ദുരിതവുമായി ബന്ധപ്പെട്ട വാർത്തകൾ ഷെയർ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണേ..


പേമാരിയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനമൊട്ടുക്കും ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ദുരിതത്തിന്റെ അതാത് സമയത്തുള്ള വിവരങ്ങളും മറ്റും നമ്മൾ വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമെല്ലാം ധാരാളമായി ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ ഓരോ വാർത്തകളും വിവരങ്ങളും ഷെയർ ചെയ്യുമ്പോൾ ഒരല്പം ശ്രദ്ധയോട് കൂടി മാത്രം ഷെയർ ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.

Advertisement

തെറ്റായ ഒരു വാർത്ത ഷെയർ ചെയ്യുന്നത് നിങ്ങളെ ജയിൽ എത്തിച്ചേക്കും

കാരണം ഒരു തെറ്റായ വാർത്തയോ അറിയിപ്പോ ആണ് നമ്മൾ ഷെയർ ചെയ്യുന്നത് എങ്കിൽ തീർച്ചയായും അത് ഉപകാരത്തെക്കാൾ ഉപദ്രവമേ സൃഷ്ടിക്കുകയുള്ളൂ. ഒപ്പം ഒരുപക്ഷെ നിങ്ങളെ ജയിലിൽ എത്തിക്കാൻ വരെ ഇത് കാരണവുമായേക്കും. ഇവിടെ നിങ്ങൾ എന്തെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വളരെ ചുരുക്കി വിവരിക്കാം. അതോടൊപ്പം തന്നെ എന്തെല്ലാം ഷെയർ ചെയ്യണം എന്തെല്ലാം ചെയ്യാതിരിക്കണം എന്നും പറയാം.

Advertisement
ദുരന്തത്തിന്റെ ഭീകരത പെരുപ്പിച്ച് കാണിക്കുന്ന ഇല്ലാത്ത വാർത്തകൾ

കേരളത്തിൽ മഴക്കെടുതി ഭീകരമാം വിധം നിലയ്ക്കാതെ തുടർന്നുകൊണ്ടിരിക്കുകയാണെങ്കിലും പലരും ഷെയർ ചെയ്യുന്ന വാർത്തകൾ ആരൊക്കെയോ എവിടെന്നൊക്കെയോ കിട്ടിയ വാർത്തകളുടെ അടിസ്ഥാനത്തിൽ തട്ടികൂട്ടിയതാകാനും ചിലതെല്ലാം വെറുതെ ഒരു ഭീതി പരത്താൻ അമിതമായി പെരുപ്പിച്ച് എഴുതിയവയും ആവും. അവ സ്വയം ബുദ്ധിയാൽ തന്നെ തിരിച്ചറിയാവുന്നതാണ് എന്നതിനാൽ മനസ്സിലാക്കി മാത്രം ഷെയർ ചെയ്യാൻ ശ്രമിക്കുക.

അവസരം മുതലാക്കാനുള്ള വാർത്തകൾ

എന്തിലും ഏതിലും അവസരം മുതലാക്കുന്ന ആളുകൾ എന്നും എവിടെയും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോഴും അതിനിടയിൽകൂടി തങ്ങളുടെ സ്വന്തം താല്പര്യങ്ങൾ മുൻനിർത്തിക്കൊണ്ട് പ്രൊമോഷനുകളും പരസ്യങ്ങളും കുത്തിനിറച്ച് സഹായമായി എത്തുക എന്നതിനേക്കാൾ തങ്ങളുടെ സ്വന്തം കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ഫേസ്ബുക്ക് പേജിന്റെയോ എല്ലാം തന്നെ വളർച്ചക്കായി ഈ അവസരം ഉപയോഗിക്കുന്നവരുടെ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കുക. കഴിവതും നിരുത്സാഹപ്പെടുത്താനും ശ്രമിക്കുക.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

നിങ്ങൾ ഒരാൾ അപകടത്തിലാണ്, രക്ഷപ്പെടുത്തണം.. ഇതാണ് സ്ഥലം ഇവിടെ വന്നാൽ ഇയാളെ രക്ഷപ്പെടുത്താം എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ സ്വന്തം ഫേസ്ബുക്ക് വാളിലും വട്സപ്പിലും ഇട്ടുകഴിഞ്ഞാൽ നിരവധി ഷെയറുകൾ വരും എന്ന കാര്യം ഉറപ്പാണ്. എന്നാൽ ഈ പോസ്റ്റ് ഇട്ട ശേഷം ആ ആൾക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന വിവരം ലഭിച്ചാൽ ഉടൻ തന്നെ ആ കാര്യം പോസ്റ്റിൽ അപ്‌ഡേറ്റ് ചെയ്യണം. കാരണം ഇതറിയാത്ത പലരും അവരുടെ രക്ഷാപ്രവർത്തനത്തിനായി സമയം കളഞ്ഞുകൊണ്ട് മറ്റു പലർക്കും ആവശ്യമായ സമയം ഇല്ലാതാകും.

നിങ്ങളുടെ ഫോണിലെ ഒരു ശതമാനം ചാർജ്ജ് പോലും വിലപ്പെട്ട ഒരുപിടി ജീവനുകൾ രക്ഷിച്ചേക്കും!

ഫോണിലെ ബാറ്ററി പരമാവധി ലാഭിക്കാൻ ഈ 8 കാര്യങ്ങൾ പാലിക്കുക

നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ. നിങ്ങളുടെ ഫോണുമായി ബന്ധപ്പെട്ട ആ കാര്യങ്ങൾ പറയുകയാണ് ഇവിടെ. ഈ കാര്യങ്ങൾ ഒരുപക്ഷെ പല ജീവനുകളെയും രക്ഷിക്കാൻ വരെ കാരണമായേക്കും. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും ഭാഗികമായും തകർന്നിരിക്കുന്നു ഈ സാഹചര്യത്തിൽ നിങ്ങളുടെ ഫോൺ പരമാവധി ബാറ്ററി എങ്ങനെ നിലനിർത്താം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നെല്ലാം എളുപ്പം മനസ്സിലാകുന്ന രീതിയിൽ വിവരിക്കുകയാണ് ഇവിടെ. അപ്പോൾ താഴെ പറയാൻ പോകുന്ന ഈ 8 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുമല്ലോ.

1. മൊബൈൽ ഡാറ്റ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം ഫോണിലെ ഇന്റർനെറ്റ് ഓൺ ചെയ്യുക. അനാവശ്യമായി ഓരോന്ന് കളിച്ച് ഫോണിലെ ബാറ്ററി പെട്ടെന്ന് തീർക്കാതിരിക്കുക. പിന്നീട് ആവശ്യം വരുമ്പോൾ ചാർജ്ജ് ചെയ്യാൻ വൈദ്യുതി ഉണ്ടായിരിക്കണം എന്നില്ല.

2. പവർ സേവിങ്‌ മോഡ് ഉപയോഗിക്കുക

ഫോണിലെ ബാറ്ററി കൂടുതൽ ലാഭിക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം പവർ സേവിങ്‌ മോഡ് ഓൺ ചെയ്യുക എന്നതാണ്. ഓരോ ഫോണുകളിലും സെറ്റിങ്ങ്സുകൾ വ്യത്യസ്തമാണെങ്കിലും ഇതുകൊണ്ട് ലഭിക്കുന്ന ഉപകാരം അല്പമധികം ബാറ്ററി ലാഭിക്കാനാകും എന്നതാണ്.

3. ഒരു സംഘത്തിലെ എല്ലാവരും ഫോണുകൾ ഉപയോഗിക്കേണ്ടതില്ല

ഒരുകൂട്ടം ആളുകൾ എവിടെയെങ്കിലും ഒറ്റപ്പെടുകയോ അല്ലെങ്കിൽ വൈദ്യുതി ഇല്ലാതെ ഒപ്പം വേണ്ടത്ര സഹായം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആവുകയോ ചെയ്‌താൽ എല്ലാവരും ഫോണുകൾ ഓൺ ചെയ്തുവെക്കുന്നത് ഒഴിവാക്കുക. അവശ്യ കോളുകൾ ചെയ്ത ശേഷം ഒന്നോ രണ്ടോ ഫോണുകൾ മാത്രം ഓൺ ചെയ്തുവെക്കുക.

4. അത്യാവശ്യം നിങ്ങൾക്ക് വേണ്ട നമ്പറുകൾ കടലാസിൽ എഴുതിവെക്കുക

അത്യാവശ്യം നിങ്ങൾക്ക് വേണ്ട നമ്പറുകൾ ഒരു കടലാസിലോ മറ്റോ എഴുതിവെക്കുക. ഫോൺ പൂർണ്ണമായും ഓഫ് ആയി വൈദ്യുതി ഇല്ലാത്ത സാഹചര്യം കൂടെ വന്നാൽ ആരെയെങ്കിലും വിളിക്കേണ്ടി വന്നാൽ ഉപകാരപ്പെടും.

5. അനാവശ്യ ആപ്പുകൾ എല്ലാം തന്നെ ഒഴിവാക്കുക

ഫോണിലെ ബാറ്ററി വേഗം തീർക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് ആപ്പുകൾ തന്നെയാണ്. അതിനാൽ ഈ സമയത്ത് തത്കാലത്തേക്ക് നിങ്ങളുടെ ഫോണിൽ ആവശ്യം വേണ്ട ആപ്പുകൾ ഒഴികെ ബാക്കിയെല്ലാം തന്നെ ഒഴിവാക്കുക. ഒഴിവാക്കാനായി settings> app settings വഴി കയറുക.

6. വൈബ്രെഷൻ വേണ്ട

കോൾ വരുമ്പോൾ ഉള്ളതും ടൈപ്പ് ചെയ്യുമ്പോൾ ഉള്ളതുമായ സകല വൈബ്രെഷനുകളും ഒഴിവാക്കുക. ബാറ്ററി തീർക്കുന്നതിൽ ചെറിയൊരു പങ്ക് ഇവയ്ക്കും ഉണ്ട് എന്നത് തന്നെ കാരണം.

7. വെളിച്ചം പരമാവധി കുറയ്ക്കുക

ഫോണിലെ വെളിച്ചം കഴിവിന്റെ പരമാവധി കുറയ്ക്കുക എന്നത് പലർക്കും അറിയാവുന്ന ഒന്നാണല്ലോ. എങ്കിലും ഇതും അറിയാത്തവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ഫോൺ സ്ക്രീൻ ആണ് ഏറ്റവുമധികം ബാറ്ററി കുറയ്ക്കുന്ന ഒന്ന് എന്നത് മനസ്സിൽ വെക്കുക.

8. ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള ആപ്പുകളുടെ ഉപയോഗം കുറയ്ക്കുക

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകൾ ഏറെ ബാറ്ററി എടുക്കുന്ന ആപ്പുകളാണ്. എന്നാൽ ഈ സാഹചര്യത്തിൽ ദുരന്തവുമായി ബന്ധപ്പെട്ട പല അറിയിപ്പുകളും ഇവ വഴി വരുന്നുണ്ട് എന്നതിനാൽ ഒഴിവാക്കാൻ തത്കാലം സാധിക്കാത്തതിനാൽ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

Best Mobiles in India

English Summary

Avoid These Things While You Sharing Kerala Flood News.