ശബ്ദവിന്യാസത്തിന്റെ ഓറോ 3ഡി സാധ്യതയുമായി കമല്‍ ഹാസ്സന്റെ വിശ്വരൂപം

Posted By: Staff

ശബ്ദവിന്യാസത്തിന്റെ ഓറോ 3ഡി സാധ്യതയുമായി കമല്‍ ഹാസ്സന്റെ വിശ്വരൂപം

ഉലകനായകന്‍ എന്നും സകലകലാവല്ലഭന്‍ എന്നും വിളിയ്ക്കാന്‍ അന്നും ഇന്നും ഇന്ത്യന്‍ സിനിമയില്‍ ഒരാളേയുള്ളു. സാക്ഷാല്‍ കമല്‍ ഹാസ്സന്‍ തന്നെ. കുള്ളനായും, കിഴവനായും, ഷണ്‍മുഖിയായും, ദശാവതാരമായും ലോകത്തെ അത്ഭുതപ്പെടുത്തിയ ഇദ്ദേഹം കേവലം ഒരു നടന്‍ എന്നതിലുപരി സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കമല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഏറ്റവും പുതിയ കമല്‍ ചിത്രമാണ് വിശ്വരൂപം. ഇദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രം ഇതിനോടകം സാങ്കേതികമികവിന്റെ പേരില്‍ പ്രശസ്തമായിക്കഴിഞ്ഞു.  ഓറോ 3ഡി ശബ്ദം എന്ന അതിനൂതന ശബ്ദസാങ്കേതികവിദ്യയുടെ പ്രയോഗമാണ് ചിത്രത്തെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.  കമല്‍ ഹാസ്സന്റെ തന്നെ വാക്കുകളില്‍, "ഇതിന് മുന്‍പ് ജോര്‍ജ് ലൂക്കാസിന്റെ റെഡ് ടെയില്‍സ് എന്ന ചിത്രത്തില്‍ മാത്രമാണ് ലോകത്ത് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ളത്. നമ്മള്‍ ലൂക്കാസിന് തൊട്ടുപിന്‍പേയെത്തി എന്നതില്‍ ഞാന്‍ ഏറെ സന്തോഷിയ്ക്കുന്നു."

ശബ്ദവിന്യാസത്തിന്റെ ഓറോ 3ഡി സാധ്യതയുമായി കമല്‍ ഹാസ്സന്റെ വിശ്വരൂപം

9.1 മുതല്‍ 13.1 വരെയുള്ള ശബ്ദഫോര്‍മാറ്റുകളുടെ ക്രമപ്പെടുത്തിയ ഉപയോഗത്തിലൂടെ കൈവരിയ്ക്കപ്പെടുന്ന ത്രിമാനശബ്ദസുഖമാണ് ഓറോ 3ഡി സംവിധാനത്തില്‍ ഉള്ളത്. 5.1 ചാനല്‍ ശബ്ദവും, 9.1 ചാനല്‍ ശബ്ദവും തമ്മില്‍ വളരെ പ്രകടമായ വ്യത്യാസമുണ്ട്. മോണോയില്‍ നിന്ന് സ്റ്റീരിയോയിലേയ്ക്കും, പിന്നീട് ഡോള്‍ബിയിലെയ്ക്കും വളര്‍ന്ന ശബ്ദസാങ്കേതികവിദ്യയുടെ പുതിയമുഖമാണ് ഓറോ 3ഡി.

അതിസങ്കീര്‍ണമായ ഓറോ 3ഡി സംവിധാനത്തില്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കണമെങ്കില്‍ തിയേറ്ററുകളിലെ ശബ്ദസൗകര്യവും അതിനനുസൃതമായി ഓറോ 3ഡിയിലേയ്ക്ക് മാറ്റേണ്ടതുണ്ട്. വിശ്വരൂപം ഓറോ 3ഡിയിലാക്കാന്‍ ഈ രംഗത്തെ പ്രഗത്ഭനായ വില്‍ഫ്രെഡ് വാന്‍ ബെയ്‌ലന്‍ ചെന്നൈയില്‍ എത്തിയിരുന്നു. ഇതിനോടകം ചെന്നൈയിലെ ഇരുപതോളം തിയേറ്ററുകള്‍ ഈ സാങ്കേതികവിദ്യയിലേയ്ക്ക് മാറാന്‍ തീരുമാനിച്ചിട്ടുണ്ട്. മുംബൈയിലെ 20-25 തിയേറ്ററില്‍ കൂടി ഈ സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളിലാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ കമല്‍.

ശബ്ദത്തിന് വളരെയധികം പ്രധാന്യമുള്ള നിരവധി രംഗങ്ങള്‍ തന്റെ ചിത്രത്തില്‍ ഉണ്ടെന്നും, നാളത്തെ സിനിമാ അനുഭവത്തിലേയ്ക്കുള്ള ചുവടുവയ്പാണ് തന്റെ ഈ ശ്രമമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. 58-ാമത് പിറന്നാള്‍ ദിനത്തിലാണ് വിശ്വരൂപത്തിന്റെ ആദ്യ ഓറോ 3ഡി ട്രെയിലര്‍ കമല്‍ പുറത്തിറക്കിയത്.

 

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot