ഫോണില്‍ മോസില്ല ഓപറേറ്റിംഗ് സിസ്റ്റം

Posted By: Staff

ഫോണില്‍ മോസില്ല ഓപറേറ്റിംഗ് സിസ്റ്റം

ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഉടമയായ മോസില്ല ബൂട്ട് റ്റു ജിക്കോ (ബി2ജി) ഓപണ്‍ സോഴ്‌സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ഈ വര്‍ഷാവസാനത്തോടെ ഇറക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ബ്രസീലിയന്‍ വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കൂടുതല്‍ ഫോണുകള്‍ 2013ന്റെ ആരംഭത്തോടെ എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബ്രസീലാകും ഈ ഫോണിനെ ആദ്യമായി അവതരിപ്പിക്കുന്ന രാജ്യം. കാരണം ബ്രസീലിലെ മൊബൈല്‍ സേവന ദാതാവായ ടെലിഫോണിക്ക കമ്പനിയുമായി ചേര്‍ന്നാണ് മോസില്ല ഈ ഫോണിനെ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതത്രെ. എന്നാല്‍ ഫോണിന്റെ നിര്‍മ്മാണം, വിതരണം എന്നിവയ്ക്ക് ഏതെല്ലാം കമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമല്ല.

എച്ച്ടിഎംഎല്‍5 പ്രോഗ്രാമില്‍ അധിഷ്ഠിതമായ വെബ് ആപ്ലിക്കേഷനുകളാകും ഫോണില്‍ പ്രവര്‍ത്തിക്കുക. മറ്റൊരു ഓപണ്‍ ഒഎസ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളാണ് മോസില്ല ഫോണിന്റെ പ്രധാന എതിരാളി. അതിനാല്‍ ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളുടെ വിലയോട്  സാമ്യമുള്ള വിലയാകും ഈ ഫോണുകള്‍ക്കും കൊണ്ടുവരികയെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

ടാബ്‌ലറ്റ്, സ്മാര്‍ട്‌ഫോണുകളിലെ സോഫ്റ്റ്‌വെയര്‍ യുദ്ധമാണ് ഇനി മുറുകാന്‍ പോകുന്നത്. ആന്‍ഡ്രോയിഡിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്, ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐഒഎസ് 5, ടാബ്‌ലറ്റുകള്‍ക്കായി മൈക്രോസോഫ്റ്റ് കൊണ്ടുവരുന്ന വിന്‍ഡോസ് 8 ആര്‍ടി,  ഫോണുകള്‍ക്കായുള്ള വിന്‍ഡ്‌സോ ഫോണ്‍ 7.5 റിഫ്രഷ്, ബ്ലാക്ക്‌ബെറി അവതരിപ്പിക്കാനൊരുങ്ങുന്ന ബ്ലാക്ക്‌ബെറി 10.0 ഒഎസ് തുടങ്ങി മൊബൈല്‍ കമ്പ്യൂട്ടിംഗ്  പ്ലാറ്റ്‌ഫോമുകള്‍ നിരവധിയുണ്ട്. ഇതിലെ നവാഗതനാകുകയാണ് മോസില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot