമേ വേറൊരാൾക്ക് പഴയ ഫയലുകൾ റിക്കവർ ചെയ്തെടുക്കാൻ പറ്റാതിരിക്കുകയുള്ളൂ. അതുകൊണ്ട് ഫോര്മാറ്റിന് ശേഷം ഏതെങ്കിലും ആവശ്യമില്ലാത്ത ഒരു ഫയൽ അവിടെ ഓവർ റിട്ടൺ ചെയ്യാനായി മാത്രം കൊടുക്കുക. ശേഷം വിൽക്കാം.