ബ്ലൂ റേയും ഡിവിഡിയും തമ്മില്‍ എന്താണ് വ്യത്യാസം ?

Posted By: Staff

ബ്ലൂ റേയും ഡിവിഡിയും തമ്മില്‍ എന്താണ് വ്യത്യാസം ?

ഇന്റര്‍നെറ്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും സുപരിചിതമായ വാക്കാണ് ബ്ലൂ റേ. ഇംഗ്ലീഷ് സിനിമകളുടെ ബ്ലൂ റേ റിപ്പുകളോടാണ് ഏറിയ പങ്ക് ഡൗണ്‍ലോഡര്‍മാര്‍ക്കും പ്രിയം. പല മടങ്ങ് വര്‍ദ്ധിച്ച ദൃശ്യ മികവാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. സാധാരണ ഡിവിഡി കോപ്പികളെ അപേക്ഷിച്ച് ഇവയ്ക്കുള്ള മേന്മ വളരെയധികം പ്രകടമാണ്.

എന്താണ് ഈ ഡിവിഡിയും ബ്ലൂ റേയും തമ്മിലുള്ള വ്യത്യാസം ?

ബ്ലൂ റേയും ഡിവിഡിയും അടിസ്ഥാനപരമായി ഒപ്റ്റിക്കല്‍ ഡിസ്‌ക്കുകളാണ്. ഏകദേശം ഒരേ വലിപ്പവുമാണ്. പക്ഷെ സ്റ്റോറേജിന്റെ കാര്യത്തില്‍ രണ്ടും തമ്മില്‍ ആന-ആട് വ്യത്യാസമുണ്ട്. ഒരു സിംഗിള്‍ ലെയര്‍ ഡിവിഡിയ്ക്ക് 4.7 ജിഗാബൈറ്റ് ഡാറ്റ ഉള്‍ക്കൊള്ളാനാകും. അതേ സമയം ഒരു സിംഗിള്‍ ലെയര്‍ ബ്ലൂ റേ ഡിസ്‌ക്കിന് ഏകദേശം 27 ജിഗാബൈറ്റ് ഡാറ്റ വരെ ഉള്‍ക്കൊള്ളാനാകും.  ഡബിള്‍ ലെയറിന്റെയും മറ്റും സാധ്യതകള്‍ ഇനിയും വര്‍ദ്ധിച്ച സ്‌റ്റോറേജ് അനുവദിയ്ക്കുന്ന ബ്ലൂ റേ, വരും തലമുറയില്‍ ഡിവിഡിയെ അരങ്ങില്‍ നിന്നും ഒഴിവാക്കും എന്നത് തീര്‍ച്ചയാണ്.

ഒപ്റ്റിക്കല്‍ ഡിസ്‌ക് സ്റ്റോറേജില്‍ വ്യത്യസ്തമായ ഒരു സാങ്കേതികവിദ്യുടെ പ്രയോഗത്തിലൂടെയാണ് ബ്ലൂ റേ സൃഷ്ടിയ്ക്കുന്നത്. ഡിവിഡി സാങ്കേതികവിദ്യയില്‍ നിന്നും വേറിട്ട ലെയര്‍ ആണ് ഇതില്‍ ഉപയോഗിയ്ക്കുന്നത്. പേര് സൂചിപ്പിയ്ക്കുന്നത് പോലെ,  ബ്ലൂ-വയലറ്റ് ലേസറിന്റെ കുറഞ്ഞ തരംഗ ദൈര്‍ഘ്യം ഉപയോഗപ്പെടുത്തി അങ്ങേയറ്റം സൂക്ഷ്മതയോടെ ധാരാളം ഡാറ്റ ഉള്‍ക്കൊള്ളിയ്ക്കുകയാണ് ഇതില്‍ ചെയ്യുന്നത്. സ്‌റ്റോറേജ് ശേഷിയെ പോഷിപ്പിയ്ക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ അപ്പേര്‍ച്ചര്‍ സെറ്റിങ്ങും ബ്ലൂ റേയുടെ പ്രത്യേകതയാണ്. ഈ മാറ്റങ്ങളിലൂടെ ഡിവിഡിയിലേതിന്റെ ഇരട്ടിയിലധികം ഡാറ്റ ഇതില്‍ ഉള്‍ക്കൊള്ളിയ്ക്കാന്‍ സാധിയ്ക്കുന്നു.

തൊണ്ണൂറുകളുടെ അവസാനത്തില്‍ വ്യാവസായികമായി പുറത്തിറക്കപ്പെട്ട ഡിവിഡി സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ അത്ഭുതാദരങ്ങളോടെയാണ് സ്വീകരിച്ചത്.  വളരെ വേഗത്തില്‍  വിഎച്ച്എസ്,സിഡി തുടങ്ങിയവയെ പിന്തള്ളി സിനിമകള്‍ ഡിവിഡിയിലേറി വിപണിയിലെത്തി. സിഡിയേയും മറ്റും അപേക്ഷിച്ച് ഉയര്‍ന്ന സ്റ്റോറേജും, മികവും പുലര്‍ത്തിയ ഡിവിഡി സാങ്കേതികവിദ്യയിലുണ്ടായ പ്രശംസനീയമായ പുരോഗതിയാണ് ഇന്ന് ബ്ലൂ റേയില്‍ എത്തി നില്‍ക്കുന്നത്.

ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ബ്ലൂ റേ വ്യാപകമായിട്ടില്ലെങ്കിലും, ഹോളിവുഡ് ഈ സാങ്കേതികവിദ്യയിലേയ്ക്ക് ചുവട് മാറിയിട്ട് കാലം കുറച്ചായി. സ്‌റ്റോറേജ് സാധ്യത വര്‍ദ്ധിച്ചതോടെ വളരെയധികം മിഴിവുള്ള ദൃശ്യങ്ങളും, ശബ്ദസുഖവും കൊണ്ടുവരാന്‍ ബ്ലൂ റേയ്ക്ക് കഴിയം എന്നതാണ് ഇതിന് കാരണം. 700 എംബി യിലേയക്ക് റിപ്പ് ചെയ്‌തെടുക്കുന്ന ബ്ലു റേ സിനിമകള്‍ക്ക് പോലും അപാരമായ മികവുണ്ടെന്നതാണ്, ഡിവിഡി കോപ്പികളെ അവ പിന്നിലാക്കാന്‍ കാരണം.

ബ്ലൂ റേ ഡ്രൈവുകള്‍ ഉപയോഗിച്ച് സാധാരണ ഡിവിഡി കാണാനും, റൈറ്റ് ചെയ്യാനും സാധിയ്ക്കും. ഏതായാലും വരും തലമുറയുടെ സ്‌റ്റോറേജ് ഉപാധിയായി ബ്ലൂ റേ വളരുകയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot