വ്യക്തമായിട്ട് പ്ലാൻ എന്താന്ന് പറഞ്ഞിട്ട് പോയാൽ മതി! വരുമാനം കൂട്ടാൻ BSNL നോട് പ്ലാൻ തേടി കേന്ദ്രം
തകർച്ചയുടെ പടുകുഴിയിൽ നിന്ന് ബിഎസ്എൻഎല്ലിനെ കരകയറ്റാനുള്ള നീക്കങ്ങൾ സജീവമാക്കി കേന്ദ്ര സർക്കാർ. 4ജി, 5ജി വ്യാപനത്തിനായി ബിഎസ്എൻഎഎല്ലിന് മുൻപ് ഫണ്ട് അനുവദിച്ച കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിന്റെ ഓരോ നീക്കങ്ങളിലും ഇപ്പോൾ സജീവമായി ഇടപെടുന്നുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ നടത്തിയ അത്തരമൊരു നീക്കത്തിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷത്തേക്കുള്ള സർക്കിൾ തല ഉപഭോക്തൃ വളർച്ചയും ബിസിനസ് പ്ലാനും സമർപ്പിക്കാൻ ബിഎസ്എൻഎല്ലിനോട് കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. കേന്ദ്ര ടെലിക്കോം വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2024 ഒക്ടോബർ-ഡിസംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഎസ്എൻഎല്ലിനെ ലാഭത്തിലേക്ക് നയിച്ചതിന് ബിഎസ്എൻഎൽ ടീമിനെ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രശംസിച്ചു. ഈ വേഗത തുടരാനും ദീർഘകാല വിജയത്തിനായി കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിനും നിലവിലുള്ള വരിക്കാർ കൊഴിഞ്ഞുപോകാതിരിക്കാനും ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം മുഴുവൻ ബിഎസ്എൻഎൽ ജീവനക്കാരോടും ആഹ്വാനം ചെയ്തു.

ബിഎസ്എൻഎല്ലിനെ വരുമാനത്തിലേക്ക് നയിക്കാൻ അതിന്റെ പ്ലാനിങ് മെച്ചപ്പെടുത്താൻ മന്ത്രി ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായി ബിഎസ്എൻഎല്ലിന്റെ 27 ചീഫ് ജനറൽ മാനേജർമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും മന്ത്രി സന്ദർശിക്കുകയും എല്ലാ മാസവും യോഗം ചേരാൻ നിർദ്ദേശിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ബിഎസ്എൻഎൽ നേരിടുന്ന വെല്ലുവിളികൾക്ക് ഒരുമിച്ചിരുന്ന പരിഹാരം കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ 2025-26 സാമ്പത്തിക വർഷത്തേക്ക് ഒരു ഉപഭോക്തൃ വളർച്ചാ പദ്ധതിയും ബിസിനസ് പ്ലാനും തയ്യാറാക്കാൻ മന്ത്രി സിന്ധ്യ എല്ലാ സർക്കിളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ടെലിക്കോം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ എട്ട് - ഒമ്പത് മാസത്തിനുള്ളിൽ ബിഎസ്‌എൻഎൽ ഏകദേശം 55 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു. ഇത് അടുത്തിടെ പാർലമെന്റിൽ ഉൾപ്പെടെ ചർച്ചയായി.
വേണമെന്ന് വച്ചാൽ ആളെ നേടാൻ ബിഎസ്എൻഎല്ലിന് മുന്നിൽ സാധ്യതകൾ ഏറെയുണ്ട് എന്ന് സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന ഏവർക്കും മനസിലാക്കി നൽകിയതാണ്. കാരണം ആ സമയത്ത് നിരക്ക് വർധനയിൽ പ്രതിഷേധിച്ച് നിരവധി ആളുകളാണ് കുറഞ്ഞ വിലയിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ള ബിഎസ്എൻഎല്ലിലേക്ക് എത്തിയത്.
എന്നാൽ മറ്റ് കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്കുണ്ടായ ആ ഒഴുക്ക് നിലനിർത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞില്ല. ആ ഘട്ടത്തിൽ മുൻപത്തെക്കാൾ അധികമായി ബിഎസ്എൻഎല്ലിന് കോൾ ഡ്രോപ്പ് പ്രശ്നങ്ങളും നെറ്റ്വർക്ക് കവറേജ് പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതോടെ വന്നവരിൽ ഒരു വിഭാഗം ആളുകൾ തിരിച്ചുപോയി. മാത്രമല്ല പുതിയതായി ആളുകൾ എത്തുന്നതിന് തടയിടാനും ആ പ്രശ്നം കാരണമായി.
4ജി വ്യാപനം പൂർത്തിയാക്കുകയും അതിന് പിന്നാലെ 5ജി ആരംഭിക്കുകയും ചെയ്യുക എന്ന ബിഎസ്എൻഎൽ പ്ലാൻ നടപ്പായാൽ ജിയോ, എയർടെൽ ഉൾപ്പെടെയുള്ള വമ്പൻ ടെലിക്കോം കമ്പനികളുമായി കരുത്തുറ്റ മത്സരം കാഴ്ചവയ്ക്കാനും കൂടുതൽ പുതിയ വരിക്കാരെ സ്വന്തമാക്കാനും ബിഎസ്എൻഎല്ലിന് കഴിയും. കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ ഈ മത്സരഘട്ടത്തിൽ ബിഎസ്എൻഎല്ലിന് അനുകൂല സാഹചര്യം സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിഎസ്എൻഎല്ലിന്റെ വളർച്ചയ്ക്കായി യുവ തലമുറയിലെ ജീവനക്കാരെ ഫലപ്രദമായി ഉപയോഗിക്കാനും ടെലിക്കോം വകുപ്പിന് ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ജൂനിയർ ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കാനും അവരെ ബിഎസ്എൻഎല്ലിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ കെൽപ്പുള്ളവരാക്കി മാറ്റാനും സിജിഎമ്മുകളോട് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ചെലവുകൾ പരമാവധി കുറച്ച് നഷ്ടക്കണക്ക് കുറയ്ക്കാനുള്ള നീക്കങ്ങൾക്കൊപ്പം ഉപയോഗമില്ലാത്ത ആസ്തികൾ വിറ്റ് പണം കണ്ടെത്താനും ബിഎസ്എൻഎൽ ശ്രമിക്കുന്നുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളിൽ 4ജി വ്യാപനം പൂർത്തിയാക്കാനാണ് ബിഎസ്എൻഎൽ നീക്കം. നിലവിൽ ഒരു ലക്ഷം 4ജി സൈറ്റുകൾ സ്ഥാപിക്കാനാണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത് എങ്കിലും ഇത് രാജ്യവ്യാപകമായ 4ജി കവറേജിന് മതിയാകില്ല.
അതിനാൽ രാജ്യവ്യാപകമായി കൂടുതൽ ടെലിക്കോം സർക്കിളുകളിൽ കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാനും ബിഎസ്എൻഎൽ മുന്നോട്ട് വന്നേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിലെ കരാർ പ്രകാരമുള്ള 4ജി സൈറ്റുകൾ പൂർത്തിയായാൽ ബിഎസ്എൻഎൽ ആദ്യം പരിഗണിക്കുക 5ജി സേവനങ്ങൾ ആരംഭിക്കുന്നതിനാണ്. ഇതിനായി 5ജി ടെസ്റ്റിങ് വിവിധ ഇടങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു.

4ജി വൈകിയത് ബിഎസ്എൻഎല്ലിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ രാജ്യവ്യാപകമായി 4ജി ഇല്ലാത്ത ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. എന്നാൽ ഏതാനും മാസങ്ങൾക്കകം ഈ ചീത്തപ്പേര് മാറും. ഇതുവരെ 83,993 4ജി സൈറ്റുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്, അതിൽ 74,521 സൈറ്റുകൾ ഓൺ-എയർ ആണ്.
2025 ജൂണോടെ ബിഎസ്എൻഎല്ലിന്റെ 1 ലക്ഷം സൈറ്റുകളും പ്രവർത്തനക്ഷമമാകും എന്നാണ് കരുതപ്പെടുന്നത്. 4ജി സേവനങ്ങൾ പുറത്തിറക്കുന്നതിലെ കാലതാമസവും മൊബൈൽ വിഭാഗത്തിൽ ജിയോ, എയർടെൽ, വിഐ എന്നിവയോട് നേരിടുന്ന കടുത്ത മത്സരവും ബിഎസ്എൻഎല്ലിന്റെ വരുമാനത്തെ ബാധിച്ചു എന്നാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ അറിയിച്ചത്.
രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിഎസ്‌എൻഎൽ 4G എത്താതെ മികച്ച വരുമാനമുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ ബിഎസ്എൻഎല്ലിന് കഴിയില്ല. 2027-28 ആകുമ്പോഴേക്കും ഇന്ത്യയിലെ ടെലിക്കോം വരിക്കാരിൽ 50 ശതമാനത്തിലധികം പേരും 5ജിയിലേക്ക് മാറും എന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ, ബിഎസ്‌എൻഎൽ 4G വ്യാപനം വേഗം പൂർത്തിയാക്കുക മാത്രമല്ല, 5G ഉടൻ അവതരിപ്പിക്കുകയും വേണം.
ബിഎസ്എൻഎല്ലിന്റെ ചെലവ് കുറയ്ക്കാനുള്ള വഴികൾ ആലോചിക്കുന്നതിന്റെ ഭാഗമായി വീണ്ടും വിആർഎസ് നടപ്പാക്കുന്നത് ഉൾപ്പെടെ ആലോചനയിലേക്ക് വന്നിരുന്നു. "2019 ൽ വിആർഎസ് നടപ്പിലാക്കിയതിനുശേഷം, ബിഎസ്‌എൻഎല്ലിന്റെ ജീവനക്കാരുടെ ചെലവ് 51 ശതമാനം കുറഞ്ഞു. മുകളിൽ പറഞ്ഞതിന്റെ ഫലമായി, 2020-21 മുതൽ ബിഎസ്‌എൻഎൽ പ്രവർത്തന ലാഭം നേടാൻ തുടങ്ങി. നിലവിൽ, ബിഎസ്‌എൻഎല്ലിൽ വിആർഎസിനുള്ള ഒരു നിർദ്ദേശവും വകുപ്പിൽ പരിഗണനയിലില്ല," എന്നും ടെലിക്കോം സഹമന്ത്രി സഭയിൽ വ്യക്തമാക്കുകയുണ്ടായി.

ബിഎസ്എൻഎൽ 5ജി: നാല് മാസത്തിനുള്ളിൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജയ്പൂർ, ലഖ്‌നൗ, ചണ്ഡിഗഡ്, ഭോപ്പാൽ, കൊൽക്കത്ത, പട്‌ന, ഹൈദരാബാദ്, ചെന്നൈ, മറ്റ് ചില സംസ്ഥാന തലസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ബിഎസ്എൻഎൽ 5ജി ഇൻഫ്രാസ്ട്രക്ചർ പരീക്ഷണം ആരംഭിച്ചതായി ബിഎസ്‌എൻഎൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നു.
കാൺപൂർ, പൂനെ, വിജയവാഡ തുടങ്ങിയ നിരവധി നഗരങ്ങളിൽ 5ജി വ്യാപനത്തിന്റെ ഭാഗമായി തങ്ങൾ ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ (ബിടിഎസ്) സ്ഥാപിക്കുന്നുണ്ട് എന്ന് ബിസ്എൻഎൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ തലത്തിലും ബിഎസ്എൻഎൽ 5ജി വ്യാപനത്തിന് ആവശ്യമായ നീക്കങ്ങൾ നടക്കുന്നുണ്ട്.
ബിഎസ്എൻഎല്ലിന് 5G അവതരിപ്പിക്കുന്നതിനായി 700 MHz, 3300 MHz, 26 GHz ബാൻഡുകളിൽ സ്പെക്ട്രം റിസർവ് ചെയ്‌തിട്ടുണ്ടെന്ന് ആശയവിനിമയ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ നേരത്തെ പാർലമെന്റിനെ അറിയിച്ചിരുന്നു. അടുത്തിടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 61,000 കോടി രൂപയുടെ 5G സ്പെക്ട്രം അനുവദിച്ചു എന്ന് ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് 5ജി വ്യാപനം വേഗത്തിലാക്കാൻ ബിഎസ്എൻഎല്ലിനെ സഹായിക്കും.


Click it and Unblock the Notifications