ആരാണീ എജെന്റ് ജാദൂ ?

By Super
|
ആരാണീ എജെന്റ് ജാദൂ ?

ജാദൂ എന്ന പദത്തിന് മാന്ത്രികം എന്നാണ് അര്‍ഥം. ഷാരൂഖ് ഖാന്‍ ചിത്രത്തിലെ ' ജാദൂ തേരീ നാസര്‍' എന്ന ഗാനത്തിലൂടെയാവാം ഏറിയപങ്കു മലയാളികള്‍ക്കും ഈ വാക്ക് പരിചിതമായത്. പിന്നീട് 'കോയി മില്‍ ഗയാ' എന്ന ചിത്രം ജാദുവിനൊരു രൂപം കൂടി നല്‍കി. ഇപ്പോള്‍ ഇതാ മലയാളത്തിലൊരു ജാദൂ വന്നിരിക്കുന്നു, എജെന്റ് ജാദൂ.സിനിമയിലേക്ക് തന്നെയാണ് വരവ്. പക്ഷെ രംഗപ്രവേശം ഒരു സീക്രട്ട് എജെന്റായിട്ടാണ് എന്ന് മാത്രം. ഈയടുത്തിടെ 'ബാച്ചിലര്‍ പാര്‍ട്ടി' എന്ന സിനിമ ഇന്റെര്‍നെറ്റിലിട്ടതിന് 1000 ലധികം പേരെ കുടുക്കിയ ഒരു മിടുക്കന്‍ സോഫ്റ്റ്വെയറാണ്‌ കക്ഷി.

കൊച്ചിയിലെ ജാദൂ ടെക് സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്ത 'എജെന്റ് ജാദു'വിന്റെ സിനിമയിലേക്കുള്ള കടന്നു വരവ് ലാല്‍ ജോസ് ചിത്രമായ ഡയമണ്ട് നെക്ലെസിന്റെ കാവലാളായായിരുന്നു. തുടക്കത്തില്‍ തന്നെ 'തട്ടത്തിന്‍ മറയത്ത്', 'ഇവന്‍ മേഘരൂപന്‍', 'ചട്ടക്കാരി', 'സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളുടെയും പാട്ടുകളുടെയും സംരക്ഷണചുമതല കൂടി ഏറ്റെടുത്തിരുന്നു ഈ സോഫ്റ്റ്വെയര്‍. സിനിമാ മന്ത്രി ഗണേഷ് കുമാറിന്റെ വീട്ടില്‍ വച്ച് പരീക്ഷണം നടത്തി നോക്കിയപ്പോള്‍ തന്നെ, അഫ്ഗാനിസ്താന്റെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിയിലിരുന്ന് 'ഓര്‍ഡിനറി' സിനിമ ആരോ ഡൌണ്‍ലോഡ് ചെയ്യുന്നതായി വിവരം നല്‍കി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു കക്ഷി. ഏറ്റവും പുതിയതായെത്തിയ വാര്‍ത്ത സൈബര്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇത്രയധികം പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത 'ബാച്ചിലര്‍ പാര്‍ട്ടി' സംഭവമായിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയുടെ ഡിവിഡി പുറത്തിറക്കിയ മൂവി ചാനല്‍ കമ്പനിയാണ് സ്വകാര്യസംരംഭമായ ജാദു സോഫ്റ്റ് വെയറിനെ ഉപയോഗിച്ച് ഡൗണ്‍ലോഡേഴ്‌സിന് പണി കൊടുത്തത്.ജാദുവിന്റെ ജാദൂ എങ്ങനെ?

 

തനി ഡിറ്റക്ടീവായി തന്നെയാണ് എജെന്റ് ജാദുവിന്റെ സൈബര്‍ ലോകത്തെ പണി. സോഫ്റ്റ്വെയറിന്റെ സഹായം ആവശ്യപ്പെട്ട സിനിമയുടെ ഫില്‍ട്ടറുകള്‍ ജാദൂ സൂക്ഷിക്കും. ഒരു സിനിമയെ മൂന്നായി പകുത്ത് മുപ്പത് സെക്കന്റുകള്‍ വീതമുള്ള ദൃശ്യ കഷണങ്ങളാക്കിയതാണ് ഈ ഫില്‍ട്ടറുകള്‍. ഓരോ മൂന്നു സെക്കന്റിലും ജാദൂ ഇന്റര്‍നെറ്റ്‌ കടലില്‍ പരതി നോക്കും, ആരെങ്കിലും എവിടെങ്കിലുമിരുന്ന് ആ സിനിമ അപ് ലോഡ് ചെയ്യുന്നുണ്ടോയെന്ന്. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ചൈന എന്നിവിടങ്ങളിലുള്ള സര്‍വറുകള്‍ ഉപയോഗിച്ചാണ് എജെന്റ് ജാദുവിന്റെ മന്ത്രവാദം. ഈ സോഫ്റ്റ് വെയറുപയോഗിച്ച് അപ് ലോഡ് ചെയ്തയാളെ അഞ്ചു മിനിട്ടിനുള്ളില്‍ കണ്ടെത്താനാകുമെന്നാണ് സൃഷ്ടാക്കള്‍ പറയുന്നത്. ഇനി ആളെ കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക ടീം തന്നെയുണ്ട്‌. പൈറസിയെ പൂര്‍ണമായും തുടച്ചുമാറ്റുക എന്നതാണ് ജാദു ടീമിന്റെ ലക്‌ഷ്യം.

ആരാണീ എജെന്റ് ജാദൂ ?

സൂഫി പറഞ്ഞ കഥ', 'ഇവന്‍ മേഘരൂപന്‍' തുടങ്ങിയവയിലൂടെ ശ്രദ്ധേയനും, ഒരു എന്‍ജിനീയറും കൂടെയായ പ്രകാശ് ബാരെയാണ് ജാദു ടെക് സൊല്യൂഷന്‍സിന്റെ മേധാവികളിലൊരാള്‍. ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് എജെന്റ് ജാദുവിനെ ഉറ്റുനോക്കുന്നത്. ഓണ്‍ലൈന്‍ പൈറസിയുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ഏകദേശം 7200 കോടി രൂപയോളമാണ് പ്രതിവര്‍ഷം ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഇത് മൂലമുണ്ടാകുന്ന നഷ്ടം. സംഗീതത്തിന്റെ കാര്യത്തിലും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. ഇതിനൊക്കെ ഒരു പ്രതിവിധിയായാണ് ജാദുവിനെ സിനിമാ ലോകം നോക്കിക്കാണുന്നത്. ഏതായാലും കുറച്ചു നാളുകള്‍ കൊണ്ട് തന്നെ ഇത്രയധികം കോളിളക്കമുണ്ടാക്കിയ ഈ സോഫ്റ്റ്വെയര്‍ ചില്ലറക്കാരനല്ല. വ്യാജ ഐ പി വിലാസമുപയോഗിച്ച് പടം അപ് ലോഡ് ചെയ്യുന്നവരെയും, പുതിയ പാട്ടുകള്‍ നെറ്റില്‍ കേറ്റി രസിക്കുന്നവരെയുമൊക്കെ ഇവന്‍ പിടിക്കും.

 

ഇനിയെന്നാണോ ജാദുവിനെ പിടിക്കാന്‍ കുപ്പിയും കൊണ്ടൊരു കുട്ടൂസന്‍ വരുന്നത്. കണ്ടറിയാം.. ഏതായാലും തല്‍ക്കാലം പടം നെറ്റിലിട്ട് പണം വാരാന്‍ പോകുന്നതിനു മുന്‍പ് എല്ലാവരും ഒന്നോര്‍ക്കുന്നത് നല്ലതാ.. പണി പാമ്പായും ജാദുവായും വരും മോനെ..

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X