രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്

|

കൊവിഡ് പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ വ്യവസായരംഗം പതിയെ മുക്തിപ്രാപിച്ച് വരുന്നതേയുള്ളൂ. സ്മാർട്ട്ഫോൺ വിപണിയിൽ പക്ഷെ കാര്യങ്ങൾ നേരെ തിരിച്ചാണ്. പ്രത്യേകിച്ചും ഈ ഉത്സവ സീസണിൽ ഇന്ത്യക്കാരെല്ലാം പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലുമാണ്. വാങ്ങിക്കൂട്ടി വാങ്ങിക്കൂട്ടി, ഈ സീസണിലെ സ്മാർട്ട്ഫോൺ വിൽപ്പന നീങ്ങുന്നത് സർവകാല റെക്കോർഡിലേക്ക്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഉത്സവ സീസണിൽ സ്മാർട്ട്ഫോൺ വിൽപ്പന 7.6 ബില്യൺ ഡോളറിലെത്തുമെന്നാണ് കരുതുന്നത് (ഏകദേശം 57,000 കോടി രൂപ).

 
രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന സർവകാല റെക്കോർഡിലേക്ക്

മിഡ് പ്രീമിയം സെഗ്മെന്റുകളിൽ ഡിമാൻഡ് കൂടി നിൽക്കുന്നതിനാൽ വിൽപ്പനയിൽ ഇനിയും കുതിച്ചുചാട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. വാഹന വിപണിയും സ്മാർട്ട്ഫോൺ വിപണിയും വലിയ രീതിയിൽ ചിപ്പ് ക്ഷാമം നേരിടുന്ന സമയത്ത് കൂടിയാണ് ഫോൺ വിൽപ്പന കൂടിക്കൊണ്ടിരിക്കുന്നതും. മൊത്തത്തിലുള്ള വിൽപ്പന കണക്കുകളിൽ മാത്രമല്ല സ്മാർട്ട്ഫോണുകളുടെ ശരാശരി വിൽപ്പന വിലയിലും (എഎസ്പി) വർധനവുണ്ട്. 14 ശതമാനമാണ് ശരാശരി വിൽപ്പന വിലയിൽ പ്രതീക്ഷിക്കുന്ന വർധനവ്. ഇത്തരത്തിലുള്ള വർധനവ് സംഭവിച്ചാൽ ശരാശരി വിൽപ്പന വില 230 ഡോളറായി (ഏകദേശം 17,200 രൂപ) വരെ ഉയർന്നേക്കും.

എക്കാലത്തും നവരാത്രി മുതൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഉത്സവ സീസൺ തന്നെയാണ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന കൂടുതൽ നടക്കുന്ന സമയം. ഇക്കുറിയും ആ ട്രെൻഡ് തന്നെയാണ് കാണുന്നത്. ഒപ്പം മിഡ്, പ്രീമിയം സെഗ്മന്റുകൾ ഫോക്കസ് ചെയ്ത് നടത്തിയ വലിയ രീതിയിലുള്ള പ്രമോഷനുകളും പരസ്യങ്ങളും കൂടിയായപ്പോൾ വിൽപ്പന റോക്കറ്റ് പോലെ കുതിച്ച് ഉയർന്നു. വിൽക്കപ്പെടുന്ന ഫോണുകളുടെ എണ്ണം വലിയ രീതിയിൽ കൂടുന്നുണ്ടെങ്കിലും സ്മാർട്ട്ഫോൺ കമ്പനികൾ നേരിടുന്ന കമ്പോണന്റ് ക്ഷാമം ഉപഭോക്താക്കളെയും ബാധിക്കും. മൊബൈൽ ഫോൺ ഘടകങ്ങളുടെ ക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വില ഉയർത്താൻ കമ്പനികൾ നിർബന്ധിതരാകും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വിപണിക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയാകുകയും ചെയ്യും.

വിൽപ്പന കൂടാനുള്ള കാരണങ്ങൾ

സ്മാർട്ട്ഫോൺ വിൽപ്പന കൂടാനുള്ള ഒരു കാരണം തുടരുന്ന ഉത്സവ സീസൺ തന്നെയാണ്. ഒപ്പം ഉപഭോക്താക്കളുടെ മാറിയ ചിന്താഗതിയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൊവിഡ് അടച്ചിടൽ അവസാനിച്ചെങ്കിലും വർക്ക് ഫ്രം ഹോം കൾച്ചർ ഇപ്പോഴും തുടരുകയാണ്. ഈ സമയത്ത് വീടുകളിൽ തന്നെയിരുന്ന് ജോലി ചെയ്ത് സമ്പാദിച്ച പണം ചെലവഴിക്കാൻ ഇന്ത്യക്കാർ തയ്യാറായതാണ് വിൽപ്പന കൂടാനുള്ള മറ്റൊരു കാരണം. ഉത്സവ സീസൺ ലക്ഷ്യമിട്ട് ഐഫോണിനും ഗാലക്സി ഡിവൈസുകൾക്കുമൊക്കെ വലിയ ഡിസ്കൌണ്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഉയർന്ന ട്രേഡ്-ഇന്നുകളും ഇഎംഐ ഓഫറുകളുമൊക്കെ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.

അനന്തരഫലങ്ങൾ എന്തൊക്കെ?

അതിവേഗത്തിൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കപ്പെടുമ്പോൾ കമ്പനികളുടെ കൈവശമുള്ള കമ്പോണന്റ് ശേഖരവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം വില വർധിപ്പിക്കാൻ കമ്പനികളും നിർബന്ധിതരാകും. ഫലത്തിൽ എല്ലാ കാറ്റഗറിയിലും ഉള്ള സ്മാർട്ട്ഫോണുകൾക്കും വില കൂടും. ഏറ്റവും രൂക്ഷമായി ബാധിക്കുക സാധാരണക്കാർ ആശ്രയിക്കുന്ന ബജറ്റ് സെഗ്മെന്റുകളെയാവും.

ഗുണഫലങ്ങൾ എന്തെല്ലാം

പ്രീമിയം സെഗ്മെന്റ് ഫോണുകളുടെ ഉയർന്ന വിൽപ്പന മൂലം ബജറ്റ് വിപണിയിലെ നഷ്ടങ്ങൾ നികത്താൻ കമ്പനികൾക്ക് ആയിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ, വില വർധനവ് തുടർന്നാൽ ആളുകൾ അവരുടെ കയ്യിലുള്ള ഡിവൈസുകൾ കൂടുതൽ കാലം ഉപയോഗിക്കും. ഇത് സ്മാർട്ട്ഫോൺ വിപണിയിൽ ഇടിവിന് കാരണമാകും. കമ്പനികൾക്ക് ഗുണം ചെയ്യില്ലെങ്കിലും ആളുകൾ ഒരേ ഡിവൈസ് തന്നെ കൂടുതൽ സമയത്തേക്ക് ഉപയോഗിച്ചാൽ ഇ-മാലിന്യങ്ങൾ കുറയാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇലക്ട്രോണിക് മാലിന്യങ്ങൾ വലിയ പ്രതിസന്ധിയാകുന്ന കാലത്ത് ഇത്തരം സാഹചര്യങ്ങൾ അനിവാര്യമാകുകയാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ജനങ്ങളും കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്.

Most Read Articles
Best Mobiles in India

English summary
According to reports, smartphone sales are expected to reach $ 7.6 billion (approximately Rs 57,000 crore) this festive season.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X