മറ്റുള്ളവർ റീച്ചാർജ് നിരക്ക് കൂട്ടുന്ന തിരക്കിൽ; ബിഎസ്എൻഎൽ ഉള്ള സ്ഥലം വിൽക്കാനുള്ള കഷ്ടപ്പാടിൽ
രാജ്യത്തെങ്ങും ഇപ്പോൾ ടെലിക്കോം നിരക്ക് വർധനയാണ് പ്രധാന ചർച്ചാ വിഷയം. കാരണം മൊബൈൽ ഇല്ലാത്ത ആളുകൾ വളരെ കുറവാണ്. മൊബൈൽ ഉപയോഗം ഇനി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ചെലവ് കൂടും എന്നത് പലരിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഏറെ കഷ്ടപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. അതിന്റെ കൂടെ 50 രൂപ മുതൽ 600 രൂപ വരെയൊക്കെ നിരക്ക് വർധിക്കുന്നത് പലർക്കും ഞെട്ടലുണ്ടാക്കിയിരിക്കുന്നു. ലോക്സഭാ ഇലക്ഷന്റെ റിസൾട്ട് പ്രഖ്യാപനത്തിന് ശേഷം റീച്ചാർജ് നിരക്ക് ഉയരും എന്നത് നേരത്തെ തന്നെ വ്യക്തമായ കാര്യമായിരുന്നു.
പുതിയ സർക്കാർ അധികാരത്തിലത്തി ദിവസങ്ങൾക്കകം ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് ആദ്യം റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധന പ്രഖ്യാപിച്ചത്. മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ ജിയോയ്ക്ക് പിന്നാലെ എയർടെലും വിഐയും ടെലിക്കോം നിരക്കുകൾ ഉയർത്തിയതോടെ ടെലിക്കോം മേഖലയിൽ നിരക്ക് വർധനയുടെ കൂട്ടപ്പൊരിച്ചിൽ ആയിരുന്നു.

ജിയോയും എയർടെലും വിഐയും നിരക്ക് വർധിപ്പിച്ചതോടെ ഈ സംഘത്തിലെ നാലാമൻ എവിടെ എന്ന ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നു. ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത് സ്വകാര്യ ടെലിക്കോം കമ്പനികളാണ്. ബിഎസ്എൻഎൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക ടെലിക്കോം സ്ഥാപനമാണ്. മറ്റുള്ളവർ നിരക്ക് വർധിപ്പിച്ച സ്ഥിതിക്ക് ബിഎസ്എൻഎൽ എങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്യുക എന്നറിയാൻ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
മറ്റ് ടെലിക്കോം കമ്പനികളെല്ലാം മികച്ച രീതിയിൽ നെറ്റ്വർക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനം ഇപ്പോഴും പലയിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട നെറ്റ്വർവർക്ക് സൗകര്യം നൽകുന്നതിൽ അത്രയേറെ പിന്നിലുള്ള ബിഎസ്എൻഎൽ എന്ത് അടിസ്ഥാനത്തിൽ നിരക്ക് കൂട്ടും എന്നാണ് ചിലർ ചോദിക്കുന്നത്. നിരക്ക് കൂട്ടാനുള്ള കപ്പാസിറ്റിയൊക്കെ ബിഎസ്എൻഎല്ലിന് ഉണ്ടോ എന്ന് വേറെ ചിലർ ചോദിക്കുന്നു.
ചെമ്മീൻ ചാടിയാൽ ചട്ടിയോളം എന്ന് പറഞ്ഞപോലെ ബിഎസ്എൻഎൽ നിരക്ക് കൂട്ടിയാൽ എത്രവരെ പോകാൻ എന്ന് ചോദിക്കുന്നവരും ഉണ്ട്. ആളുകൾ ഇത്തരത്തിൽ പലവിധത്തിൽ ട്രോളുമ്പോഴും ബിഎസ്എൻഎല്ലിന് കുലുക്കമില്ല. എത്രയും വേഗം 4ജി വ്യാപിപ്പിക്കണം. അതിനായി ഫണ്ട് കണ്ടെത്തേണ്ടത് അനിവാര്യമാണ്. അതിനാൽ ബിഎസ്എൻഎല്ലിനും നിരക്ക് വർധന നടപ്പാക്കണം എന്ന് ആഗ്രഹമുണ്ട്.
എന്നാൽ ബിഎസ്എൻഎൽ ഇപ്പോൾ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് തങ്ങളുടെ അധിനതയിലുള്ള ഭൂമികളിൽ ഉപയോഗമില്ലാത്തവ വിറ്റഴിക്കുന്നതിലാണ്. വിൽക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലെയും ബിഎസ്എൻഎൽ ഓഫീസുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ഭൂമികൾ വിൽക്കുന്ന നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ആന്ധ്രാപ്രദേശിൽ ഇതിനകം രണ്ട് ലാൻഡ് പാഴ്സലുകൾ വിറ്റ് ബിഎസ്എൻഎൽ 40 കോടി രൂപ സമാഹരിച്ചു. ബിഎസ്എൻഎല്ലിന്റെ കേരളത്തിലെ 24 ആസ്തികൾ വിൽക്കാനുള്ള നടപടികൾ തുടങ്ങിയതായി സംസ്ഥാനത്തെ ബിഎസ്എൻഎൽ അധികൃതർ ഈയിടെ വ്യക്തമാക്കിയിരുന്നു. ആലുവ ചൂണ്ടിയിലെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്ന 2.22 ഏക്കർ 16.47 കോടി രൂപ അടിസ്ഥാന തുകയ്ക്ക് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.

ജെഎൽഎൽ പ്രോപ്പർട്ടി കൺസൽറ്റന്റ്സ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിയാണ് കേരളത്തിൽ ബിഎസ്എൻഎൽ ഭൂമി വിൽപ്പനയുടെ കൺസൽറ്റന്റായി പ്രവർത്തിക്കുന്നത്. ആലുവയിലെ സ്ഥലത്തിന് പുറമേ, കൊട്ടാരക്കരയിൽ 19 സെന്റ് ഭൂമിയും 4.8 കോടി രൂപ അടിസ്ഥാന വിലയിൽ ബിഎസ്എൻഎൽ ലേലത്തിന് വച്ചിട്ടുണ്ട്. എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ബിഎസ്എൻഎല്ലിന്റെ രണ്ട് ആസ്തികളും, കലൂർ, പള്ളുരുത്തി എന്നിവിടങ്ങളിലെ ഭൂമിയും വൈകാതെ ലേലത്തിന് വയ്ക്കും.
4ജി വ്യാപനത്തിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ബിഎസ്എൻഎൽ ഇത്തരത്തിൽ ഭൂമി വിൽക്കുന്നത്. രാജ്യത്തിന്റെ പല ടെലിക്കോം സർക്കിളുകളിലും ഇപ്പോൾ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (ടിസിഎസ്) നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നുണ്ട്. ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് പറയുന്നത് കർണാടകയിലെ മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, കുടക് ജില്ലകളിൽ 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നുവെന്നാണ്.

കർണാടകയിലെ ഈ പറഞ്ഞ സ്ഥലങ്ങളിലായി ആകെ 690 4G ടവറുകൾ കമ്മീഷൻ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുണ്ട്, ഇതിൽ 337 ടവറുകൾ മൈസൂരുവിലും ചാമരാജനഗറിലും 200 ടവറുകൾ കുടകിലും 153 എണ്ണം മാണ്ഡ്യയിലും ആണ്. ഈ പ്രദേശങ്ങളിലെ നെറ്റ്വർക്ക് കവറേജ് ഇതോടെ ഏറെ മെച്ചപ്പെടും. ഒരൊറ്റ മൊബൈൽ കമ്പനികൾക്കും നെറ്റ്വർക്ക് ഇല്ലാത്ത 79 ഗ്രാമങ്ങളും ഇപ്പോൾ ബിഎസ്എൻഎൽ 4ജി എത്തുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഡിജിറ്റൽ സേവനങ്ങളുടെ ലോകത്തേക്ക് ഗ്രാമങ്ങളെയും കൈപിടിച്ച് ഉയർത്താനും ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. കുടകിലെ 55 സൈറ്റുകളിൽ 32 എണ്ണത്തിൽ ടവർ സ്ഥാപിക്കൽ പൂർത്തിയായി. മൈസൂരുവിലെയും ചാമരാജനഗറിലെയും 22 സൈറ്റുകളിൽ 14 എണ്ണത്തിൽ ടവറുകൾ സ്ഥാപിച്ചു. മാണ്ഡ്യയിൽ രണ്ട് സൈറ്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.


Click it and Unblock the Notifications








