കൊള്ളലാഭം വേണ്ട; 50000 രൂപ വിലയുള്ള ഫോണ്‍ വില്‍ക്കാനില്ലെന്ന് ഷവോമി


ഷവോമി 50000 രൂപ വിലയുള്ള ഫോണ്‍ പുറത്തിറക്കുമോ? ചോദ്യത്തിനുള്ള ഉത്തരം ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയ്ന്‍ തന്നെ പറയുന്നു- ഇല്ല. കാരണം ലളിതം, ഷവോമിക്ക് കൊള്ളലാഭം വേണ്ട!

Advertisement

'മറ്റ് കമ്പനികള്‍ ചെയ്യുന്നത് പോലെ ഷവോമിക്കും 50000 രൂപ വിലയിട്ട് ഫോണ്‍ വില്‍ക്കാന്‍ കഴിയും. പക്ഷെ അതിന് ഞങ്ങളുടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുവദിക്കുകയില്ല. ലാഭവിഹിതം അഞ്ച് ശതമാനത്തില്‍ ഒതുക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. അത് മുറുകെ പിടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' പോക്കോ F1 ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങിനിടെ മനു പറഞ്ഞു.

Advertisement


ഏതൊരു പ്രീമിയം സ്മാര്‍ട്ട്‌ഫോണിനോടും കിടപിടിക്കാന്‍ കഴിയുന്നതാണ് പോക്കോ F1. ഇതിന്റെ വില ആരംഭിക്കുന്നത് 20999 രൂപയില്‍ നിന്നാണ്. 256 GB സ്റ്റോറേജും 8GB റാമുമുള്ള ഏറ്റവും ഉയര്‍ന്ന മോഡലിന്റെ വില 29999 രൂപ മാത്രം.

ഫോണുകളുടെ വില നിര്‍മ്മാണ ചെലവുകളെ ആശ്രയിച്ചിരിക്കുന്നു. ഷവോമി ഫോണുകളില്‍ നല്‍കുന്ന എല്ലാ സാങ്കേതിക സൗകര്യങ്ങളും ചേര്‍ന്നാലും 50000 രൂപ എത്തില്ലെന്ന് മനു സാക്ഷ്യപ്പെടുത്തുന്നു. 'കൂടുതല്‍ ലാഭവിഹിതം ഈടാക്കുന്നത് കൊണ്ടാണ് ചില ഫോണുകളുടെ വില വന്‍തോതില്‍ കൂടുന്നത്. ഒരിക്കലും 50000 രൂപ വിലയുള്ള ഫോണ്‍ ഷവോമി വില്‍ക്കുകയില്ലെന്നല്ല ഇതിന് അര്‍ത്ഥം. വിലയേറിയ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിക്കുന്ന ഫോണിന് സ്വാഭാവികമായും വില ഉയരും.'

Advertisement

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷവോമി സ്ഥാപകന്‍ ലെയ് ജുന്നും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു. വിലയ്‌ക്കൊത്ത മൂല്യവും പഴയ ഫോണുകള്‍ക്ക് മികച്ച വിലയും നല്‍കാനായാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ കാലം കമ്പനിക്കൊപ്പം നില്‍ക്കുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മാത്രമല്ല കുറഞ്ഞ ലാഭത്തിന് കൂടുതല്‍ ഫോണുകള്‍ വില്‍ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച ലാഭം ഉറപ്പാക്കുമെന്നും ജുന്‍ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ വ്യക്തമാക്കി.

50000 രൂപ വിലയുള്ള ഫോണ്‍ ഇല്ലെങ്കിലും ഷവോമിയുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇവയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ മനു കുമാര്‍ ജെയ്ന്‍ തയ്യാറായില്ല. എന്നാലും ഷവോമി മി 8, ഷവോമി മി മിക്‌സ് 3 എന്നിവ വരും മാസങ്ങളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. മി 8 ഇപ്പോള്‍ ചൈനയില്‍ ലഭ്യമാണ്. മിക്‌സ് 3 ഒക്ടോബറില്‍ വിപണിയിലെത്തും.

Best Mobiles in India

Advertisement

English Summary

Why Xiaomi Not Selling 50000 Rupees Smartphone; Here is the Answer.