വൻ കുതിപ്പുമായി എയർടെൽ, മേധാവിത്വം തുടർന്ന് ജിയോ, വിഐയ്ക്ക് വൻ തകർച്ച

|

ജിയോയുടെ കുതിച്ച് ചാട്ടത്തിന്റെ അലകൾ അവസാനിക്കാത്ത കാലത്ത്, തുടർച്ചയായ നഷ്ടക്കണക്കുകൾക്കൊടുവിൽ നേട്ടത്തിന്റെ മധുരം നുണയുകയാണ് ഭാരതി എയർടെൽ. ട്രായ് ( ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ) പുറത്ത് വിട്ട സബ്സ്ക്രൈബർ അഡിഷൻ ഡാറ്റ പ്രകാരം നവംബറിൽ പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ നേട്ടമാണ് എയർടെലിന് ഉണ്ടായിരിക്കുന്നത്. ഒക്ടോബറിലെ വലിയ നഷ്ടക്കണക്കിൽ നിന്നാണ് എയർടെലിന്റെ ഉയിർത്തെഴുന്നേൽപ്പ് എന്നതും ശ്രദ്ധേയമാണ്. ട്രായ് പുറത്ത് വിട്ട കണക്ക് അനുസരിച്ച് 2021 നവംബറിൽ മാത്രം ഭാരതി എയർടെൽ 13,18,251 ( 1.31 ദശലക്ഷം ) പുതിയ വയർലെസ് ഉപയോക്താക്കളെ ചേർത്തു.

 

യൂസേഴ്സ്

ഒക്ടോബറിൽ 4.98 ലക്ഷം വരിക്കാരെ എയർടെലിന് നഷ്ടമായിരുന്നു. അവിടെ നിന്നുമാണ് 13 ലക്ഷത്തിലധികം പുതിയ യൂസേഴ്സ് എന്ന നേട്ടത്തിലേക്ക് എയർടെൽ എത്തിയിരിക്കുന്നത്. അതേ സമയം, വോഡഫോൺ ഐഡിയയ്ക്ക് ( വിഐ ) ശനി ദശ തുടരുകയാണ്. 18,97,050 ( 1.89 ദശലക്ഷം ) ഉപയോക്താക്കളെയാണ് നവംബർ മാസത്തിൽ വിഐയ്ക്ക് നഷ്ടപ്പെട്ടത്. ഒക്ടോബറിനേക്കാളും വലിയ നഷ്ടക്കണക്കാണിത്. ഒക്ടോബറിൽ 9.64 ലക്ഷം യൂസേഴ്സിനെയാണ് വിഐയ്ക്ക് നഷ്ടമായത്.

ഗെയിമിങ് മേഖലയിലെ കരുത്തരായ ആക്ടിവിഷൻ ബ്ലിസാർഡിനെ സ്വന്തമാക്കി മൈക്രോസോഫ്റ്റ്ഗെയിമിങ് മേഖലയിലെ കരുത്തരായ ആക്ടിവിഷൻ ബ്ലിസാർഡിനെ സ്വന്തമാക്കി മൈക്രോസോഫ്റ്റ്

റിലയൻസ് ജിയോ

കഴിഞ്ഞ കുറച്ച് കാലമായി റിലയൻസ് ജിയോയാണ് ടെലിക്കോം രംഗത്തെ ഒന്നാമൻ. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. നവംബറിലും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ എല്ലാ ടെലിക്കോം കമ്പനികളെയും പിന്നിലാക്കിയാണ് റിലയൻസ് ജിയോ കുതിപ്പ് തുടരുന്നത്. 20,19,362 ( 2.01 ദശലക്ഷം ) പുതിയ ഉപയോക്താക്കളാണ് നവംബറിൽ മാത്രം ജിയോ കണക്ഷനുകൾ എടുത്തത്. ഒക്ടോബറിനെ അപേക്ഷിച്ച് ജിയോയുടെ വളർച്ചാനിരക്കിലും വർധനവ് ഉണ്ടായിട്ടുണ്ട്. ( ഒക്ടോബറിലെ സബ്സ്ക്രൈബർ അഡിഷൻ ഡാറ്റ അനുസരിച്ച് 17.6 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോയ്ക്ക് പുതിയതായി ലഭിച്ചിരുന്നത് ).

ഭാരത് സഞ്ചാർ നിഗം
 

പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിനും ( ബിഎസ്എൻഎൽ ), മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡിനും ( എംടിഎൻഎൽ ) നവംബർ നഷ്ടങ്ങളുടെ കാലമാണ്. ബിഎസ്എൻഎല്ലിന് 2,36,396 ( 0.23 ദശലക്ഷം ) യൂസേഴ്സിനെയാണ് നഷ്ടമായത്. എംടിഎൻഎല്ലിനാകട്ടെ 4,318 ( 0.0043 ദശലക്ഷം ) യൂസേഴ്സിനെയും നഷ്ടമായി. ഇവിടെ നമ്മൾ സംസാരിക്കുന്നത് വയർലെസ് വരിക്കാരെക്കുറിച്ചാണ് എന്നത് ശ്രദ്ധിക്കുക. ( വയർലൈൻ വരിക്കാരുടെ കണക്ക് വേറെയാണ് ).

അറിയാം മൈക്രോസോഫ്റ്റ് ടീംസിന്റെ ഈ അഞ്ച് പുതിയ ഫീച്ചറുകളെക്കുറിച്ച്അറിയാം മൈക്രോസോഫ്റ്റ് ടീംസിന്റെ ഈ അഞ്ച് പുതിയ ഫീച്ചറുകളെക്കുറിച്ച്

ഭാരതി എയർടെൽ

ഭാരതി എയർടെലിനും ജിയോയ്ക്കും വയർലൈൻ സബ്‌സ്‌ക്രൈബേഴ്സിന്റെ എണ്ണത്തിലും വലിയ പുരോഗതിയാണ് നവംബറിൽ ഉണ്ടായത്. ട്രായ് ഡാറ്റ അനുസരിച്ച്, ഭാരതി എയർടെൽ നവംബറിൽ മാത്രം 1,30,902 പുതിയ വയർലൈൻ വരിക്കാരെ ചേർത്തു. ഒക്ടോബറിലെ 8,500 പുതിയ വരിക്കാർ എന്ന കണക്കിൽ നിന്നുമാണ് 1.3 ലക്ഷത്തിലധികം വയർലൈൻ വരിക്കാരുമായി എയർടെൽ നേട്ടം കൊയ്തത്. അതേ സമയം റിലയൻസ് ജിയോ ആകട്ടെ 2,07,114 പുതിയ വയർലൈൻ വരിക്കാരെയും നവംബർ മാസത്തിൽ പുതിയതായി ചേർത്തു. ഒക്ടോബറിലും ഏറെക്കുറെ സമാനമായ വളർച്ച ജിയോ സ്വന്തമാക്കിയിരുന്നു. വയർലൈൻ വരിക്കാരിൽ രണ്ട് ടെലിക്കോം കമ്പനികളുടെയും വളർച്ച അവരുടെ ഫൈബർ ബ്രോഡ്‌ബാൻഡ് ബിസിനസിന്റെ വർധിച്ച് വരുന്ന ഡിമാൻഡിനെയാണ് സൂചിപ്പിക്കുന്നത്.

വയർലൈൻ

വയർലൈൻ വരിക്കാരുടെ കാര്യത്തിലും മറ്റ് കമ്പനികൾ ഏറെ പിന്നോട്ടാണ്. വിഐയ്ക്കും ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനുമെല്ലാം നവംബറിൽ നഷ്ടക്കണക്ക് മാത്രമാണ് ബാക്കിയാകുന്നത്. വോഡഫോൺ ഐഡിയയ്ക്ക് 38,083 വയർലൈൻ വരിക്കാരെയാണ് നവംബറിൽ നഷ്ടപ്പെട്ടത്. ഒക്ടോബറിൽ 5,749 പുതിയ വരിക്കാർ ഉണ്ടായിരുന്ന സ്ഥാനത്ത് ആണിതെന്ന് ഓർക്കണം. ബിഎസ്എൻഎല്ലിനാകട്ടെ 77,434 വയർലൈൻ യൂസേഴ്സിനെയും നഷ്ടപ്പെട്ടു. ഇതേ കാലയളവിൽ എംടിഎൻഎല്ലിന് 1,828 ഉപയോക്താക്കളെയും നഷ്ടമായി.

സ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽസ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽ

ആക്റ്റീവ്

വിഎൽആറിന്റെയും ആക്റ്റീവ് കസ്റ്റമേഴ്സിന്റെയും കാര്യത്തിൽ ഭാരതി എയർടെൽ വീണ്ടും മുന്നിലെത്തിയിരിക്കുന്നതായും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. വിഎൽആറിന്റെയും ആക്റ്റീവ് കസ്റ്റമേഴ്സിന്റെയും കാര്യത്തിൽ ഇടയ്ക്ക് പിന്നോട്ട് പോയിരുന്നെങ്കിലും റിലയൻസ് ജിയോ മികച്ച തിരിച്ചു വരവ് നടത്തുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജിയോയുടെ യൂസർ ബേസിലെ 83.90 ശതമാനം യൂസേഴ്സും നവംബറിൽ ആക്റ്റീവ് ആയിരുന്നതായാണ് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നത്.

വയർലെസ്

വയർലെസ് വിഭാഗത്തിൽ ഏറ്റവും അധികം വിപണി വിഹിതം കഴിഞ്ഞ കുറച്ചു നാളുകളായി റിലയൻസ് ജിയോ തന്നെയാണ് സ്വന്തമാക്കി വച്ചിരിക്കുന്നത്. 2021 നവംബർ മാസത്തിലും സ്ഥിതി വ്യത്യസ്തമല്ല. നവംബർ അവസാനത്തോടെ ഏറ്റവും വലിയ വയർലെസ് സബ്‌സ്‌ക്രൈബർ മാർക്കറ്റ് ഷെയറും പതിവ് പോലെ ജിയോയ്ക്ക് തന്നെ സ്വന്തം. ട്രായിയുടെ കണക്കനുസരിച്ച്, ജിയോയ്ക്ക് വിപണി വിഹിതത്തിന്റെ 36.71 ശതമാനം സ്വന്തമാക്കാനായി. ഒക്ടോബറിൽ 36.58 ശതമാനം ആയിരുന്നു ജിയോയുടെ വിപണി വിഹിതം. ഭാരതി എയർടെൽ വിപണിയുടെ 30.43 ശതമാനം ( ഒക്ടോബറിൽ 30.35 ശതമാനം ), വോഡഫോൺ ഐഡിയ 22.88 ശതമാനം ( ഒക്ടോബറിൽ 23.07 ശതമാനം ), ബിഎസ്എൻഎൽ 9.70 ശതമാനം, എംടിഎൻഎൽ 0.28 ശതമാനം എന്നിങ്ങനെയും കൈവശം വച്ചിരിക്കുന്നു.

21,999 രൂപ വിലയുമായി മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിലെത്തി21,999 രൂപ വിലയുമായി മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിലെത്തി

വയർലൈൻ

വയർലൈൻ വിഭാഗത്തിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനികളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കാണ് ഏറ്റവും വലിയ വിപണി വിഹിതം ഉള്ളത്. ഈ രണ്ട് കമ്പനികളും കൂടി വയർലൈൻ വിപണി വിഹിതത്തിന്റെ 44.30 ശതമാനവും കൈവശം വച്ചിരിക്കുന്നു. ഇതിൽ തന്നെ 32.48 ശതമാനവും ബിഎസ്എൻഎല്ലിന്റെ സ്വന്തമാണ് ( ഒക്ടോബറിൽ ഇത് 33 ശതമാനത്തിൽ കൂടുതൽ ആയിരുന്നു ). എംടിഎൻഎൽ ആകട്ടെ 11.82 ശതമാനവും കൈവശം വച്ചിരിക്കുന്നു. ജിയോയും എയർടെലും പുതിയ വയർലൈൻ വരിക്കാരെ ചേർക്കുമ്പോൾ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും തുടർച്ചയായ മാസങ്ങളിൽ വരിക്കാരെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബ്രോഡ്‌ബാൻഡ് ബിസിനസിൽ അടക്കം വലിയ വളർച്ച നേടണമെങ്കിൽ ഭഗീരഥ പ്രയത്നം തന്നെ ബിഎസ്‌എൻഎൽ നടത്തേണ്ടി വരും.

Most Read Articles
Best Mobiles in India

English summary
According to data released by TRAI (Telecom Regulatory Authority of India), Airtel has seen a significant increase in the number of new subscribers in November. It is also noteworthy that Airtel's rise from a huge loss in October.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X